Wednesday, November 25, 2009

കുതിരമാളിക

തുറന്നിട്ട ജനാലയിലൂടെ സൂര്യപ്രകാശം കണ്ണിലടിച്ചു..  മെല്ലെ കണ്ണു തുറന്നു മൊബൈല് എടുത്തു സമയം നോക്കി. മണി ആറര കഴിഞ്ഞു…  പരശുറാം പോയിരിക്കും എന്ന കാര്യം ചിന്തയിലേക്ക് വരാന്‍ പിന്നെയും കുറച്ച് നേരമെടുത്തു..  അഞ്ച് മണിക്കുള്ള വേണാടിനു പോകണമെന്നു കരുതി കിടന്നതാ.. ഇന്നലെ കുറച്ച് കൂടിപ്പോയി…  എത്രനേരം വാചകമടിച്ച് ഇരുന്നെന്നു ഓര്‍ക്കുന്നില്ല..  ഇനിയിപ്പൊ ഏഴേകാലിന്റെ ശബരിയുണ്ടു. പക്ഷെ തലപൊങ്ങുന്നില്ല.  ആ പോട്ടെ..  കുറച്ചു നേരംകൂടി കിടക്കാം..  എട്ടേകാലിനു ജയന്തിയുണ്ടല്ലോ എന്നു വിചാരിച്ചു കിടന്നു..  കുറച്ചുകഴിഞ്ഞ് എണീറ്റു..  ഒടുവില്‍ സമയം കുറവാണെന്ന വസ്തുത മനസ്സിലാക്കി ഓടിപ്പിടുപിടുത്ത് റെയില്‍വേ  സ്റ്റേഷനിലെത്തി..  സാധാരണഗതിയിലുള്ള തിരക്കൊന്നും കാണുന്നില്ല. എന്ക്വയറിയില്‍ അന്വേഷിച്ചു..


“ജയന്തി ഇപ്പൊ പോയതെയുള്ളൂ…”


എന്റെ ചുണ്ടുകള്‍ അനങ്ങി..  പക്ഷെ സ്വരം പുറത്തുവിട്ടില്ല..  പറഞ്ഞതൊക്കെ ചീത്തവാക്കുകളായിരുന്നു..  ദേഷ്യവും സങ്കടവും കുറ്റബോധവും എല്ലാംകൂടി ഒന്നിച്ചു വന്നാല്പിന്നെ വേറെയെന്തുചെയ്യാന്‍..
 ഇനി മൂന്നരമണിക്കൂറ് കഴിഞ്ഞാലെ അടുത്ത ട്രെയിനുള്ളു.  അതുവരെ എന്തുചെയ്യുമെന്നോര്‍ത്ത്  വെറുതെയിറങ്ങിനടന്നു. നടന്നുനടന്നു കിഴക്കേകോട്ടയെത്തി.  അവിടെക്കണ്ട ഒരു ഉഡുപ്പിഹോട്ടലിന്നു മസാലദോശ കഴിച്ചപ്പോള്‍ വലിയ ആശ്വാസമായി.  പിന്നെ പതുക്കെ പദ്മനാഭസ്വാമിക്ഷേത്രം ലക്ഷ്യമാക്കിനടന്നു. കുളിച്ച്കുറിതൊട്ട് മുല്ലപ്പൂചൂടി പട്ടുപാവാടയണിഞ്ഞുവരുന്ന സുന്ദരികളായ പട്ടത്തിപ്പെണ്ണുങ്ങളെ കാണാന്‍ വേണ്ടിമാത്രം.   പക്ഷെ അവിടെക്കണ്ടതു
വടക്കെന്ത്യയില്‍നിന്ന് വന്ന ഒരു ബസ്സും അതുനിറച്ച് തൈക്കിളവിമാരും.
പൊരിവെയിലും നിരാശയും അതിന്റെ പാരമ്യത്തിലെത്തിനില്ക്കുന്നു.  ചുറ്റും കണ്ണോടിച്ചപ്പോള്‍ കുതിരമാളിക മ്യൂസിയം എന്നു കണ്ടു.   താമസംവിന അവിടെച്ചെന്നു കാര്യം ഉണര്‍ത്തിച്ചു പാസ്സ് വാങ്ങി അകത്തുകയറി.  കൂട്ടിനു ഒരു ഗയിഡും ഉണ്ടായിരുന്നു.


