ആദിമമനുഷ്യന്റെ വസ്ത്രമായ മരവുരിയും, ആദ്യ തൊഴിലായ നായാട്ടിനു ഉപയോഗിച്ചിരുന്ന കല്‍മഴുവും അമ്പും വില്ലും കുന്തവുമൊക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വാളും പരിചയും ചാട്ടവാറും ഇരുതലവാളുമൊക്കെ ഏതൊരു കൊട്ടാരത്തിലുമെന്നതുപോലെ ഇവിടെയുമുണ്ട്. കേട്ടുപരിചയം മാത്രമുണ്ടായിരുന്ന ഊരാക്കുടുക്ക് ഇവിടെ കാണുവാനായി.
എഴുത്തുപലക
Tuesday, December 21, 2010
അരുവിക്കര ഡാമും കോയിക്കല്‍ കൊട്ടാരവും
ആദിമമനുഷ്യന്റെ വസ്ത്രമായ മരവുരിയും, ആദ്യ തൊഴിലായ നായാട്ടിനു ഉപയോഗിച്ചിരുന്ന കല്‍മഴുവും അമ്പും വില്ലും കുന്തവുമൊക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വാളും പരിചയും ചാട്ടവാറും ഇരുതലവാളുമൊക്കെ ഏതൊരു കൊട്ടാരത്തിലുമെന്നതുപോലെ ഇവിടെയുമുണ്ട്. കേട്ടുപരിചയം മാത്രമുണ്ടായിരുന്ന ഊരാക്കുടുക്ക് ഇവിടെ കാണുവാനായി.
Friday, December 17, 2010
ക്രിക്കറ്റും ഞാനും
ക്രിക്കറ്റ് കളി ഒരു ആവേശമാണ്. ചിലര്‍ക്കതൊരു ലഹരിയാണ്.. മറ്റുചിലര്‍ക്ക് ഒരുതരം ഭ്രാന്തും. വളരെകുറച്ചുപേര്‍ക്ക്മാത്രം പ്രൊഫഷനും. കൊയ്ത്തുകഴിഞ്ഞ പാടത്ത്, പുല്ലുചെത്തി പിച്ചുണ്ടാക്കി കളിക്കുന്ന പീക്കിരികളും, റ
I.P.L ലേല വാര്‍ത്ത പത്രത്തില്‍ വായിക്കുമ്പോഴാണ് ഒരു ക്രിക്കറ്റര്‍ ആകാഞ്ഞതിന്റെ വിഷമം തികട്ടിവരുന്നത്. ചെറുപ്പത്തില്‍ എന്റെ നിലവാരത്തിനൊത്ത കുട്ടികള്‍ സമീപപ്രദേശത്തെങ്ങും ഇല്ലാതിരുന്നതു കാരണം പിതാജി ക്രിക്കറ്റ് കളിക്കാന്‍ വിടുമായിരുന്നില്ല. പിന്നെ ഒരവസരം കിട്ടിയത് കോളജില്‍ ചേര്‍ന്ന് ഹോസ്റ്റലില്‍ താമസിക്കുന്ന കാലത്താണ്. പക്ഷെ അവിടെ state team player കൂടിയായിരുന്ന റൂം മേറ്റ് എന്റെ ക്രിക്കറ്റ്മോഹങ്ങളുടെ ചിറകരിഞ്ഞു. മിന്നല്‍ വേഗത്തില്‍ കൃത്യതയാര്‍ന്ന പന്തുകളെറിയുന്ന അവന്റെ ആദ്യപന്തില്‍ തന്നെ ഔട്ടകുന്നത് ഞാന്‍ പതിവാക്കി. അഞ്ചാറ് ബോളെങ്കിലും ഫേസ് ചെയ്താലല്ലേ കളി പഠിക്കാന്‍ പറ്റൂ...
ജോലികിട്ടയതിനുശേഷം ടെക്നോപാര്‍ക്ക് ടൂര്‍ണ്ണമെന്റിന്റെ രൂപത്തില്‍ വീണ്ടും അവസരമെത്തി. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത അവസരത്തില്‍ ഇടതുവലതുമുന്നണികള് ഭരണം പിടിക്കാന്‍ ബിജെപിയെ കൂട്ടുപിടിക്കുന്നതുപോലെ, ചെറിയ കമ്പനി ആയതിനാല്‍ ആള്‍ക്കാരുടെ ദൌര്‍ലഭ്യംമൂലം എന്നെയും റ്റീമിലുള്‍പ്പെടുത്തി.. റ്റീമിന്റെ ജഴ്സിയും കിട്ടി, അടുത്തദിവസം മുതല്‍ രാവിലെ പ്രാക്ടീസും തുടങ്ങി. കേരളാ യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസ്സിലെ ഗ്രൌണ്ടായിരുന്നു പ്രാക്റ്റീസിനായി കണ്ടുപിടിച്ചത്. Bat, stumps ഇത്യാദിസാധനങ്ങള് ചുമന്നുകൊണ്ടുപോവുക, ഔട്ട് പെറുക്കുക, ആദ്യപന്തില്‍ത്തന്നെ ഔട്ടാവുക തുടങ്ങിയ കര്‍മ്മങ്ങള്‍ ഭംഗിയായി ചെയ്യുന്നുണ്ടെങ്കിലും എന്നെക്കൊണ്ട് പന്തെറിയിക്കാന്‍ എല്ലാര്ക്കും ഭയമായിരുന്നു. ഗ്രൌണ്ടിനു തെക്കുഭാഗത്ത് കുറച്ചകലെയായുള്ള ഒരു കുളമായിരുന്നു ഭീതിയുടെ കാരണം. ഞാന്‍ ബോള്‍ ചെയ്താല്‍ ബാറ്റ് ചെയ്യുന്നതാരായാലും സിക്സറിനു പറത്തി ആ കുളത്തിലോ സമീപത്തോ പന്തെത്തിക്കും, പിന്നെ അതെടുക്കാന്‍ പോകാന്‍ എല്ലാര്ക്കും പേടിയാണ്.
ഹൈമാവതികുളം എന്നറിയപ്പെട്ടിരുന്ന കുളത്തെപ്പറ്റി ജൂലിയസ് ആണ് പറഞ്ഞുതന്നത്. ഹൈമാവതി എന്നു പേരുള്ള ഒരു പെണ്‍കുട്ടിയെ പണ്ടാരോ റേപ്പ് ചെയ്തുകൊന്നു കുളത്തില്‍ തള്ളിയത്രേ..
അങ്ങനെയല്ലാ, പ്രണയനൈരാശ്യം മൂലം പെണ്‍കുട്ടി കൂളത്തിലേക്കു ചാഞ്ഞുനിക്കുന്ന മരക്കൊമ്പില്‍ തൂങ്ങിമരിച്ചതാണെന്നും ചിലര്‍ പറയുന്നു. രാത്രികാലങ്ങളില്‍ അതുവഴിപോകുന്നവര് മൂന്നാള് പൊക്കംവരുന്ന രൂപം കണ്ട് പേടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇതിലൊന്നും തരിമ്പും വാസ്തവമില്ലെന്നും, സ്ഥലവിലയിടിക്കാന്‍ വന്‍കിട ഫ്ളാറ്റ് നിറ്മ്മാണക്കമ്പനിക്കാര്‍ പ്രചരിപ്പിക്കുന്നതാണെന്നും ഞാന്‍ എന്നെത്തന്നെ വിശ്വസിപ്പിച്ചു.
