Friday, September 11, 2009

ഓണം വാരാഘോഷം


കാണം വിറ്റും ഓണം ഉണ്ണണം


ഓണത്തെസംബന്ധിച്ച പ്രധാന ചൊല്ലാണിത്. ഉള്ളതെല്ലാം വിറ്റുമുടിച്ചിട്ടു ഓണമാഘോഷിക്കാന്‍ ആവശ്യപ്പെടുന്ന ഈ പഴഞ്ചൊല്ലില്‍ പതിരുണ്ടോ എന്നു ഈയുള്ളവനു സംശയം.. എന്നാല്‍ ഇതിനു ഒരുപാടു അര്‍ത്ഥതലങ്ങളുണ്ടെന്നാണു അറിവുള്ളവര്‍ പറയുന്നതു.. പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുക്കുന്ന പാവപ്പെട്ടവനും പട്ടിണികിടക്കുന്ന അവന്റെ കുടുംബത്തിനും വര്‍ഷത്തിലൊരിക്കലെങ്കിലും മതിമറന്നു ആഘോഷിക്കാന്‍ ഒരു അവസരം അപ്പൊപ്പിന്നെ പട്ടിണിയും പന്നിപ്പനിയുമൊക്കെ മാറ്റിവച്ചു പലിശക്ക് പണമെടുത്താണെങ്കിലും ഒന്നു ആഘോഷിച്ചേപറ്റൂ..

ഈ ഓണക്കാലത്ത് മലയാളി കുടിച്ചു തീര്‍ത്തതു കോടികളുടെ മദ്യമാണെന്നു ബിവറേജസ് കണക്കു.. സ്വന്തമായി വാറ്റിയുണ്ടാക്കിയതു വേറേ.. ബിവറേജസ് കോറ്പൊറേഷ്ന്റെ ഈ കണക്ക് എല്ലാ പത്രങ്ങളും വളരെപ്രാധാന്യത്തോടെ തന്നെ ആദ്യ പേജില്‍ കൊടുത്തിട്ടുണ്ടു. മലയാളി ഓണത്തിനു മാത്രമല്ല ക്രിസ്ത്മസിനും ന്യൂ ഇയറിനും മറ്റു വിശേഷാവസരങ്ങളിലും വിശേഷങ്ങളൊന്നുമില്ലാത്തപ്പോഴും കുടിക്കും. ഇതിത്ര വാര്‍ത്തയാക്കെണ്ട കാര്യമുണ്ടോ?.. എത്ര കോടിയുടെ ആഭരണം വാങ്ങിയെന്നു ആരെങ്കിലും കണക്കെടുക്കാറുണ്ടോ?.. എത്ര കോടിയുടെ വസ്ത്രം വാങ്ങി?. എത്ര കോടിയുടെ ഇലക്ട്രോണിക് പകരണങ്ങള്‍ വാങ്ങിക്കൂട്ടി?.. ഇതൊക്കെ ആവശ്യമുള്ള സാധനങ്ങള്‍ ആണെന്ന ന്യായമുണ്ടാകാം.. സമ്മതിക്കുന്നു. ഇവിടെ ഓണത്തെക്കുറിച്ചു നമ്മള്‍ ചിന്തിച്ചുതുടങ്ങുന്നതു ഉത്രാടത്തിനാകാം അല്ലെങ്കില്‍ ചിങ്ങം പിറക്കുംപോഴാകാം.. എന്നാലും അതിനും എത്രയോ മാസങ്ങള്‍ക്കുമുന്‍പുതന്നെ കേരളത്തിനു പുറത്തു ഓണത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നു. മൊബൈല്‍ ഫോണ്‍ കമ്പനിക്കാരും റ്റി. വി. കമ്പനിക്കാരും എന്നു വേണ്ട പ്ലാസ്റ്റിക് വാഴയില കമ്പനിക്കാരന്‍ വരെ മൂന്നാലു മാസങ്ങള്‍ക്കുമുന്‍പുതന്നെ മുംബൈയിലും ദില്ലിയിലും മീറ്റിങ്ങ്കൂടി ചിന്തിക്കും.. ഈ ഓണത്തിനു കേരളത്തില്‍ എത്ര കോടിയുടെ വില്പന നടത്തണമെന്നു.. എത്രമാത്രം മുതലെടുക്കണമെന്നു റ്റാര്‍ഗറ്റ് ഫിക്സ് ചെയ്യും.. എന്നിട്ടതിനെല്ലാം ഓഫര്‍ എന്നു ഓമനപ്പേരിട്ട് ഇങ്ങോട്ടൊഴുക്കും ‍ യഥാര്‍ത്ഥത്തില്‍ ഓണമാഘോഷിക്കുന്നതു Sony, Nokia, Samsung, Airtel, Vodafone, Onida, LG.. ഇവരൊക്കെയല്ലെ?? പിന്നെ ഉത്തരേന്ത്യന്‍ തുണിമില്ലുകളുടെയും നാട്ടിലുള്ള വസ്ത്രവ്യാപാരശാലകളുടെയും ആഭരണശാലകളുടെയും കാര്യം പറയേണ്ടതില്ലല്ലൊ.. എന്നിട്ടു എല്ലാരും ഒരേ സ്വരത്തില്‍ പറയും..