തിരുവിതാംകൂര്‍  രാജകുടുംബത്തെക്കുറിച്ചു ഗയിഡ് വാചാലനായി.
“ തിരുവിതാംകൂറിന്റെ ആദ്യമഹാരാജാവു മാര്‍ത്താണ്ഡവര്‍മ്മയുടെ  ആസ്ഥാനം പദ്മനാഭപുരം കൊട്ടാരമായിരുന്നു.  അദ്ദേഹത്തിനു ശേഷമുള്ള മഹാരാജാവായിരുന്നു ധര്‍മ്മരാജ എന്നറിയപ്പെട്ടിരുന്നതു.   ആറാമത്തെ മഹാരാജവായ സ്വാ‍തി തിരുനാളാണ് കുതിരമാളിക കൊട്ടാരം  പണികഴിപ്പിച്ചതു.   പ്രസസ്തരായ  തഞ്ചാവൂര്‍  ശില്പ്പികളാണ്  പണിതതു.   1829- 1846 വരെയായിരുന്നു സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ഭരണകാലം.”


കുതിരമാളികയുടെ വാതില്ക്കല്‍ത്തന്നെ  ശംഖുമുദ്ര കാണാം.   ഉള്ളിലേക്കുകടന്നാല്‍ ആദ്യംതന്നെ വെനീസില്‍നിന്ന്  കൊണ്ടുവന്ന രണ്ടു വലിയ കണ്ണാടികള്‍ കാണാം.   കൂടാതെ പഴയകാലത്തെ ആയുധങ്ങളും  അമ്പാരിയും, പല്ലക്കും, തൊട്ടിലും എണ്ണച്ചായാചിത്രങ്ങളും ഉണ്ടു.   ആയുധങ്ങളില് കണ്ടാമൃഗത്തിന്റെ തോലുകൊണ്ടുണ്ടാക്കിയ പരിചയും, വാളും കുന്തവുമെല്ലം അതതിന്റെ ശൌര്യം വിളിച്ചറിയിക്കുന്നു.   തൊട്ടടുത്ത മുറിയില്‍ കഥകളിവേഷങ്ങള്‍ നിരന്നുനിക്കുന്നു.  പച്ച, കത്തി, കൃഷ്ണന്‍, രുഗ്മിണി, കീചകന്‍, നാരദന്‍, ഹനുമാന്‍ എന്നിങ്ങനെയുള്ള വേഷങ്ങള്‍.   പിന്നിടങ്ങോട്ട് എന്റെ കണ്ണുകളെ അതിശയിപ്പിക്കുമാറ് നടരാജവിഗ്രഹം, മഹാവിഷ്ണുവിന്റെ പ്രതിമ, ആനക്കൊമ്പുകൊണ്ടുള്ള സിംഹാസനം, വിദേശത്തുനിന്നുസമ്മാനമായി ലഭിച്ച സ്ഫടികസിംഹാസനം തുടങ്ങിയ വിലപ്പെട്ട കാഴ്ചകളായിരുന്നു.