കോഡ് എഴുതി ബുദ്ധി ഉളുക്കുന്നതല്ലാതെ, മെയ്യനങ്ങി പണിചെയ്തു ശീലമില്ലാത്തതിനാല്‍ അന്നു ഭയങ്കര ക്ഷീണമായിരുന്നു. വൈകിട്ടു ഓഫീസിന്ന് വന്നതറിയാതെ കിടന്നു, കിടന്നതറിയാതെ ഉറങ്ങിപ്പോയി. പാതിരാകഴിഞ്ഞെപ്പൊഴോ ഉണര്‍ന്നു അടുത്ത ഉറക്കത്തിനു തയ്യാറെടുത്തുകിടന്നപ്പോള് ദൂരെ നിന്നും ഒരു ശബ്ദം..
“
ഒരുമുറൈ വന്തുപാര്ത്തായാല് പാടിനൃത്തം ചെയ്യുന്ന നാഗവല്ലിയുടെ ചിലങ്കയുടെ ശബ്ദംതാനല്ലയോയിത് എന്നൊരാശങ്ക.. ദൈവമേ, ഹൈമാവതി ഒരു നര്‍ത്തകിയായിരുന്നെന്നു ആരും പറഞ്ഞുകേട്ടതല്ലല്ലോ!!.. ശബ്ദം അടുത്തുവരുന്നതനുസരിച്ച് നെഞ്ച് പടപടാന്ന് ഡോള്‍ബിയടിക്കാന് തുടങ്ങി. കണ്ണിറുക്കിയടച്ച്, തല പുതപ്പിട്ടുമൂടി തലയിണക്കടിയില്‍ വച്ചു.. നോ രക്ഷ.. എത്രയും ദയയുള്ള മാതാവേ നിന്റെ സങ്കേതം തേടിവരുന്നവരെ കൈവിടില്ലല്ലോ തായേ എന്നു പ്രാര്‍ഥിച്ചു കിടന്നു. ചിലങ്കയുടെ ശബ്ദം അടുത്തുവരുന്തോറും ഭീകരമായി.. ഇതിനുംവേണ്ടി ഭീമാകാരമായ ചിലങ്കായാണോ അവള് അണിഞ്ഞിരിക്കുന്നതു?!!
ആരോ സംസാരിക്കുന്നതുപോലെ തോന്നി. ശ്രദ്ധിച്ചു കേട്ടപ്പോള്‍, ഏതോ ഉത്സവം കഴിഞ്ഞുവരുന്നവഴി, കിട്ടിയകാശിനു കള്ള്മോന്തിക്കുടിച്ച് പൂസായ പാപ്പാന് ആനയോട് ഉത്സവവിശേഷം പങ്കുവയ്ക്കുന്നു. തൊട്ടടുത്തുള്ള നാഷനല്‍ ഹൈവേയിലൂടെ ആനയെ നടത്തിക്കൊണ്ടു പോവുകയായിരുന്നു. ഇടയ്ക്കിടെ “ഇടത്തിയാനേ.. വലത്തിയാനേ” എന്നൊക്കെ കേള്‍ക്കുന്നു.. ബാക്ഗ്രൌണ്ടില് പഴയ ചിലങ്ക ശബ്ദവും..
അന്നു കളി നിര്‍ത്തിയതാ.. പിന്നിടിതേവരെ.. ങാഹാ..
Saturday, October 9, 2010
കഫേ കോഫീ ഡേ

അങ്ങനെ ജാവ പഠിക്കണമെന്ന മോഹവുമായി ചെന്നുകയറിയത് തലസ്ഥാനത്തെ പേരുകേട്ട ഒരു ഇന്സ്റ്റിറ്റ്യുട്ടില്.. അവശ്യം അറിയിച്ചപ്പോള്‍ ഫീസ് വെക്കാന്‍ പറഞ്ഞു. ലോണ്‍ അനുവദിച്ചുതന്ന സ്റ്റേറ്റ് ബാങ്ക് മാനേജരെ മനസ്സില്‍ ധ്യാനിച്ചു ചെക്ക് എടുത്തുവീശിയതും അഡ്മിഷന് റെഡി... പിന്നീടങ്ങോട്ട് കംപ്യൂട്ടര്‍ ലാബില്‍ ചീട്ടുകളിയും തിയറിക്ളാസ്സില് ഉറക്കംതൂങ്ങലുമായി രണ്ടുമാസം.. ഒടുവില്‍ കോഴ്സ് തീരാന്‍ ഒരു മാസം ബാക്കിയുള്ളപ്പോഴ് ദക്ഷിണയായി പ്രോജക്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അഞ്ച്പേര്‍ വീതമുള്ള പല ഗ്രൂപ്പായി തിരിച്ച്, പ്രോജക്റ്റിനുവേണ്ട നിര്‍ദ്ദേശങ്ങളും നല്കി ഗുരുനാഥന് മുങ്ങി.
എന്റെ ഭാഗ്യമെന്നെ പറയേണ്ടു, ക്ലാസ്സിലെ രോമാഞ്ചകഞ്ചുകം എന്റെ ഗ്രൂപ്പില്‍ തന്നെ. രോമാഞ്ചത്തെ സ്വന്തം ഗ്രൂപ്പിലാക്കാന്‍ പല ചരടുവലികളും നടന്നെങ്കിലും മുങ്ങിയ ഗുരുനാഥന് പിന്നെ പൊങ്ങാതിരുന്നതുകൊണ്ട് അതൊന്നും ഫലവത്തായില്ല. എന്തു പ്രോജക്റ്റ് ചെയ്യും എങ്ങനെ ചെയ്യും എന്നൊക്കെ ഞങ്ങളഞ്ചുപേര്‍ വട്ടംകൂടിയിരുന്നാലോചിച്ചു. രോമാഞ്ചത്തെ ഇമ്പ്രസ്സ് ചെയ്യുന്നതിനുവേണ്ടി ഞാന്‍ തലപുകഞ്ഞും തലകുത്തിനിന്നും തലപുണ്ണാക്കിയും ആലോചിച്ചു. കുറേ പൊട്ടിച്ചിരികളുയര്ന്നതല്ലാതെ വൈകുന്നേരമായിട്ടും ഒരു തീരുമാനമായില്ല.
“ലെറ്റ്സ് ഗോ റ്റു കഫേ കോഫി ഡെ. അവിടെ നല്ല ambience കിട്ടും. കാര്യങ്ങള്‍ ഡിസ്കസ്സ് ചെയ്യാന്‍ പറ്റിയ സ്ഥലം..” രോമാഞ്ചം മൊഴിഞ്ഞു.
