Tuesday, December 21, 2010

അരുവിക്കര ഡാമും കോയിക്കല്‍ കൊട്ടാരവും

 ഒരു ഞായറാഴ്ച വൈകുന്നേരം വെറുതെയിരുന്നു മുഷിഞ്ഞപ്പോഴാണ് അരുവിക്കര പോകാമെന്നു തീരുമാനിച്ചത്. തിരുവനന്തപുരം നഗരത്തിലേക്ക് വെള്ളമെത്തിക്കുന്നതിനുവേണ്ടി കരമനയാറിനുകുറുകെ 1934-ല്‍ പണിത ഒരു മിനി ഡാമും, തൊട്ടടുത്തുള്ള ഭഗവതിക്ഷേത്രവുമാണ് അരുവിക്കരയെ പ്രശസ്തമാക്കുന്നത്.. നെടുമങ്ങാട് താലുക്കില്‍പ്പെട്ട അരുവിക്കരയിലേക്ക് നഗരത്തില്‍നിന്നും ഏകദേശം 16 കിലോമീറ്റര്‍ ദൂരമുണ്ട്.

ബൈക്കിലായിരുന്നു യാത്ര. ശ്രീകാര്യത്തുനിന്നുതുടങ്ങി പേരൂര്‍ക്കട വഴി കരകുളത്തെത്തിയിട്ട് അവിടുന്ന് വലത്തോട്ട് തിരിഞ്ഞ് അരുവിക്കരയിലെത്താനായിരുന്നു ഞങ്ങളുടെ പ്ലാന്‍. എന്നാല്‍ കരകുളം എത്താറായപ്പോള്‍ വഴിയരുകില്‍ കണ്ട ബോര്‍ഡില്‍  “കോയിക്കല്‍ പാലസ് – 6 km" എന്നു കണ്ടു. ഉടനെ പ്ലാന്‍ മാറ്റി, നേരെ കോയിക്കല്‍ കൊട്ടാരത്തിലേക്ക്..

തികച്ചും ശാന്തമായ അന്തരീക്ഷമായിരുന്നു അവിടെ ഞങ്ങളെ എതിരേറ്റത്. ഇതു തന്നെയാണോ കോയിക്കല്‍ കൊട്ടാരം എന്നു ചോദിക്കാന്‍ പോലും ആരെയും കണ്ടില്ല.. നടന്ന് അപ്പുറത്തെത്തിയപ്പൊ പുരാവസ്തു ഉദ്യോഗസ്ഥരും പൊലിസുകാരനുമൊക്കെ വാതില്‍ക്കല്‍ സൊറ പറഞ്ഞിരിക്കുന്നു.



പതിനഞ്ചാം നൂറ്റണ്ടിലെ കേരളീയ വാസ്തുശില്പവിദ്യയുടെ മകുടോദാഹരണമായ ഈ കൊട്ടാരം നാലുകെട്ടിന്റെ ആകൃതിയിലാണ് പണിതിട്ടുള്ളത്. ഒറ്റ തൂണും ചരിഞ്ഞ മേല്ക്കൂരയും മറ്റും ചേര്‍ന്ന് കേരളീയ പാരമ്പര്യശൈലിയെ പരിപോഷിപ്പിക്കുന്ന ഈ രാജമന്ദിരം വേണാട് രാജവംശത്തിന്റെ ഏറ്റവും പഴക്കമുള്ള കൊട്ടാരങ്ങളിലൊന്നാണ്.
അകത്തുകടന്ന് ആദ്യമേതന്നെ നാണയദൃശ്യമന്ദിരമാണ്..  നാണയങ്ങളെക്കുറിച്ചും മറ്റും വിശദീകരിച്ചുതരാന്‍ ഒരു പുരാവകുപ്പ് ഉദ്യോഗസ്ഥയും ഉണ്ടായിരുന്നു. കാര്‍ഷപണങ്ങള്‍, റോമന്‍ സ്വറ്ണ്ണനാണയങ്ങള്‍, റോമന്‍ വെള്ളിനാണയങ്ങള്‍ (അതന്നെ, ക്രിസ്തുവിനെ ഒറ്റിക്കൊടുത്തത്തിനു യൂദാസിനു കിട്ടിയ വെള്ളിക്കാശ് തന്നെ), തിരുവിതാംകൂര്‍ നാണയങ്ങള്‍, നാണയനിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന സാധനസാമഗ്രികള്‍ (അതന്നെ, കമ്മട്ടം തന്നെ), പഴയകാലത്തെ അളവുതൂക്കങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ കാണാന്‍ കഴിയും.