ഒരോ മുറികളിലെയും ചുവറ്ചിത്രങ്ങളും, കൊത്തുപണികളും കൊട്ടാരത്തിന്റെ പ്രതാപം വിളിച്ചറിയിക്കുന്നു.   പച്ചിലക്കൂട്ടും പഴച്ചാറുകളുമുപയോഗിച്ചുണ്ടാക്കിയ ചായങ്ങള്‍ ചുവരില്‍ നിറം മങ്ങാതെയിരിക്കുന്നു.   മുകളിലെക്കുള്ള കോണിപ്പടിയുടെ അരികില്‍ കുറേ നീളന്‍ തോക്കുകള്‍ കാണാം.   മാര്‍ത്താണ്ഡവര്‍മ്മ  മഹരാജാവ് കുളച്ചല്‍ യുദ്ധത്തില്‍ ഡച്ചുകാരില്‍നിന്നും  പിടിച്ചെടുത്തതാണവ.   മുകളിലത്തെ മുറികളിലെല്ലാം നിരവധി പുരാതനവസ്തുക്കളുണ്ട്.   സര്‍  ഐസക് ന്യൂട്ടണ്‍ കണ്ടുപിടിച്ച സൂര്യഘടികാരത്തിന്റെ ഒരു ചെറുരൂപം കണ്ടു.    ഓരോ മണിക്കൂറിലും വെടിമുഴങ്ങുന്ന തരത്തില്‍, വെടി മരുന്നു നിറച്ച ചെറിയ പീരങ്കിയോടുകൂടിയ സൂര്യഘടികാരമാണ് കൊട്ടാരവാസികളെ സമയമറിയിച്ചിരുന്നതു.    കുറച്ചകലെ പഞ്ചലോഹനിറ്മ്മിതമായ തൂക്കുവിളക്കു.   അതില്‍ ആനപ്പുറത്തിരിക്കുന്ന മഹാവിഷ്ണുവിന്റെയും ലക്ഷ്മിയുടെയും രൂപം.   ആനയുടെ രൂപത്തിന്റെയുള്ളില്‍ എണ്ണ സംഭരിക്കാം.   കത്തിത്തീരുന്നതിനനുസരിച്ച് എണ്ണ പുറത്തെക്കിറങ്ങുന്നരീതിയില്‍ രൂപകല്പനചെയ്ത ഈ വിളക്കു കെടാവിളക്കായി ഉപയോഗിച്ചിരുന്നു.   ഇതിനുപുറമെ വിദേശരാജ്യങ്ങളായ ഇറ്റലി, ബെല്‍ജിയം, ജപ്പാന്‍, ചീന എന്നിവിടങ്ങളില്‍നിന്നൊക്കെ രാജാവിന് ലഭിച്ചതായ നിരവധി സമ്മാനങ്ങളും.   കൂട്ടത്തില്‍ നേപ്പാള്‍ രാജാവു കൊടുത്തയച്ച ശ്രീ ബുദ്ധന്റെ പ്രതിമ ഉള്‍ക്കൊള്ളുന്ന ഒരു സമ്മാനം ആകര്‍ഷകമായി തോന്നി.   അന്നത്തെ കാലത്തു വിദേശരാജ്യങ്ങളുമായി തിരുവിതാകൂറിനുണ്ടായിരുന്ന ബന്ധം എന്നെ അദ്ഭുതപ്പെടുത്തി.    ഇവിടുന്നു നേപ്പാളിലെക്കു പോയിവരാന്‍ എത്രനാള്‍ വേണ്ടിവരുമായിരുന്നു,  എങ്ങനെയായിരിക്കും യാത്ര എന്നൊക്കെ ആലോചിച്ചു നിന്ന എന്നെ കൂട്ടാത്തിലുള്ള ആരുടെയോ വിളിയാണുണറ്ത്തിയതു.


എല്ലാവരും അടുത്ത മുറിയില്‍ എത്തിയിരുന്നു.   തെക്കുവശത്തിനഭിമുഖമായി സ്ഥിതിചെയ്യുന്ന കൊട്ടാരത്തിന്റെ മുന്‍വശത്ത്  മുകളിലത്തെ നിലയില്‍ 122 കുതിരകളെ തടിയില്‍ കൊത്തിവച്ചിരിക്കുന്നു.  അതാണു ഈ കൊട്ടാരത്തിനു കുതിരമാളിക എന്നു പേരുവരാന്‍ കാരണം.   മുകളില്‍ ആദ്യം കാണുന്നതു നൃത്തമണ്ഡപം.   അവിടെ ഒരു വലിയ ചപ്രമഞ്ചക്കട്ടിലുണ്ടു. അടുത്തതു പണ്ഡിതസദസ്സ്.   അവിടെയും ധാരാളം കൊത്തുപണികള്‍.   ഉത്തരം താങ്ങുന്ന തത്തയും ആനത്തലയും വ്യാളിയുമൊക്കെ കൊത്തിവച്ചിട്ടുണ്ട്.   ഒരു സദസ്സില്‍നിന്നും  അടുത്തതിലേക്കുള്ള ഇടനാഴിയില്‍ കിളിവാതിലുകളുണ്ടു.   അടുത്തതു സംഗീതസദസ്സു.    ഇരയിമ്മന്‍ തമ്പിയുടെ ചിത്രവും സ്വാതിതിരുനാള്‍ സംഗീതം ചെയ്തിരുന്ന ഒരു കൊചു മണ്ഡപവും കാണാം.   സംഗീതമണ്ഡപത്തില്‍നിന്നും  ജനലിലൂടെ വലത്തോട്ട് നോക്കിയാല്‍ പദ്മനാഭസ്വാമിക്ഷേത്രം കാണാം.   കലാകാരന്മാരിലെ രാജാവും രാജാക്കന്മാരിലെ കലാകാരനുമായ സ്വാതിതിരുനാള്‍ മഹരാജാവു നൃത്തത്തിനും സംഗീതത്തിനും എത്രമാത്രം പ്രാധാന്യം കൊടുത്തിരുന്നുവെന്നു മനസ്സിലാക്കാന്‍ ഇവിടം സന്ദറ്ശിച്ചാല്‍ മതി. 