മൊഴിഞ്ഞതു രോമാഞ്ചമായതുകൊണ്ടും കാപ്പികുടിക്കാന്‍ മുട്ടിയതുകൊണ്ടും ആരും എതിരഭിപ്രായമൊന്നും പറഞ്ഞില്ല. തൊട്ടടുത്ത കഫേ കോഫീ ഡേയിലേക്ക് വട്ടമേശസമ്മേളനം പറിച്ചുനട്ടു. കുറേ നേരം അവിടെയുമിരുന്നു. ജ്യോതീം വന്നില്ല മണ്ണാങ്കട്ടേം വന്നില്ല എന്നു പറയുന്ന കിലുക്കത്തിലെ രേവതീടേതു പോലെയായി പലരുടെയും മുഖഭാവങ്ങള്‍... കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വന്നു, വെയിറ്റര്‍.. ഓര്‍ഡറെടുക്കാന്‍..
“എനിക്കൊരു കപ്പുച്ചീനോ..”
“വണ്‍ ഐസ്ഡ് റ്റീ ആന്‍ഡ് എ ചിക്കന്‍ സാന്ഡ്വിച്ച്..”
“ഇവിടൊരു കഫേ മോക്ക... ആ പിന്നെ ഒരു ബ്രൌണി.. ”
“ഒരു കപ്പുച്ചീനോ കൂടി...”
നാലുപേരും ഓര്‍ഡര്‍ ചെയ്തു. ഞാനും ഒട്ടും അമാന്തിച്ചില്ല..
“എനിക്ക് ambience മതി..”
വെയിറ്ററുടേതുള്പ്പെടെ പത്ത് കണ്ണുകള്‍ പുറത്തേക്കു തെറിച്ചുവന്നുനിന്നു, ചോദ്യചിഹ്നം കണക്കെ. ഞാന്‍ ഒന്നുകൂടെ വ്യക്തമാക്കി പറഞ്ഞു.
“ഇവിടെ നല്ല ambience കിട്ടുമെന്നു പറഞ്ഞല്ലെ ഇവിടെ കൊണ്ടുവന്നത്.. അതു തന്നെ പോരട്ടെ... ”
"An idea can change your life.."
Sunday, September 19, 2010
എന്റെ സമരാന്വേഷണ പരീക്ഷണങ്ങള്‍

പ്രീ ഡിഗ്രിക്കു പഠിക്കുന്ന കാലം.. പഠിക്കുന്നതാകട്ടെ രാഷ്ട്രപിതാവിന്റെ നാമത്തിലുള്ള സര്‍വ്വകലാശാലയുടെ കീഴിലുള്ള, ദേവമാതാവിന്റെ പേരിലുള്ള കോളജില്‍… സര്‍വ്വകലയും പഠിക്കാന്‍ പറ്റിയ ആലയം.. സമരങ്ങളുടെ വിളനിലം.. മാണി സാറും പി. ജെ. സാറും ക്യാമ്പസ് റിക്രൂട്ടുമെന്റ് നടത്തുന്ന ഫിനിഷിങ് സ്കൂള്‍ ആണെങ്കിലും, ഏതു പാര്‍ട്ടിയുടെ സമരപ്രഖ്യാപനം വന്നാലും ഒന്നുപോലും മിസ്സാവാത്തതരത്തില് എല്ലാ പാര്‍ട്ടിക്കാര്‍ക്കും കാന്റീനില്‍ ഒരു ബെഞ്ചെങ്കിലും സ്വന്തമായുള്ള മാതൃകാകലാലയം… സമരകാഹളം ഒരു നേരിയ ഇരമ്പലായി തുടങ്ങി, ഒരു പ്രകമ്പനമായി തിരുമുറ്റത്തെത്തുമ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ക്കുമുന്പേതന്നെ അദ്ധ്യാപകര്‍ വാഹനം സ്റ്റാര്‍ട്ടാക്കിയിട്ടുണ്ടാകും.. ചിലര്‍ വീട്ടിലേക്കും ചിലര്‍ അടുത്തുള്ള ബാറിലേക്കും.. അങ്ങനെയിരിക്കേ ഒരു ദിവസം സ്വകാര്യബസ്സ് ജീവനക്കാരുടെ കടന്നാക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഒരു സംയുക്തസമരം നടന്നു..
"വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്.. " എന്നുറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് തുടങ്ങി..
കൊടിയുടെ നിറം നോക്കാതെ എല്ലാവിദ്യാര്ത്ഥികളും പഠിപ്പിമുടക്കില്‍ പങ്കുചേര്‍ന്നുകൊണ്ടു തങ്ങളുടെ ചുമതല നിറവേറ്റി. സ്വന്തമായി വികസിപ്പിച്ചെടുത്ത മുദ്രാവാക്യങ്ങള്‍ മുഷ്ടിക്കൊപ്പം ആകാശവിതാനത്തെറിഞ്ഞുകൊണ്ട് ഒരു കൂട്ടുകാരന് ഷൈന്‍ ചെയ്യുകയാണ്...
“ അകലെ അംബരവീഥികളില്‍... രാജസ്ഥാന് മരുഭൂമികളില്‍...
ആറ്റം ബോംബുകള്‍ പൊട്ടുമ്പോള്‍..., ഇവിടെ മുഴങ്ങും ശബ്ദമിതാ...
വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്... ”
ഇടിനാദം മുഴക്കിയും കടല്‍ രണ്ടായി പിളര്‍ത്തിയും അവന് മുന്നേറുന്നതുകണ്ട് മറ്റൊരു സുഹൃത്ത് സുബിന് രാജിനു പിടിച്ചില്ല.. അവന് ഓടിനടന്നു ആളെക്കൂട്ടി ആവേശഭരിതനായി ആര്‍ത്തുവിളിച്ചു..
“ ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍...
ഒന്നിന് പത്ത്, പത്തിനു നൂറ്...
തിരിച്ചടിക്കും കട്ടായം.. ”
കൂടെയുണ്ടായിരുന്നവര്‍ അതിലേറെ ഉച്ചത്തില്‍ ഏറ്റുപറഞ്ഞുവെന്നു മാത്രമല്ല, പുതിയ കക്ഷിയുടെ ചുറ്റും ആളുകൂടുകയും ചെയ്തു.. ഇനിയും ഒരുപാട് അസ്ത്രങ്ങള്‍ തന്റെ ആവനാഴിയിലുണ്ടെന്നമട്ടില് ഓര്‍മ്മയിലെവിടുന്നോ തപ്പിയെടുത്ത ചില വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് വീണ്ടും ആഞ്ഞുവിളിച്ചു..
“ ഞങ്ങളെല്ലാം ഒന്നാണേ..
ഞങ്ങളില്ലാ രാഷ്ട്രീയം..
ഞങ്ങളിലില്ലാ വര്‍ണ്ണവിവേചനം..