“ഈ ഓണം ഞങ്ങളോടൊപ്പം ആഘോഷിക്കൂ..”

അങ്ങനെ പരസ്യയിനത്തില്‍ പത്രങ്ങളും ചാനലുകളും കാശുവാരുന്നു. മലയാളിയെ സംതൃപ്തനാക്കാന്‍ ചാനലുകളുടെ വക ഓണസമ്മാനമായി കുറെ സിനിമകളും കാണിക്കും. 10 മിനിറ്റ് ഇടവിട്ട് 20 മിനിട്ടു പരസ്യം കാണിച്ച് പ്രത്യേക അനുഭൂതി സൃഷ്ടിച്ച് കാഴ്ചക്കാരെ ആനന്ദലഹരിയിലാറാടിക്കുന്ന അദ്ഭുതവിദ്യ.. ഇടയ്ക്കിടെ ഓണത്തെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്ന സിനിമാതാരങ്ങളും സാഹിത്യകാരന്മാരും..


എനിക്കുമുണ്ട് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകള്‍.. കുട്ടിക്കാലത്ത് രാവിലെ കുളിച്ച് റെഡിയായി പൂക്കളമൊരുക്കിയിരുനതിന്റെ ഓര്‍മ്മകള്‍.. അന്നു പൂക്കളം കാണാന്‍ കൂട്ടുകാര്‍ വരുമ്പൊ നിറഞ്ഞപുഞ്ചിരിയോടെ അവര്‍ക്കു ആശംസകള്‍ നേര്‍ന്നതിന്റെ ഓര്‍മ്മകള്‍.. ഇപ്പൊ കാലാം മാറി.. ഇത്തവണ ഓണത്തിനു രാവിലെ എണിറ്റ് മൊബൈല്‍ എടുത്ത് പ്രിയപ്പെട്ടവര്‍ക്കെല്ലാം SMS അയച്ചു. പണ്ടു സ്കൂളില്‍ പൂക്കളമത്സരമുണ്ടകുമായിരുന്നു. അപ്പൊ ഞങ്ങളെല്ലാവരും പാടത്തും പറമ്പിലും തോട്ടുവരമ്പത്തും ഓടിനടന്ന് തുമ്പയും മുക്കുറ്റിയും ചെത്തിയും ചെമ്പരത്തിയും വാടാമല്ലിയും ഒക്കെപ്പറിച്ചു സ്കൂളില്‍ കൊണ്ടുപോകുമായിരുന്നു.. കൈ നിറ്യെ പൂക്കള്‍, അല്ലെങ്കില്‍ ഒരു കൂട്നിറയെ പൂക്കള്‍, അല്ലെങ്കില്‍ ഒരു വട്ടി നിറയെ.. ഇന്നു പൂക്കള്‍ക്കു കിലോക്കണക്കാണ്. അവിടെയും കാശുവാരുന്നതു അയല്‍ സംസ്താനക്കരാണ്. തോവാളയിലും മൈസൂരിലും ഒക്കെ പൂക്കൃഷി നടത്തുന്നതുതന്നെ ഓണം മുന്നില്‍ക്കണ്ടാണെന്നു തോന്നിപ്പോകുന്നു. വിലപേശി വാങ്ങിച്ച പൂക്കള്‍കൊണ്ടുണ്ടാക്കിയ പൂക്കളങ്ങള്‍ക്ക് ഞാന്‍ വില കല്‍പ്പിക്കുന്നില്ല സദ്യവട്ടങ്ങളൊരുക്കാന്‍ പച്ചക്കറി വരുന്നതും തമിഴ് നാട്ടില്‍നിന്നു. ഈ കഴിഞ്ഞ ഓണക്കാലത്ത് ഇരുപതു രൂപക്ക് ഒരു കിലോ പഴം പോലും കിട്ടാനുണ്ടായിരുന്നില്ല..