നടുമുറ്റം കടന്ന് അടുത്തമുറിയിലെത്തിയപ്പൊ അവിടെ കേരളചരിത്രം വിളിച്ചോതുന്ന ചിത്രങ്ങളും നടരാജവിഗ്രഹവും, സമീപത്തെ കുളത്തില്‍ നിന്നു കണ്ടെടുത്ത പുരാതന വിഗ്രഹങ്ങളും, കലമാന്റെ തലയും, ആനയുടെ താടിയെല്ലുമൊക്കെ വച്ചിരിക്കുന്നു. തറയില്‍ ഭൂമിക്കടിയിലൂടെയുള്ള തുരങ്കത്തിലേക്കുള്ള പ്രവേശനവാതില്‍.
പടികയറി മുകളിലത്തെ നിലയില്‍ എത്തി. കേരളത്തിലെ നാടന്‍ കലകളെക്കുറിച്ച് വ്യക്തമായ അറിവുനേടിത്തരുന്ന ദൃശ്യവിരുന്നൊരുക്കിയിട്ടുണ്ടവിടെ. ആനച്ചമയവും തുള്ളല്‍ കഥകളി വേഷങ്ങളുമൊക്കെ കൂട്ടത്തില്‍പ്പെടുന്നു.







ആദിമമനുഷ്യന്റെ വസ്ത്രമായ മരവുരിയും, ആദ്യ തൊഴിലായ നായാട്ടിനു ഉപയോഗിച്ചിരുന്ന കല്‍മഴുവും അമ്പും വില്ലും കുന്തവുമൊക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വാളും പരിചയും ചാട്ടവാറും ഇരുതലവാളുമൊക്കെ ഏതൊരു കൊട്ടാരത്തിലുമെന്നതുപോലെ ഇവിടെയുമുണ്ട്. കേട്ടുപരിചയം മാത്രമുണ്ടായിരുന്ന ഊരാക്കുടുക്ക് ഇവിടെ കാണുവാനായി.

വീണ്ടും താഴെയിറങ്ങി ഗൈഡ് ഞങ്ങളെ മറ്റുമുറികളിലേക്ക് കൂട്ടിക്കൊണ്ടുപോയി. പഴയകാലത്തെ ഗൃഹോപകരണങ്ങള്‍ ഒട്ടുമിക്കതും അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓട്ടുപാത്രങ്ങളും ഒറ്റത്തടിപ്പാത്രങ്ങളും കൃഷിസാമഗ്രികളും, മീന്‍പിടിക്കുന്ന പ്രാചീനവലകളും, കുതിരവണ്ടിയും കാളവണ്ടിയുമൊക്കെ ഒരു കാലഘട്ടത്തിന്റെ അവശേഷിപ്പായി മാറുന്ന സമയം കാത്ത് വിശ്രമിക്കുന്നു. പലതും നമ്മള്‍ കണ്ടതും ഉപയോഗിച്ചിട്ടുള്ളതുമായ സാധനങ്ങളാണെങ്കിലും ഇന്നത്തെ ഫാസ്റ്റ് ലൈഫിന്റെ ഭാഗമായി നമ്മുടെ ജീവിതത്തില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയാണ്. അവിടെക്കണ്ട പാതാളക്കരണ്ടിയും പാളകൊണ്ടുള്ള വെള്ളംകോരിയും തേന്‍ സംഭരിക്കുന്ന മുളങ്കുഴലും, പത്തായവും അറയും, വലിയ കുടവും ആട്ടുകല്ലും അരകല്ലുമൊക്കെ ഇന്നത്തെ കൊച്ചുകുട്ടികളിലും നഗരവാസികളിലും എത്രപേര്‍ കണ്ടിട്ടുണ്ടാകും. പലതും ഇന്നൊരു പുരാവസ്തുവായി എനിക്കു തോന്നിയില്ലെങ്കിലും ഇതെല്ലാം ശേഖരിച്ചുവയ്ക്കുന്ന പുരാവസ്തുവകുപ്പിന്റെ എന്റെ അഭിനന്ദനങ്ങള്‍. നാളത്തെ തലമുറക്കു ഇതൊരു മുതല്‍ക്കൂട്ടാണ്..