ഞങ്ങളില്ലാ മതേതരത്വം.. ”
അവസാനം പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കുവാനന്‍ വൈകിയ ചിലര്‍ അതും ഏറ്റുപറഞ്ഞെങ്കിലും ഭൂരിഭാഗം പേരും മൂക്കത്തുവിരല്‍ വെച്ചുനിക്കുന്നതുകണ്ട് തങ്ങള്‍ക്കു പറ്റിയ അബദ്ധം മനസ്സിലാക്കി നിന്നു… ഇളിഭ്യതയുടെ പാരമത്തില്‍നിന്ന കുട്ടിനേതാവിനെ പൊക്കിയെടുത്ത് മലയാളം ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്നില്‍ കൊണ്ടുപോയി വര്‍ഗ്ഗിയത എന്നവാക്ക് പഠിപ്പിക്കുകയും, ഇനിയൊരിക്കലും മുദ്രാവാക്യം വിളിക്കില്ലാ എന്നു പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തിട്ടാണ് വിട്ടതെന്നാണു പിന്നീട് അറിഞ്ഞത്.. അങ്ങനെ ഓര്‍ത്തുചിരിക്കാന്‍ ലഭിച്ച ആദ്യത്തെ സമരമായി അത്..
*** *** ***
പിന്നെ രസകരമായ ഒരു സമരം നടക്കുന്നതു എന്‍ജിനിയറിങ് പഠനകാലത്താണ്. വിപ്ലവനായകനും ധീരദേശാഭിമാനിയുമായിരുന്ന സദ്ദാം ഹുസൈനെ തൂക്കിലേറ്റാന്‍ അമേരിക്കന്‍ പോലിസ് തീരുമാനിച്ച് നടപ്പില്‍ വരുത്തിയതു അന്തകാലത്താണ്… സഖാവിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാമ്രാജ്യത്ത്വശക്തികള്‍ക്കെതിരേ പ്രകടനം നടത്താന്‍ രാഷ്ട്രീയ നേതൃത്വം തീരുമാനമെടുത്താല്‍ നാളെയുടെ വിപ്ലവനായകര്‍ക്കു അടങ്ങിയിരിക്കനാവില്ലല്ലോ.. അങ്ങനെ എന്റെ കോളജിലും നടന്നു, ഗംഭീരമായ പ്രതിഷേധപ്രകടനവും കോലംകത്തിക്കലും.. ദുഖാര്‍ത്തരായ വിദ്യാര്‍ത്ഥികളൊക്കെ പങ്കുചേര്‍ന്ന സമരത്തില്‍, എന്റെ പ്രിയസുഹൃത്തുക്കള് മുന്നില്‍നിന്നു നയിക്കുമ്പോള്‍, ഞാനും ഒപ്പം കൂടി..
മുളങ്കാലില് ഉയര്‍ത്തിയ കോലത്തിനു പിന്നലെ നടന്നു നീങ്ങിയ അണികളെ ആവേശംകൊള്ളിക്കാന്‍പാകത്തിനു മുദ്രാവാക്യങ്ങള്‍, മണ്ണെണ്ണപ്പാത്രവുമായി നടന്ന സഖാവ് വിളിച്ചുപറഞ്ഞു…
“ ബൂര്‍ഷ്വാസികളുടെ മണിമേടകളില്‍...
വേട്ടപ്പട്ടി കുരയ്ക്കുന്നേ... ”
നാക്കുവടി ശീലമാക്കിയവര്‍ക്കല്ലാതെ പലര്‍ക്കും അതേറ്റുപറയാന്‍ സാധിച്ചില്ല.. തൊട്ടുപിറകേ, മുദ്രാവാക്യത്തിന്റെ കാഠിന്യം നിമിത്തമാണോ, അതോ സമരത്തിന്റെ ആവേശം ആളിക്കത്തിക്കുന്നതിനുവേണ്ടിയാണോ എന്നറിയില്ല, സുരേന്ദ്രന് മകന് സുജിത്തന്‍ വക നീട്ടി ഒരു കുര… ചാവാലിപ്പട്ടിയുടേതുമാതിരി ദയനീയമായൊരു കുര..
ചിറ്റും നിന്നവര്‍ തലതല്ലിച്ചിരിച്ചുകൊണ്ട് നാലുപാടും ഓടി… ബാക്കിവന്ന മുന്‍നിര നേതാക്കന്മാര് ചിരിക്കണോ അതോ വായുവിലുയര്‍ത്തിയ മുഷ്ടി സമരംകൊല്ലിയുടെ മുതുകില്‍ പതിപ്പിക്കണമോ എന്നു ശങ്കിച്ചു നിന്നു.. ദൂരെ നിന്നവര്‍ കാര്യമറിയാതെ കണ്ണുമിഴിച്ചു.. സമരം പൊളിക്കാനായി സി. ഐ. എ. നിയോഗിച്ച ചാരനാണവന്‍ എന്നുവരെ പ്രചരിച്ചു… ആ പ്രദേശത്തുള്ള പട്ടികളൊന്നും പിന്നെ ഒരാഴ്ചത്തേക്കു കുരച്ചില്ലെന്നും ചില വിഘടനവാദികള്‍ പറഞ്ഞുപരത്തി…
*** *** ***
എല്ലാ സമരങ്ങളും പൊളിയാറില്ല.. സമരം വിജയിച്ചില്ലെങ്കിലും ധനനഷ്ടവും മാനഹാനിയും ഉണ്ടാകാതിരുന്നാല്‍ മതി.. കുട്ടനാടന്‍ അരിക്കു സ്വാദുണ്ടെങ്കിലും അന്നാട്ടിലെ ഹോട്ടലികളിലെ ഊണിന്റെ നിലവാരമില്ലായ്മ ഞങ്ങളുടെ ശരീരസൌന്ദര്യത്തിനു മങ്ങലേല്പിച്ചുകൊണ്ടിരുന്നു.. കോള്ജില് പ്രത്യേകിച്ചു വിശേഷങ്ങളൊന്നുമില്ലാതിരുന്ന അവസരത്തിലല്‍, കാന്റീന് വേണമെന്ന ആവശ്യം സമരരൂപേണ അവതരിപ്പിക്കുവാന്‍ തീരുമാനമായി. സമരത്തിനു മോടി കുറയാന്‍ പാടില്ലെന്ന വാശിമൂലവും, ആവശ്യം ഭക്ഷണമാണെന്ന കാരണത്താലും, കഞ്ഞിവെയ്പു സമരം തന്നെ ആയിക്കളയാം എന്നും തീരുമാനമായി.. സമരത്തിനു മുന്‍ കൈയ്യെടുത്താല് ആസന്നമായ തിരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കു മുന്‍തൂക്കം ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ സഖാക്കള്‍ തന്നെയാണ് മുന്‍നിരയില്‍.. പലവഴി തെണ്ടിനടന്ന് കിട്ടിയ കഞ്ഞിക്കലവും, മൂന്നു അടുപ്പുകല്ലും, കുറച്ചു വിറകുമായി കോളജിന്റെ തിരുമുറ്റത്തെത്തി. ഒരു പഴസഞ്ചിയില്‍ അരിയുമായി മുന്നില്‍ നടന്ന അശുവിന്റെ മുഖത്ത്, ജീവിതത്തിലാദ്യമായി കുക്ക് ചെയ്യുന്നതിന്റെ അഭിമാനം തിളങ്ങിനിന്നതുകണ്ട് കൂടെനിന്ന ഞാന്‍ അസൂയപ്പെട്ടു. അടുപ്പുകത്തിച്ചതുമുതല് ലോനപ്പേട്ടനും കാദറുകുട്ടിയും നായരുമെല്ലാം, വിവാഹത്തലേന്നു കല്യാണവീട്ടിലെ പാചകക്കാരെപ്പോലെ ടെന്‍ഷനടിച്ചുനിന്നു. കഞ്ഞി തിളയ്ക്കുന്നത് ആകാക്ഷയോടെ നോക്കിനിന്ന ഞങ്ങളാരും പ്രിന്‍സിപ്പല്‍ തന്റെ ഔദ്യോഗിക വാഹനത്തില്‍ പാഞ്ഞടുക്കുന്നതു കണ്ടില്ല.