മാനുഷരെല്ലരും ഒന്നു പോലെ എന്നു പാട്ടില്‍ മാത്രമല്ലെയുള്ളു.. നല്ലവനായിരുന്നിട്ടും അസുരനാണെന്നകാരണത്താല്‍ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തപ്പെട്ട മഹാബലിതമ്പുരാന്റെ ഐതിഹ്യം പേറുന്ന ആഘോഷമല്ലേ ഇതു. ബ്രാഹ്മണമേല്‍ക്കോയ്മ്മയുടെയും അസമത്വത്തിന്റെയും കഥ പറയുന്നില്ലേ ഓണം.. ശ്രീബുദ്ധനുമായും ഓണത്തെബന്ധ്പ്പെടുത്തി കഥകളുണ്ട്.. ശ്രാവണമാസത്തില്‍നിന്നാണ്‍ ഓണം എന്ന പദമുണ്ടായതെന്നുതന്നെ ചിലറ് വാദിക്കുന്നു.. എന്നാല്‍ പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണത്തിന് വിദേശബന്ധത്തിന്റെയും കച്ചവടത്തിന്റെയും കഥ തന്നെയാണു പറായനുള്ളതെന്നു തോന്നിപ്പോകുന്നു. കര്‍ക്കിടകത്തിലെ പഞ്ഞം കഴിഞ്ഞ്, സമൃദ്ധിയുടെ നാളുകളില്‍ മലഞ്ചരക്കു വ്യാപാരത്തിനായി സ്വര്‍ണ്ണവുമായി കപ്പലുകളില്‍ വന്ന വിദേശിയരുടെ കഥ. കാറ്റും മഴയുംകാരണം നടുക്കടലില്‍ നങ്കൂരമിട്ടുകിടന്നിരുന്ന കപ്പലുകള്‍ കാലാവസ്ഥ അനുകൂലമകുന്ന ചിങ്ങമാസത്തില്‍ കച്ചവടത്തിനായി കേരളത്തിലേക്കു വന്നിരുന്നു. ഇവിടുന്നുള്ള പ്രകൃതിയുടെ വരദാനങ്ങള്‍ക്കു പകരമായി അവരു കൊണ്ടുവന്നിരുന്നതോ കപ്പല്‍നിറയെ പൊന്നും.. അങ്ങനെ പൊന്നിന്‍ ചിങ്ങമാസമെന്നും പൊന്നോണമെന്നും കേരളീയര്‍ വിളിക്കാന്‍ തുടങ്ങി.. ഇങ്ങനെ കച്ചവടത്തിനായി വന്ന വിദേശീയരാണ് പിന്നീട് നമ്മുടെമേല്‍ ആധിപത്യം നേടിയതു എന്നതു ചരിത്രം..

സ്വയംപര്യാപ്തതയിലൂന്നിയ ഒരു ഓണാഘോഷം എന്നുണ്ടാകും??


ഉണ്ടെങ്കിലോണംപോലെ അല്ലെങ്കിലേകാദശി... അതല്ലേ നല്ലത്.?..


.