കൊട്ടാരത്തിന്‍ വെളിയില്‍ ചെറിയൊരു പൂന്തോപ്പും കുറച്ചകലെയായി ഒരു കുളവും, കുളത്തില്‍ താമരയും, സമീപത്തു പേരയും നെല്ലിമരവും മാവും, മാവില്‍ അണ്ണാറക്കണ്ണനും കുയിലുകളും, ആകെക്കൂടെ മനസ്സിനു കുളിര്‍മ്മ നല്‍കുന്ന അന്തരീക്ഷം.

തികഞ്ഞ സംതൃപ്തിയോടെ അവിടെനിന്നിറങ്ങി നേരേ അരുവിക്കരയിലേക്ക്. അരുവിക്കരയിലെത്തിയപ്പൊഴേക്കും സന്ധ്യമയങ്ങാറയിരുന്നു. ശാന്തമായി ഒഴുകുന്ന കരമനയാര്‍, അതിനുകുറുകെ ചെറിയൊരു ഡാം, കുറെ മുന്നിലായി ഒരു വശത്ത് ഭഗവതിക്ഷേത്രം, മറുവശത്ത് പാറക്കെട്ടുകള്‍ ഇതൊക്കെയായിരുന്നു അവിടുത്തെ ആകര്‍ഷണീയത.



ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തരെ (ഒരു ബസ്സ് നിറയെ) മാറ്റിനിര്‍ത്തിയാല് വലിയ ആള്‍ത്തിരക്കില്ലെന്നുതന്നെ പറയാം. നഗരത്തിന്റെ തിരക്കില്‍നിന്ന് അല്പനേരം മോചനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതു ഉചിതസ്ഥലം. കുറച്ചാളുകള്‍ പണിതീരാത്ത പാര്‍ക്കിലിരുന്ന് നേരൊപോക്ക് പറയുന്നു. ചിലര്‍ ആറിലെ മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നു. മീനിനു തീറ്റ കൊടുക്കുന്നത് ക്ഷേത്രത്തിലെ ഒരു വഴിപാടാണെന്നു തോന്നുന്നു.



അടുത്തിടെ ലഭിച്ച മഴയുടെ തോത് വച്ച് കണക്കാക്കുമ്പോള്‍ കരമനയാറിന്റെ അവസ്ഥ ദയനീയമാണെന്നു തോന്നി. കുറച്ചുനേരം ആറിന്റെ നടുവില്‍ ഒരു പാറപ്പുറത്തിരുന്നു പരിതപിച്ചതിനിശേഷം ഞങ്ങള്‍ മടങ്ങി. അപ്പോഴേക്കും ചന്ദ്രനുദിച്ചുകഴിഞ്ഞിരുന്നു.



Friday, December 17, 2010

ക്രിക്കറ്റും ഞാനും

.

ക്രിക്കറ്റ് കളി ഒരു ആവേശമാണ്. ചിലര്‍ക്കതൊരു ലഹരിയാണ്..  മറ്റുചിലര്‍ക്ക്  ഒരുതരം ഭ്രാന്തും. വളരെകുറച്ചുപേര്‍ക്ക്മാത്രം പ്രൊഫഷനും.  കൊയ്ത്തുകഴിഞ്ഞ പാടത്ത്, പുല്ലുചെത്തി പിച്ചുണ്ടാക്കി കളിക്കുന്ന പീക്കിരികളും, റ ണ്ണൊന്നുമെടുക്കാതെ ഔട്ടാകുമ്പോള് ചെത്തിമിനുക്കിയ മടലുബാറ്റ് വലിച്ചെറിഞ്ഞ് രോഷം പ്രകടിപ്പിക്കുന്ന പയ്യനും, ഈഡന് ഗാറ്ഡന്സില് ശ്രീലങ്കയ്ക്കെതിരായ വേള്‍ഡ് കപ്പ്‌ മത്സരത്തില് കാംബ്ളി കരയുന്നതു ടിവിയില് കണ്ട് വാവിട്ടുനിലവിളിച്ച പത്തുവയസ്സുകാരനും, ഡിസ്ട്രിക്റ്റ് റ്റീം സെലക്ഷനു നന്നായി കളിച്ചിട്ടും പിടിപാടില്ലാത്തതുകാരണം തഴയപ്പെട്ട നാട്ടുകാരനും, സ്വന്തം പിഴവുമൂലം കോളജ് റ്റീം തോറ്റതിന്റെ  വിഷമത്തില് തലചുറ്റിവീണ കൂട്ടുകാരനുമൊക്കെ എനിക്കു മനസ്സിലാക്കിത്തന്നതാണിതു.