നിഷ്ഠൂരനായ പ്രിന്‍സിപ്പലിന്റെ ആവശപ്രകാരം ഡ്രൈവര്‍ വണ്ടി നിര്‍ത്താതെ ഓടിച്ചുപോയി കഞ്ഞിക്കലം ഇടിച്ചുതെറിപ്പിച്ചു… അപ്രതീക്ഷിതമായ ഈ നടപടിയില്‍ എന്തുചെയ്യണമെന്നറിയാതെ നിന്നവരെല്ലാം സമരക്കാരെ ഓടിക്കാനെത്തിയ അദ്ധ്യാപകനോട് കയര്‍ത്തു. പക്ഷെ നടുങ്ങിപ്പോയതു കാദറുകുട്ടിയായിരുന്നു.. കടം മേടിച്ച കഞ്ഞിക്കലം വല്ലാതെ ചളുങ്ങിപ്പോയതുകണ്ട് സങ്കടവും ദേഷ്യവുമടക്കാനാവാതെ കാദറുകുട്ടി അദ്ധ്യാപകനോട് ആക്രോശിച്ചു..
“ സാര്‍ ഒരു കാര്യം മനസ്സിലാക്കണം… എന്റെ വാപ്പ സാറാ സാറേ…”
കേട്ടുനിന്നവരില്‍ പകുതിപ്പേര്‍ മൂക്കത്തുവിരല്‍വച്ചു. ബാക്കിപേര്‍ ചിരിച്ചുമറിഞ്ഞ് നിലത്തുവീണുകിടന്നുരുണ്ടു.. സാറകട്ടെ, ഭയവും അമ്പരപ്പും മുഖത്തുകാണിക്കാതിരിക്കാന്‍ പ്രയാസപ്പെട്ടുകൊണ്ട് ഓര്‍മ്മയിലെവിടെയോ ചികഞ്ഞുനിന്നു… അടുത്തുനിന്ന പ്രിന്‍സിപ്പല്‍ അമ്പരന്നു നിന്നു.. ഒരു സമരം പൊളിയാന്‍ മറ്റെന്തെങ്കിലും വേണോ??
തന്റെ വാപ്പ ഒരു അദ്ധ്യാപകനാണെന്നും, അദ്ധ്യാപകര്‍ ഇങ്ങനെ പെരുമാറാന്‍ പാടില്ലെന്ന് പറയാനുമൊക്കെയാണ് താനുദ്ദേശിച്ചതെന്നും, പറഞ്ഞുമനസ്സിലാക്കാനും വിശ്വസിപ്പിച്ചെടുക്കാനും ഒരു സെമസ്റ്റര്‍ മുഴുവന്‍ വേണ്ടിവന്നു കാദറുകുട്ടിക്കു..
*** *** ***
Saturday, September 18, 2010
ഐലന്റ് എക്സ്പ്രസ്
Wednesday, November 25, 2009
കുതിരമാളിക
“ജയന്തി ഇപ്പൊ പോയതെയുള്ളൂ…”
എന്റെ ചുണ്ടുകള്‍ അനങ്ങി.. പക്ഷെ സ്വരം പുറത്തുവിട്ടില്ല.. പറഞ്ഞതൊക്കെ ചീത്തവാക്കുകളായിരുന്നു.. ദേഷ്യവും സങ്കടവും കുറ്റബോധവും എല്ലാംകൂടി ഒന്നിച്ചു വന്നാല്പിന്നെ വേറെയെന്തുചെയ്യാന്‍..
ഇനി മൂന്നരമണിക്കൂറ് കഴിഞ്ഞാലെ അടുത്ത ട്രെയിനുള്ളു. അതുവരെ എന്തുചെയ്യുമെന്നോര്‍ത്ത് വെറുതെയിറങ്ങിനടന്നു. നടന്നുനടന്നു കിഴക്കേകോട്ടയെത്തി. അവിടെക്കണ്ട ഒരു ഉഡുപ്പിഹോട്ടലിന്നു മസാലദോശ കഴിച്ചപ്പോള്‍ വലിയ ആശ്വാസമായി. പിന്നെ പതുക്കെ പദ്മനാഭസ്വാമിക്ഷേത്രം ലക്ഷ്യമാക്കിനടന്നു. കുളിച്ച്കുറിതൊട്ട് മുല്ലപ്പൂചൂടി പട്ടുപാവാടയണിഞ്ഞുവരുന്ന സുന്ദരികളായ പട്ടത്തിപ്പെണ്ണുങ്ങളെ കാണാന്‍ വേണ്ടിമാത്രം. പക്ഷെ അവിടെക്കണ്ടതു
വടക്കെന്ത്യയില്‍നിന്ന് വന്ന ഒരു ബസ്സും അതുനിറച്ച് തൈക്കിളവിമാരും.
പൊരിവെയിലും നിരാശയും അതിന്റെ പാരമ്യത്തിലെത്തിനില്ക്കുന്നു. ചുറ്റും കണ്ണോടിച്ചപ്പോള്‍ കുതിരമാളിക മ്യൂസിയം എന്നു കണ്ടു. താമസംവിന അവിടെച്ചെന്നു കാര്യം ഉണര്‍ത്തിച്ചു പാസ്സ് വാങ്ങി അകത്തുകയറി. കൂട്ടിനു ഒരു ഗയിഡും ഉണ്ടായിരുന്നു.
തിരുവിതാംകൂര്‍ രാജകുടുംബത്തെക്കുറിച്ചു ഗയിഡ് വാചാലനായി.
“ തിരുവിതാംകൂറിന്റെ ആദ്യമഹാരാജാവു മാര്‍ത്താണ്ഡവര്‍മ്മയുടെ ആസ്ഥാനം പദ്മനാഭപുരം കൊട്ടാരമായിരുന്നു. അദ്ദേഹത്തിനു ശേഷമുള്ള മഹാരാജാവായിരുന്നു ധര്‍മ്മരാജ എന്നറിയപ്പെട്ടിരുന്നതു. ആറാമത്തെ മഹാരാജവായ സ്വാതി തിരുനാളാണ് കുതിരമാളിക കൊട്ടാരം പണികഴിപ്പിച്ചതു. പ്രസസ്തരായ തഞ്ചാവൂര്‍ ശില്‍പ്പികളാണ് പണിതതു. 1829- 1846 വരെയായിരുന്നു സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലം.”