പദ്മനാഭസന്നിധിയിലേക്കു രാജകുടുംബാംഗങ്ങള്‍ക്ക്  പോകാനായി പ്രത്യേകം വഴിയുണ്ട്.   24 ഏക്കറില്‍ സ്ഥിതിചെയ്യുന്ന ഈ 16 കെട്ടു കൊട്ടാരം ഇപ്പോഴും രാജകുടുംബത്തിന്റെ വകയാണു.   നിരവധി മുറികള്‍ അടച്ചിട്ടിരിക്കുന്നു.   സ്വത്തുവകകളെല്ലാം രാജാവു മഹാവിഷ്ണുവിനു തൃപ്പടിദാനം നല്കു‍ന്നതിന്റെ ചിത്രം
പ്രാധാന വാതില്ക്കലുണ്ട് .   ഇത്രയേറെ വിവരണം നല്കിയ  ഗയിഡിനു എന്തെങ്കിലും സമ്മാനിക്കണമെന്നു മനസ്സില്‍ വിചാരിച്ചപ്പോഴേക്കും അയാള്‍ അതു ചോദിച്ചുവാങ്ങി.   മുറ്റത്തെ പൂന്തോട്ടത്തിന്റെ ഭംഗി ആസ്വദിച്ചു കുറ്ച്ചു നേരം ഇരുന്നിട്ട് ഗയിഡിനു നന്ദിപറഞ്ഞ് ഇറങ്ങി.   അടുത്ത ട്രെയിനെങ്കിലും പിടിക്കണമല്ലൊ. എന്തായാലും കൃത്യ സമയത്തുതന്നെ സ്റ്റേഷനില്‍ എത്തി.


കുതിരമാളിക കാണാന്‍പറ്റിയതിലുള്ള സന്തോഷവും അവിടെ കണ്ടതൊക്കെയും നിങ്ങളെ അറിയിക്കണമെന്ന്  തോന്നി.  ഓര്‍മ്മയില്‍നിന്ന് ചികഞ്ഞെടുത്ത ചിലകാര്യങ്ങള്‍ കുറിച്ചിരിക്കുന്നു.   

7 comments:

  1. കുതിരമാളിക കാണാന്‍പറ്റിയതിലുള്ള സന്തോഷവും അവിടെ കണ്ടതൊക്കെയും നിങ്ങളെ അറിയിക്കണമെന്ന് തോന്നി. ഓര്‍മ്മയില്‍നിന്ന് ചികഞ്ഞെടുത്ത ചിലകാര്യങ്ങള്‍ കുറിച്ചിരിക്കുന്നു.

    ReplyDelete
  2. മനസ്സിലായിടത്തോളം ഒരു ഗംഭീരകാഴ്ച തന്നെ. ഇവിടെ വന്നനാള്‍ മുതല്‍ പോകണം എന്നു കരുതുന്ന സ്ഥലം ആണ്.

    ഇപ്പോള്‍ രണ്ട് കാര്യങ്ങള്‍ ഉറപ്പിച്ചു. ഒന്നു പോയി കാണും വിശദമായി തന്നെ. പിന്നെ അടുത്ത നവരാത്രി സംഗീതോത്സവം, ഒരു ദിവസം എങ്കിലും പോയി കാണും.

    ReplyDelete
  3. Quite nice. I am not very well versed with malayalam literature. Dehikkilla :)
    Small point to add: Reminded me of my train journeys during college. Nostalgic. Thanks :)

    ReplyDelete
  4. കുതിരമാളിക .. കലക്കി...
    http://neelambari.over-blog.com/

    ReplyDelete
  5. nannayitundu... trainukal ellam rit timil odunnatu kondu enganeyum chella gunangal undu ;)

    ReplyDelete
  6. Da Nannayitundu..I think you should write more....

    ReplyDelete