I.P.L ലേല വാര്‍ത്ത  പത്രത്തില് വായിക്കുമ്പോഴാണ് ഒരു ക്രിക്കറ്റര് ആകാഞ്ഞതിന്റെ വിഷമം തികട്ടിവരുന്നത്.  ചെറുപ്പത്തില് എന്റെ നിലവാരത്തിനൊത്ത കുട്ടികള്‍ സമീപപ്രദേശത്തെങ്ങും ഇല്ലാതിരുന്നതു കാരണം പിതാജി ക്രിക്കറ്റ് കളിക്കാന് വിടുമായിരുന്നില്ല.   പിന്നെ ഒരവസരം കിട്ടിയത് കോളജില് ചേര്‍ന്ന്‍ ഹോസ്റ്റലില് താമസിക്കുന്ന കാലത്താണ്.   പക്ഷെ അവിടെ state team player കൂടിയായിരുന്ന റൂം മേറ്റ് എന്റെ ക്രിക്കറ്റ്മോഹങ്ങളുടെ ചിറകരിഞ്ഞു.   മിന്നല് വേഗത്തില് കൃത്യതയാര്‍ന്ന പന്തുകളെറിയുന്ന അവന്റെ ആദ്യപന്തില് തന്നെ ഔട്ടകുന്നത് ഞാന്‍  പതിവാക്കി.   അഞ്ചാറ് ബോളെങ്കിലും ഫേസ് ചെയ്താലല്ലേ  കളി പഠിക്കാന് പറ്റൂ...

ജോലികിട്ടയതിനുശേഷം ടെക്നോപാര്‍ക്ക്  ടൂര്ണ്ണമെന്റിന്റെ രൂപത്തില് വീണ്ടും അവസരമെത്തി.   ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത അവസരത്തില് ഇടതുവലതുമുന്നണികള് ഭരണം പിടിക്കാന്‍  ബിജെപിയെ കൂട്ടുപിടിക്കുന്നതുപോലെ, ചെറിയ കമ്പനി ആയതിനാല് ആള്‍ക്കാരുടെ ദൌര്‍ലഭ്യംമൂലം എന്നെയും റ്റീമിലുള്‍പ്പെടുത്തി..  റ്റീമിന്റെ ജഴ്സിയും കിട്ടി, അടുത്തദിവസം മുതല് രാവിലെ പ്രാക്ടീസും തുടങ്ങി.   കേരളാ യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാമ്പസ്സിലെ ഗ്രൌണ്ടായിരുന്നു പ്രാക്റ്റീസിനായി കണ്ടുപിടിച്ചത്.   Bat, stumps ഇത്യാദിസാധനങ്ങള് ചുമന്നുകൊണ്ടുപോവുക,  ഔട്ട് പെറുക്കുക,  ആദ്യപന്തില്‍ത്തന്നെ  ഔട്ടാവുക  തുടങ്ങിയ കര്‍മ്മങ്ങള്‍ ഭംഗിയായി ചെയ്യുന്നുണ്ടെങ്കിലും എന്നെക്കൊണ്ട് പന്തെറിയിക്കാന്‍  എല്ലാര്ക്കും ഭയമായിരുന്നു.   ഗ്രൌണ്ടിനു തെക്കുഭാഗത്ത് കുറച്ചകലെയായുള്ള ഒരു കുളമായിരുന്നു ഭീതിയുടെ കാരണം.   ഞാന്‍  ബോള് ചെയ്താല് ബാറ്റ് ചെയ്യുന്നതാരായാലും സിക്സറിനു പറത്തി ആ കുളത്തിലോ സമീപത്തോ പന്തെത്തിക്കും,  പിന്നെ അതെടുക്കാന്‍  പോകാന്‍  എല്ലാര്ക്കും പേടിയാണ്.