കുതിരമാളികയുടെ വാതില്ക്കല്ത്തന്നെ ശംഖുമുദ്ര കാണാം. ഉള്ളിലേക്കുകടന്നാല്‍ ആദ്യംതന്നെ വെനീസില്‍നിന്ന് കൊണ്ടുവന്ന രണ്ടു വലിയ കണ്ണാടികള്‍ കാണാം. കൂടാതെ പഴയകാലത്തെ ആയുധങ്ങളും അമ്പാരിയും, പല്ലക്കും, തൊട്ടിലും എണ്ണച്ചായാചിത്രങ്ങളും ഉണ്ടു. ആയുധങ്ങളില്‍ കണ്ടാമൃഗത്തിന്റെ തോലുകൊണ്ടുണ്ടാക്കിയ പരിചയും, വാളും കുന്തവുമെല്ലം അതതിന്റെ ശൌര്യം വിളിച്ചറിയിക്കുന്നു. തൊട്ടടുത്ത മുറിയില്‍ കഥകളിവേഷങ്ങള്‍ നിരന്നുനിക്കുന്നു. പച്ച, കത്തി, കൃഷ്ണന്, രുഗ്മിണി, കീചകന്, നാരദന്, ഹനുമാന് എന്നിങ്ങനെയുള്ള വേഷങ്ങള്‍. പിന്നിടങ്ങോട്ട് എന്റെ കണ്ണുകളെ അതിശയിപ്പിക്കുമാറ് നടരാജവിഗ്രഹം, മഹാവിഷ്ണുവിന്റെ പ്രതിമ, ആനക്കൊമ്പുകൊണ്ടുള്ള സിംഹാസനം, വിദേശത്തുനിന്നുസമ്മാനമായി ലഭിച്ച സ്ഫടികസിംഹാസനം തുടങ്ങിയ വിലപ്പെട്ട കാഴ്ചകളായിരുന്നു.
ഒരോ മുറികളിലെയും ചുവറ്ചിത്രങ്ങളും, കൊത്തുപണികളും കൊട്ടാരത്തിന്റെ പ്രതാപം വിളിച്ചറിയിക്കുന്നു. പച്ചിലക്കൂട്ടും പഴച്ചാറുകളുമുപയോഗിച്ചുണ്ടാക്കിയ ചായങ്ങള്‍ ചുവരില്‍ നിറം മങ്ങാതെയിരിക്കുന്നു. മുകളിലെക്കുള്ള കോണിപ്പടിയുടെ അരികില്‍ കുറേ നീളന്‍ തോക്കുകള്‍ കാണാം. മാര്‍ത്താണ്ഡവര്‍മ്മ മഹരാജാവ് കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരില്‍നിന്നും പിടിച്ചെടുത്തതാണവ. മുകളിലത്തെ മുറികളിലെല്ലാം നിരവധി പുരാതനവസ്തുക്കളുണ്ട്. സര് ഐസക് ന്യൂട്ടണ്‍ കണ്ടുപിടിച്ച സൂര്യഘടികാരത്തിന്റെ ഒരു ചെറുരൂപം കണ്ടു. ഓരോ മണിക്കൂറിലും വെടിമുഴങ്ങുന്ന തരത്തില്‍, വെടി മരുന്നു നിറച്ച ചെറിയ പീരങ്കിയോടുകൂടിയ സൂര്യഘടികാരമാണ് കൊട്ടാരവാസികളെ സമയമറിയിച്ചിരുന്നതു. കുറച്ചകലെ പഞ്ചലോഹനിറ്മ്മിതമായ തൂക്കുവിളക്കു. അതില്‍ ആനപ്പുറത്തിരിക്കുന്ന മഹാവിഷ്ണുവിന്റെയും ലക്ഷ്മിയുടെയും രൂപം. ആനയുടെ രൂപത്തിന്റെയുള്ളില്‍ എണ്ണ സംഭരിക്കാം. കത്തിത്തീരുന്നതിനനുസരിച്ച് എണ്ണ പുറത്തെക്കിറങ്ങുന്നരീതിയില്‍ രൂപകല്പനചെയ്ത ഈ വിളക്കു കെടാവിളക്കായി ഉപയോഗിച്ചിരുന്നു. ഇതിനുപുറമെ വിദേശരാജ്യങ്ങളായ ഇറ്റലി, ബെല്‍ജിയം, ജപ്പാന്, ചീന എന്നിവിടങ്ങളില്‍നിന്നൊക്കെ രാജാവിന് ലഭിച്ചതായ നിരവധി സമ്മാനങ്ങളും. കൂട്ടത്തില്‍ നേപ്പാള്‍ രാജാവു കൊടുത്തയച്ച ശ്രീ ബുദ്ധന്റെ പ്രതിമ ഉള്‍ക്കൊള്ളുന്ന ഒരു സമ്മാനം ആകര്‍ഷകമായി തോന്നി. അന്നത്തെ കാലത്തു വിദേശരാജ്യങ്ങളുമായി തിരുവിതാകൂറിനുണ്ടായിരുന്ന ബന്ധം എന്നെ അദ്ഭുതപ്പെടുത്തി. ഇവിടുന്നു നേപ്പാളിലെക്കു പോയിവരാന്‍ എത്രനാള്‍ വേണ്ടിവരുമായിരുന്നു, എങ്ങനെയായിരിക്കും യാത്ര എന്നൊക്കെ ആലോചിച്ചു നിന്ന എന്നെ കൂട്ടാത്തിലുള്ള ആരുടെയോ വിളിയാണുണറ്ത്തിയതു.
എല്ലാവരും അടുത്ത മുറിയില്‍ എത്തിയിരുന്നു. തെക്കുവശത്തിനഭിമുഖമായി സ്ഥിതിചെയ്യുന്ന കൊട്ടാരത്തിന്റെ മുന്‍വശത്ത് മുകളിലത്തെ നിലയില്‍ 122 കുതിരകളെ തടിയില്‍ കൊത്തിവച്ചിരിക്കുന്നു. അതാണു ഈ കൊട്ടാരത്തിനു കുതിരമാളിക എന്നു പേരുവരാന്‍ കാരണം. മുകളില്‍ ആദ്യം കാണുന്നതു നൃത്തമണ്ഡപം. അവിടെ ഒരു വലിയ ചപ്രമഞ്ചക്കട്ടിലുണ്ടു. അടുത്തതു പണ്ഡിതസദസ്സ്. അവിടെയും ധാരാളം കൊത്തുപണികള്‍. ഉത്തരം താങ്ങുന്ന തത്തയും ആനത്തലയും വ്യാളിയുമൊക്കെ കൊത്തിവച്ചിട്ടുണ്ട്. ഒരു സദസ്സില്‍നിന്നും അടുത്തതിലേക്കുള്ള ഇടനാഴിയില്‍ കിളിവാതിലുകളുണ്ടു. അടുത്തതു സംഗീതസദസ്സു. ഇരയിമ്മന്‍ തമ്പിയുടെ ചിത്രവും സ്വാതിതിരുനാള്‍ സംഗീതം ചെയ്തിരുന്ന ഒരു കൊചു മണ്ഡപവും കാണാം. സംഗീതമണ്ഡപത്തില്‍നിന്നും ജനലിലൂടെ വലത്തോട്ട് നോക്കിയാല്‍ പദ്മനാഭസ്വാമിക്ഷേത്രം കാണാം. കലാകാരന്മാരിലെ രാജാവും രാജാക്കന്മാരിലെ കലാകാരനുമായ സ്വാതിതിരുനാള്‍ മഹരാജാവു നൃത്തത്തിനും സംഗീതത്തിനും എത്രമാത്രം പ്രാധാന്യം കൊടുത്തിരുന്നുവെന്നു മനസ്സിലാക്കാന്‍ ഇവിടം സന്ദറ്ശിച്ചാല് മതി.
