Saturday, September 18, 2010

ഐലന്റ് എക്സ്പ്രസ്



കൊച്ചിയില്‍നിന്ന്  ബംഗലുരുവിലെക്കുള്ള യാത്രയിലായിരുന്നു ഞാന്‍. ശാപ്പാട് കഴിച്ചു ഉറങ്ങാന്‍നേരമാണ് അവിടെ വച്ചിരുന്ന ബ്ലാങ്കറ്റ് എന്റെ  ശ്രദ്ദയില്പ്പെട്ടത്‌.  നിറം മങ്ങിയ ആ ബ്ലാങ്കറ്റ് എന്നെ പഴയ ഓര്‍മ്മകളിലേക്ക് നയിച്ചു.  ഐലന്റ് എക്സ്പ്രസ്സിലെ എ സി കൊച്ചിലിരുന്നു ഞാന്‍ എന്ജിനിയറിംഗ് ജീവിതമാസ്വദിച്ച ഐലന്റിനെക്കുറിചോര്‍ത്തു. ഒരു കൊച്ചു തുരുത്തിലെ ഒരു കൊച്ചു വീട്ടില്‍ തണുപ്പത്ത് പുതച്ചുമൂടിക്കിടന്നുറങ്ങിയ ഒരു സുപ്രഭാതം...

തട്ടുമ്പുറത്ത് എലി ഓടുന്ന ശബ്ദം കേട്ടാണുറക്കമുണര്‍ന്നത്. കണ്ണുതുറക്കാതെതന്നെ കൈകൊണ്ടു പരതിനോക്കി..  ഹരി അടുത്ത് തന്നെ കിടപ്പുണ്ട്. വെള്ള വിരിപ്പിട്ട ഹിമാലയന്‍ പര്‍വ്വതനിരകളില്‍ നുഴഞ്ഞുകയറുന്ന ഭീകരനെപോലെ ഞാന്‍  വെള്ള ബ്ലാങ്കറ്റിനുള്ളിലേക്ക് നുഴഞ്ഞ് കേറി.. മഞ്ഞപ്പട്ടുകൊണ്ട് അരികടിച്ച ബ്ലാങ്കറ്റില്‍ തുന്നിപ്പിടിപ്പിച്ച പൂക്കളും അതിന്റെ വെള്ളനിറത്തോടൊപ്പം മങ്ങിപ്പോയിരുന്നു...
അവന്‍ എണീറ്റുപോയി ഒരു ചായയെടുത്തു. മേശപ്പുറത്ത് ഒരു വലിയ സ്റ്റീല്‍ ഫ്ലാസ്ക് നിറയെ തോമാപ്പിയങ്കിള്‍ കൊണ്ടുവച്ചിട്ടുപോയ നല്ല ഉശിരന്‍ ചായ..  ചായ കുടിക്കണമെന്നുമുണ്ട് ഉറക്കം തീര്‍ന്നിട്ടുമില്ല..   തൊട്ടപ്പുറത്തെ മുറിയില്‍ ചക്കരയും ഈച്ചയും പോലെ,  അടയും പഞ്ചാരയും പോലെ,  അരുണും അഭിരാമും പറ്റിച്ചേര്‍ന്നു കിടക്കുന്നു.. തടിയന്‍ തോമ രാവിലെ തന്നെ എത്തി വാതില്‍പ്പടിയിലിരുന്നു കെമിസ്ട്രി പഠിക്കുന്നു.   പണ്ടേതോ യുഗത്തില്‍ ആ വാതില്‍പ്പടിക്കു ശാപം കിട്ടിയിട്ടുണ്ടെന്നു തോന്നിപ്പോയി..  നായര്‍ എണിറ്റുവന്നു ദേഹമാ‍സകലം ചൊറിഞ്ഞുകൊണ്ട് നിന്നു...  അഭി പിന്നെയും കുറച്ചുനേരം ചുരുണ്ടുവളഞ്ഞ് കിടന്നിട്ട് എണീറ്റ് ചായ കുടിച്ചു,  പിന്നെ കുളിച്ചു,  പിന്നെ ഷേവ് ചെയ്തു,  പിന്നെ പല്ല് തേച്ചു ആദ്യമേ കുടിച്ചില്ലെങ്കില്‍ ചായ തീറ്ന്ന് കബളിപ്പിക്കപ്പെടാനും, നേരത്തെ കുളിച്ചില്ലെങ്കില്‍ വെള്ളം തീറ്ന്നുപോകാനുമുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഓരോന്നിനും അതിന്റേതായ സമയമുണ്ടെന്ന പക്ഷക്കാരനായ അഭിയുടെ നീക്കങ്ങള്‍.. നായരും ഹരിയും ചേറ്ന്നു ഹിന്ദു പത്രത്തിന്റെ സ്പോറ്ട്സ് പേജ് വായിച്ചു വലിച്ചു കീറുന്നതിനിടയ്ക്കു ഞാനും എണീറ്റ് അഴിഞ്ഞ മുണ്ടു നേരെയുടുത്തു സദസ്സില്‍ ഉപവിഷ്ടനായി പത്രത്തില്‍ കളറുപടം വല്ലതുമുണ്ടോന്നു നോക്കിയിരുന്നു..