ഹൈമാവതികുളം എന്നറിയപ്പെട്ടിരുന്ന കുളത്തെപ്പറ്റി ജൂലിയസ് ആണ് പറഞ്ഞുതന്നത്.   ഹൈമാവതി എന്നു പേരുള്ള ഒരു പെണ്കുട്ടിയെ പണ്ടാരോ റേപ്പ് ചെയ്തുകൊന്നു കുളത്തില് തള്ളിയത്രേ.. 
അങ്ങനെയല്ലാ, പ്രണയനൈരാശ്യം മൂലം പെണ്കുട്ടി കൂളത്തിലേക്കു ചാഞ്ഞുനിക്കുന്ന മരക്കൊമ്പില് തൂങ്ങിമരിച്ചതാണെന്നും ചിലര്‍  പറയുന്നു.   രാത്രികാലങ്ങളില് അതുവഴിപോകുന്നവര് മൂന്നാള് പൊക്കംവരുന്ന രൂപം കണ്ട് പേടിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും പറയപ്പെടുന്നു.   ഇതിലൊന്നും തരിമ്പും വാസ്തവമില്ലെന്നും, സ്ഥലവിലയിടിക്കാന്‍  വന്കിട ഫ്ളാറ്റ്  നിറ്മ്മാണക്കമ്പനിക്കാര്‍  പ്രചരിപ്പിക്കുന്നതാണെന്നും ഞാന്‍  എന്നെത്തന്നെ വിശ്വസിപ്പിച്ചു.


കോഡ് എഴുതി ബുദ്ധി ഉളുക്കുന്നതല്ലാതെ,  മെയ്യനങ്ങി പണിചെയ്തു ശീലമില്ലാത്തതിനാല് അന്നു ഭയങ്കര ക്ഷീണമായിരുന്നു.   വൈകിട്ടു ഓഫീസിന്ന് വന്നതറിയാതെ കിടന്നു,  കിടന്നതറിയാതെ ഉറങ്ങിപ്പോയി.   പാതിരാകഴിഞ്ഞെപ്പൊഴോ ഉണര്‍ന്നു അടുത്ത ഉറക്കത്തിനു തയ്യാറെടുത്തുകിടന്നപ്പോള് ദൂരെ നിന്നും ഒരു ശബ്ദം..

ഝിലും ഝിലും... ഝിലും ഝിലും...

ഒരുമുറൈ വന്തുപാര്ത്തായാല് പാടിനൃത്തം ചെയ്യുന്ന നാഗവല്ലിയുടെ ചിലങ്കയുടെ ശബ്ദംതാനല്ലയോയിത് എന്നൊരാശങ്ക..   ദൈവമേ, ഹൈമാവതി ഒരു നര്‍ത്തകിയായിരുന്നെന്നു ആരും പറഞ്ഞുകേട്ടതല്ലല്ലോ!!..   ശബ്ദം അടുത്തുവരുന്നതനുസരിച്ച് നെഞ്ച് പടപടാന്ന്  ഡോള്‍ബിയടിക്കാന് തുടങ്ങി.   കണ്ണിറുക്കിയടച്ച്, തല പുതപ്പിട്ടുമൂടി തലയിണക്കടിയില്‍  വച്ചു..   നോ രക്ഷ..   എത്രയും ദയയുള്ള മാതാവേ നിന്റെ സങ്കേതം തേടിവരുന്നവരെ കൈവിടില്ലല്ലോ തായേ എന്നു പ്രാര്‍ഥിച്ചു  കിടന്നു.    ചിലങ്കയുടെ ശബ്ദം അടുത്തുവരുന്തോറും ഭീകരമായി..   ഇതിനുംവേണ്ടി ഭീമാകാരമായ ചിലങ്കായാണോ അവള്‍  അണിഞ്ഞിരിക്കുന്നതു?!!


ആരോ സംസാരിക്കുന്നതുപോലെ തോന്നി.   ശ്രദ്ധിച്ചു കേട്ടപ്പോള്‍,  ഏതോ ഉത്സവം കഴിഞ്ഞുവരുന്നവഴി, കിട്ടിയകാശിനു കള്ള്മോന്തിക്കുടിച്ച് പൂസായ പാപ്പാന് ആനയോട് ഉത്സവവിശേഷം പങ്കുവയ്ക്കുന്നു.   തൊട്ടടുത്തുള്ള നാഷനല്‍  ഹൈവേയിലൂടെ ആനയെ നടത്തിക്കൊണ്ടു പോവുകയായിരുന്നു.   ഇടയ്ക്കിടെ “ഇടത്തിയാനേ.. വലത്തിയാനേ” എന്നൊക്കെ കേള്ക്കുന്നു..   ബാക്ഗ്രൌണ്ടില് പഴയ ചിലങ്ക ശബ്ദവും..

അന്നു കളി നിര്‍ത്തിയതാ.. പിന്നിടിതേവരെ.. ങാഹാ..