പദ്മനാഭസന്നിധിയിലേക്കു രാജകുടുംബാംഗങ്ങള്‍ക്ക് പോകാനായി പ്രത്യേകം വഴിയുണ്ട്. 24 ഏക്കറില്‍ സ്ഥിതിചെയ്യുന്ന ഈ 16 കെട്ടു കൊട്ടാരം ഇപ്പോഴും രാജകുടുംബത്തിന്റെ വകയാണു. നിരവധി മുറികള്‍ അടച്ചിട്ടിരിക്കുന്നു. സ്വത്തുവകകളെല്ലാം രാജാവു മഹാവിഷ്ണുവിനു തൃപ്പടിദാനം നല്‍കുന്നതിന്റെ ചിത്രം
പ്രാധാന വാതില്ക്കലുണ്ട് . ഇത്രയേറെ വിവരണം നല്കിയ ഗയിഡിനു എന്തെങ്കിലും സമ്മാനിക്കണമെന്നു മനസ്സില്‍ വിചാരിച്ചപ്പോഴേക്കും അയാള്‍ അതു ചോദിച്ചുവാങ്ങി. മുറ്റത്തെ പൂന്തോട്ടത്തിന്റെ ഭംഗി ആസ്വദിച്ചു കുറ്ച്ചു നേരം ഇരുന്നിട്ട് ഗയിഡിനു നന്ദിപറഞ്ഞ് ഇറങ്ങി. അടുത്ത ട്രെയിനെങ്കിലും പിടിക്കണമല്ലൊ. എന്തായാലും കൃത്യ സമയത്തുതന്നെ സ്റ്റേഷനില്‍ എത്തി.
കുതിരമാളിക കാണാന്‍പറ്റിയതിലുള്ള സന്തോഷവും അവിടെ കണ്ടതൊക്കെയും നിങ്ങളെ അറിയിക്കണമെന്ന് തോന്നി. ഓര്‍മ്മയില്‍നിന്ന് ചികഞ്ഞെടുത്ത ചിലകാര്യങ്ങള്‍ കുറിച്ചിരിക്കുന്നു.
Friday, September 11, 2009
ഓണം വാരാഘോഷം
കാണം വിറ്റും ഓണം ഉണ്ണണം…
ഓണത്തെസംബന്ധിച്ച പ്രധാന ചൊല്ലാണിത്. ഉള്ളതെല്ലാം വിറ്റുമുടിച്ചിട്ടു ഓണമാഘോഷിക്കാന്‍ ആവശ്യപ്പെടുന്ന ഈ പഴഞ്ചൊല്ലില്‍ പതിരുണ്ടോ എന്നു ഈയുള്ളവനു സംശയം.. എന്നാല്‍ ഇതിനു ഒരുപാടു അര്‍ത്ഥതലങ്ങളുണ്ടെന്നാണു അറിവുള്ളവര്‍ പറയുന്നതു.. പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുക്കുന്ന പാവപ്പെട്ടവനും പട്ടിണികിടക്കുന്ന അവന്റെ കുടുംബത്തിനും വര്‍ഷത്തിലൊരിക്കലെങ്കിലും മതിമറന്നു ആഘോഷിക്കാന്‍ ഒരു അവസരം… അപ്പൊപ്പിന്നെ പട്ടിണിയും പന്നിപ്പനിയുമൊക്കെ മാറ്റിവച്ചു പലിശക്ക് പണമെടുത്താണെങ്കിലും ഒന്നു ആഘോഷിച്ചേപറ്റൂ..
ഈ ഓണക്കാലത്ത് മലയാളി കുടിച്ചു തീര്‍ത്തതു കോടികളുടെ മദ്യമാണെന്നു ബിവറേജസ് കണക്കു.. സ്വന്തമായി വാറ്റിയുണ്ടാക്കിയതു വേറേ.. ബിവറേജസ് കോറ്പൊറേഷ്ന്റെ ഈ കണക്ക് എല്ലാ പത്രങ്ങളും വളരെപ്രാധാന്യത്തോടെ തന്നെ ആദ്യ പേജില്‍ കൊടുത്തിട്ടുണ്ടു. മലയാളി ഓണത്തിനു മാത്രമല്ല ക്രിസ്ത്മസിനും ന്യൂ ഇയറിനും മറ്റു വിശേഷാവസരങ്ങളിലും വിശേഷങ്ങളൊന്നുമില്ലാത്തപ്പോഴും കുടിക്കും. ഇതിത്ര വാര്‍ത്തയാക്കെണ്ട കാര്യമുണ്ടോ?.. എത്ര കോടിയുടെ ആഭരണം വാങ്ങിയെന്നു ആരെങ്കിലും കണക്കെടുക്കാറുണ്ടോ?.. എത്ര കോടിയുടെ വസ്ത്രം വാങ്ങി?. എത്ര കോടിയുടെ ഇലക്ട്രോണിക് പകരണങ്ങള്‍ വാങ്ങിക്കൂട്ടി?.. ഇതൊക്കെ ആവശ്യമുള്ള സാധനങ്ങള്‍ ആണെന്ന ന്യായമുണ്ടാകാം.. സമ്മതിക്കുന്നു. ഇവിടെ ഓണത്തെക്കുറിച്ചു നമ്മള് ചിന്തിച്ചുതുടങ്ങുന്നതു ഉത്രാടത്തിനാകാം അല്ലെങ്കില്‍ ചിങ്ങം പിറക്കുംപോഴാകാം.. എന്നാലും അതിനും എത്രയോ മാസങ്ങള്‍ക്കുമുന്‍പുതന്നെ കേരളത്തിനു പുറത്തു ഓണത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നു. മൊബൈല്‍ ഫോണ്‍ കമ്പനിക്കാരും റ്റി. വി. കമ്പനിക്കാരും എന്നു വേണ്ട പ്ലാസ്റ്റിക് വാഴയില കമ്പനിക്കാരന് വരെ മൂന്നാലു മാസങ്ങള്‍ക്കുമുന്‍പുതന്നെ മുംബൈയിലും ദില്ലിയിലും മീറ്റിങ്ങ്കൂടി ചിന്തിക്കും.. ഈ ഓണത്തിനു കേരളത്തില്‍ എത്ര കോടിയുടെ വില്പന നടത്തണമെന്നു.. എത്രമാത്രം മുതലെടുക്കണമെന്നു റ്റാര്‍ഗറ്റ് ഫിക്സ് ചെയ്യും.. എന്നിട്ടതിനെല്ലാം ഓഫര്‍ എന്നു ഓമനപ്പേരിട്ട് ഇങ്ങോട്ടൊഴുക്കും… യഥാര്‍ത്ഥത്തില്‍ ഓണമാഘോഷിക്കുന്നതു Sony, Nokia, Samsung, Airtel, Vodafone, Onida, LG.. ഇവരൊക്കെയല്ലെ?? പിന്നെ ഉത്തരേന്ത്യന്‍ തുണിമില്ലുകളുടെയും നാട്ടിലുള്ള വസ്ത്രവ്യാപാരശാലകളുടെയും ആഭരണശാലകളുടെയും കാര്യം പറയേണ്ടതില്ലല്ലൊ.. എന്നിട്ടു എല്ലാരും ഒരേ സ്വരത്തില്‍ പറയും..