പുറത്ത് ദിവസത്തിന്റെ തിരക്കിലേക്കു നാടുണര്‍ന്നപ്പോഴും അകത്ത് ഉറക്കച്ചടവുമാറാത്ത നാലുമുഖങ്ങള്‍ വെടിപറഞ്ഞും കോട്ടുവായിട്ടും ഇരുന്നു..   ജനലിനപ്പുറത്ത് മുറ്റവും മതിലിനപ്പുറത്ത് തോടും തോട്ടുവരമ്പും തോട്ടിലേക്കിറങ്ങുന്ന നടക്കല്ലും..  രാത്രിമുഴുവനും പമ്പയാറ്റില്‍മുങ്ങിവാരിയ ചേറ്റുമണലുമായി തോണിക്കാര്‍ പടിഞ്ഞാറോട്ടും,  വീശുവലക്കാര്‍ കിഴക്കോട്ടും തുഴഞ്ഞുനീങ്ങി.. തോടിനപ്പുറത്ത് ടാറിങ്ങ് പൂര്‍ത്തിയാകത്ത റോഡിലൂടെ ആളുകള്‍ വേഗത്തില്‍ നടന്നു നീങ്ങി.. പച്ചപ്പാവാടയും വെള്ളഷര്‍ട്ടുമിട്ട് പിന്നിയിട്ട മുടിയില്‍ റോസ് റിബ്ബണും ചുറ്റി പെണ്‍കുട്ടികളും, അവരില്‍ ചിലരുടെ കയ്യില്‍ത്തൂങ്ങി മൂക്കൊലിപ്പിച്ച് നിക്കറിട്ട ചെക്കന്മാരും,  സെന്റ് മേരിസ് പള്ളിയില്‍ കുറ്ബ്ബാന കണ്ടുമടങ്ങുന്ന കൂട്ടുകാരും ഇങ്ങോട്ടുനോക്കാതെ നടന്നുപോയി..

ആലസ്യം വെടിഞ്ഞു ഹരി കര്‍മ്മനിരതനായി ഒരു ജീന്‍സെടുത്ത് മുട്ടിന്റെ ഭാഗത്ത് ബ്ലേഡുകൊണ്ട് അഞ്ചാറ് വരഞ്ഞിട്ട് അതെടുത്തുനോക്കി സര്‍ഗ്ഗസൃഷ്ടി  പൂര്‍ത്തിയാക്കിയ കലാകാരനെപ്പോലെ പ്രൌഡഗംഭീരമായി ചിരിച്ചു..  നായരാകട്ടെ  വായുവില്‍ വളയങ്ങളുണ്ടാക്കി അതിനിടയിലൂടെ ഒളികണ്ണിട്ടുനോക്കി സ്വയം സംതൃപ്തിയടഞ്ഞു..  ഞാന്‍ ഒരു കസേരയില്‍ ചടഞ്ഞുകൂടിയിരുന്നു.   മുറിയുടെ മറ്റൊരു മൂലയില്‍ ചടഞ്ഞുകൂടിയിരുന്നിരുന്ന തവളയെ എന്റെ പേരിട്ട് വിളിക്കുന്നതിനു ആര്‍ക്കും ഒരു വിഷമവുമുണ്ടായില്ല,  എനിക്കൊഴികെ.. ഇതൊന്നും കാണാന്‍ കരുത്തില്ലാഞ്ഞിട്ടും ഓസിനു ഫുഡ് അടിക്കാന് വേണ്ടീട്ടുമായി തോമസ് അടുത്ത ഹോസ്റ്റല്‍ ലക്ഷ്യമാക്കി നടന്നു

ഒടുവില്‍ എല്ലാവരും കുളിച്ചുറെഡിയായി.. ഹരിയും അഭിയും മുന്‍പേ ഇറങ്ങി. വൈഷ്ണോദേവി ക്ഷേത്രത്തിലെ പ്രസാദം പൂജിച്ച് നായരും, ഇന്നു പൊല്ലാപ്പൊന്നുമുണ്ടാക്കരുതേ എന്നു കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ച് ഞാനും പുറകേയിറങ്ങിയതും മുന്‍പേ പോയവര്‍ ഓടിപ്പാഞ്ഞ് തിരികെവന്നു.. പത്രക്കാരന്‍ കൊച്ചേട്ടന്‍ കാശുപിരിക്കാനിറങ്ങിയത് കണ്ട് വന്നതാണ്..  മൂന്നു മാസത്തെ കാശ് കൊടുക്കാനുള്ളതുകൊണ്ട് നാലുപേരും ഒരു മുറിയില്‍ കയറി കതകടച്ചിരുന്നു.. ഒടിവില്‍ അയാള്‍ പോയെന്നുറപ്പായപ്പോള്‍ വീണ്ടും ഇറങ്ങിനടന്നു, ഉച്ചയൂണിനു മുന്‍പെങ്കിലും കോളജിലെത്തണം എന്ന ലക്ഷ്യ്ത്തോടെ പോകുന്ന വഴിയില്‍ ഒരാള്‍ മാത്രം ഞങ്ങളെ വീക്ഷിക്കുന്നുണ്ടായിരുന്നു അഭിരാമിന്റെ സ്വന്തം തട്ടങ്കിള്‍

അഭിരാമും തട്ടങ്കിളുമായുള്ള ആത്മബന്ധത്തിന്റെ കരളലിയിപ്പിക്കുന്ന് കഥ അടുത്ത യാത്രയില്‍.. 

.

2 comments:

  1. ഐലന്റ് എക്സ്പ്രസ്സിലെ എ സി കൊച്ചിലിരുന്നു ഞാന്‍, എന്ജിനിയറിംഗ് ജീവിതമാസ്വദിച്ച ഐലന്റിനെക്കുറിചോര്‍ത്തു...

    ReplyDelete
  2. നായര്‍ എനീട്ടു ‌ വന്നു ദേഹമാസകലം ചൊറിഞ്ഞുകൊണ്ട് നിന്നു... HA HA HA. Kalakki mone Joji...

    ReplyDelete