“ഈ ഓണം ഞങ്ങളോടൊപ്പം ആഘോഷിക്കൂ..”
അങ്ങനെ പരസ്യയിനത്തില്‍ പത്രങ്ങളും ചാനലുകളും കാശുവാരുന്നു. മലയാളിയെ സംതൃപ്തനാക്കാന്‍ ചാനലുകളുടെ വക ഓണസമ്മാനമായി കുറെ സിനിമകളും കാണിക്കും. 10 മിനിറ്റ് ഇടവിട്ട് 20 മിനിട്ടു പരസ്യം കാണിച്ച് പ്രത്യേക അനുഭൂതി സൃഷ്ടിച്ച് കാഴ്ചക്കാരെ ആനന്ദലഹരിയിലാറാടിക്കുന്ന അദ്ഭുതവിദ്യ.. ഇടയ്ക്കിടെ ഓണത്തെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്ന സിനിമാതാരങ്ങളും സാഹിത്യകാരന്മാരും..
എനിക്കുമുണ്ട് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍.. കുട്ടിക്കാലത്ത് രാവിലെ കുളിച്ച് റെഡിയായി പൂക്കളമൊരുക്കിയിരുനതിന്റെ ഓര്‍മ്മകള്‍.. അന്നു പൂക്കളം കാണാന്‍ കൂട്ടുകാര്‍ വരുമ്പൊ നിറഞ്ഞപുഞ്ചിരിയോടെ അവര്‍ക്കു ആശംസകള്‍ നേര്‍ന്നതിന്റെ ഓര്‍മ്മകള്‍.. ഇപ്പൊ കാലാം മാറി.. ഇത്തവണ ഓണത്തിനു രാവിലെ എണിറ്റ് മൊബൈല്‍ എടുത്ത് പ്രിയപ്പെട്ടവര്‍ക്കെല്ലാം SMS അയച്ചു. പണ്ടു സ്കൂളില്‍ പൂക്കളമത്സരമുണ്ടകുമായിരുന്നു. അപ്പൊ ഞങ്ങളെല്ലാവരും പാടത്തും പറമ്പിലും തോട്ടുവരമ്പത്തും ഓടിനടന്ന് തുമ്പയും മുക്കുറ്റിയും ചെത്തിയും ചെമ്പരത്തിയും വാടാമല്ലിയും ഒക്കെപ്പറിച്ചു സ്കൂളില്‍ കൊണ്ടുപോകുമായിരുന്നു.. കൈ നിറ്യെ പൂക്കള്‍, അല്ലെങ്കില്‍ ഒരു കൂട്നിറയെ പൂക്കള്‍, അല്ലെങ്കില്‍ ഒരു വട്ടി നിറയെ.. ഇന്നു പൂക്കള്‍ക്കു കിലോക്കണക്കാണ്. അവിടെയും കാശുവാരുന്നതു അയല്‍ സംസ്താനക്കരാണ്. തോവാളയിലും മൈസൂരിലും ഒക്കെ പൂക്കൃഷി നടത്തുന്നതുതന്നെ ഓണം മുന്നില്‍ക്കണ്ടാണെന്നു തോന്നിപ്പോകുന്നു. വിലപേശി വാങ്ങിച്ച പൂക്കള്‍കൊണ്ടുണ്ടാക്കിയ പൂക്കളങ്ങള്‍ക്ക് ഞാന്‍ വില കല്‍പ്പിക്കുന്നില്ല… സദ്യവട്ടങ്ങളൊരുക്കാന്‍ പച്ചക്കറി വരുന്നതും തമിഴ് നാട്ടില്‍നിന്നു. ഈ കഴിഞ്ഞ ഓണക്കാലത്ത് ഇരുപതു രൂപക്ക് ഒരു കിലോ പഴം പോലും കിട്ടാനുണ്ടായിരുന്നില്ല..
മാനുഷരെല്ലരും ഒന്നു പോലെ എന്നു പാട്ടില്‍ മാത്രമല്ലെയുള്ളു.. നല്ലവനായിരുന്നിട്ടും അസുരനാണെന്നകാരണത്താല്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലിതമ്പുരാന്റെ ഐതിഹ്യം പേറുന്ന ആഘോഷമല്ലേ ഇതു. ബ്രാഹ്മണമേല്‍ക്കോയ്മ്മയുടെയും അസമത്വത്തിന്റെയും കഥ പറയുന്നില്ലേ ഓണം.. ശ്രീബുദ്ധനുമായും ഓണത്തെബന്ധ്പ്പെടുത്തി കഥകളുണ്ട്.. ശ്രാവണമാസത്തില്‍നിന്നാണ്‍ ഓണം എന്ന പദമുണ്ടായതെന്നുതന്നെ ചിലറ് വാദിക്കുന്നു.. എന്നാല്‍ പൊന്നിന് ചിങ്ങമാസത്തിലെ പൊന്നോണത്തിന് വിദേശബന്ധത്തിന്റെയും കച്ചവടത്തിന്റെയും കഥ തന്നെയാണു പറായനുള്ളതെന്നു തോന്നിപ്പോകുന്നു. കര്‍ക്കിടകത്തിലെ പഞ്ഞം കഴിഞ്ഞ്, സമൃദ്ധിയുടെ നാളുകളില്‍ മലഞ്ചരക്കു വ്യാപാരത്തിനായി സ്വര്‍ണ്ണവുമായി കപ്പലുകളില്‍ വന്ന വിദേശിയരുടെ കഥ. കാറ്റും മഴയുംകാരണം നടുക്കടലില്‍ നങ്കൂരമിട്ടുകിടന്നിരുന്ന കപ്പലുകള്‍ കാലാവസ്ഥ അനുകൂലമകുന്ന ചിങ്ങമാസത്തില്‍ കച്ചവടത്തിനായി കേരളത്തിലേക്കു വന്നിരുന്നു. ഇവിടുന്നുള്ള പ്രകൃതിയുടെ വരദാനങ്ങള്‍ക്കു പകരമായി അവരു കൊണ്ടുവന്നിരുന്നതോ കപ്പല്‍നിറയെ പൊന്നും.. അങ്ങനെ പൊന്നിന് ചിങ്ങമാസമെന്നും പൊന്നോണമെന്നും കേരളീയര്‍ വിളിക്കാന്‍ തുടങ്ങി.. ഇങ്ങനെ കച്ചവടത്തിനായി വന്ന വിദേശീയരാണ് പിന്നീട് നമ്മുടെമേല്‍ ആധിപത്യം നേടിയതു എന്നതു ചരിത്രം..
ഉണ്ടെങ്കിലോണംപോലെ അല്ലെങ്കിലേകാദശി.