Sunday, September 19, 2010

എന്റെ സമരാന്വേഷണ പരീക്ഷണങ്ങള്‍

.

റയില് വേ ബജറ്റില് കേരളത്തെ അവഗണിച്ചതില് പ്രതിഷേധിച്ച് ട്രെയിന് തടയല് സമരം നടക്കുന്നു. തലേന്നു കോയമ്പത്തൂര് നിന്ന് കയറിയതാണു. കൃത്യ സമയത്തു കൊല്ലത്തെത്തിയതാണ്. പക്ഷെ ഇവിടുന്നങ്ങോട്ട് ഉടനെ പുറപ്പെടാന് പറ്റുമെന്നു തോന്നുന്നില്ലാ.. ഉച്ചയ്ക്കുമുന്പു ഓഫിസില് എത്താമെന്നു കൊടുത്ത വാക്ക് പാലിക്കാമെന്നു സമരക്കാര് സമ്മതിക്കുന്ന ലക്ഷണമില്ല… പിന്നെ എന്റെ ചിന്ത മുഴുവനും സമരത്താല് വലയുന്ന പൊതുജനങ്ങളെക്കുറിച്ചായി… ഒടുവില് പഴയ ചില രസകരമായ സമരമുഹൂര്‍ത്തങ്ങളിലേക്കും..


പ്രീ ഡിഗ്രിക്കു പഠിക്കുന്ന കാലം.. പഠിക്കുന്നതാകട്ടെ രാഷ്ട്രപിതാവിന്റെ നാമത്തിലുള്ള സര്വ്വകലാശാലയുടെ കീഴിലുള്ള, ദേവമാതാവിന്റെ പേരിലുള്ള കോളജില്… സര്‍വ്വകലയും പഠിക്കാന്‍ പറ്റിയ ആലയം.. സമരങ്ങളുടെ വിളനിലം.. മാണി സാറും പി. ജെ. സാറും ക്യാമ്പസ് റിക്രൂട്ടുമെന്റ് നടത്തുന്ന ഫിനിഷിങ് സ്കൂള് ആണെങ്കിലും, ഏതു പാര്‍ട്ടിയുടെ സമരപ്രഖ്യാപനം വന്നാലും ഒന്നുപോലും മിസ്സാവാത്തതരത്തില് എല്ലാ പാര്‍ട്ടിക്കാര്‍ക്കും കാന്റീനില് ഒരു ബെഞ്ചെങ്കിലും സ്വന്തമായുള്ള മാതൃകാകലാലയം… സമരകാഹളം ഒരു നേരിയ ഇരമ്പലായി തുടങ്ങി, ഒരു പ്രകമ്പനമായി തിരുമുറ്റത്തെത്തുമ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ക്കുമുന്പേതന്നെ അദ്ധ്യാപകര്‍ വാഹനം സ്റ്റാര്‍ട്ടാക്കിയിട്ടുണ്ടാകും.. ചിലര്‍ വീട്ടിലേക്കും ചിലര്‍ അടുത്തുള്ള ബാറിലേക്കും.. അങ്ങനെയിരിക്കേ ഒരു ദിവസം സ്വകാര്യബസ്സ് ജീവനക്കാരുടെ കടന്നാക്രമണത്തില് പ്രതിഷേധിച്ചുകൊണ്ട് ഒരു സംയുക്തസമരം നടന്നു..


"വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്.. " എന്നുറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് തുടങ്ങി..

കൊടിയുടെ നിറം നോക്കാതെ എല്ലാവിദ്യാര്‍ത്ഥികളും പഠിപ്പിമുടക്കില്‍ പങ്കുചേര്‍ന്നുകൊണ്ടു തങ്ങളുടെ ചുമതല നിറവേറ്റി. സ്വന്തമായി വികസിപ്പിച്ചെടുത്ത മുദ്രാവാക്യങ്ങള് മുഷ്ടിക്കൊപ്പം ആകാശവിതാനത്തെറിഞ്ഞുകൊണ്ട് ഒരു കൂട്ടുകാരന് ഷൈന് ചെയ്യുകയാണ്...

“ അകലെ അംബരവീഥികളില്‍... രാജസ്ഥാന്‍ മരുഭൂമികളില്‍...
ആറ്റം ബോംബുകള്‍ പൊട്ടുമ്പോള്..., ഇവിടെ മുഴങ്ങും ശബ്ദമിതാ...
വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്... ”

ഇടിനാദം മുഴക്കിയും കടല് രണ്ടായി പിളര്‍ത്തിയും അവന്‍ മുന്നേറുന്നതുകണ്ട് മറ്റൊരു സുഹൃത്ത് സുബിന് രാജിനു പിടിച്ചില്ല.. അവന് ഓടിനടന്നു ആളെക്കൂട്ടി ആവേശഭരിതനായി ആര്‍ത്തുവിളിച്ചു..

“ ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍...
ഒന്നിന് പത്ത്, പത്തിനു നൂറ്...
തിരിച്ചടിക്കും കട്ടായം.. ”

കൂടെയുണ്ടായിരുന്നവര്‍ അതിലേറെ ഉച്ചത്തില് ഏറ്റുപറഞ്ഞുവെന്നു മാത്രമല്ല, പുതിയ കക്ഷിയുടെ ചുറ്റും ആളുകൂടുകയും ചെയ്തു.. ഇനിയും ഒരുപാട് അസ്ത്രങ്ങള് തന്റെ ആവനാഴിയിലുണ്ടെന്നമട്ടില് ഓര്‍മ്മയിലെവിടുന്നോ തപ്പിയെടുത്ത ചില വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് വീണ്ടും ആഞ്ഞുവിളിച്ചു..

“ ഞങ്ങളെല്ലാം ഒന്നാണേ..
ഞങ്ങളില്ലാ രാഷ്ട്രീയം..
ഞങ്ങളിലില്ലാ വര്‍ണ്ണവിവേചനം..
ഞങ്ങളില്ലാ മതേതരത്വം.. ”

അവസാനം പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കുവാനന്‍ വൈകിയ ചിലര് അതും ഏറ്റുപറഞ്ഞെങ്കിലും ഭൂരിഭാഗം പേരും മൂക്കത്തുവിരല് വെച്ചുനിക്കുന്നതുകണ്ട് തങ്ങള്‍ക്കു പറ്റിയ അബദ്ധം മനസ്സിലാക്കി നിന്നു… ഇളിഭ്യതയുടെ പാരമത്തില്‍നിന്ന കുട്ടിനേതാവിനെ പൊക്കിയെടുത്ത് മലയാളം ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്നില്‍ കൊണ്ടുപോയി വര്‍ഗ്ഗിയത എന്നവാക്ക് പഠിപ്പിക്കുകയും, ഇനിയൊരിക്കലും മുദ്രാവാക്യം വിളിക്കില്ലാ എന്നു പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തിട്ടാണ് വിട്ടതെന്നാണു പിന്നീട് അറിഞ്ഞത്.. അങ്ങനെ ഓര്‍ത്തുചിരിക്കാന്‍ ലഭിച്ച ആദ്യത്തെ സമരമായി അത്..

*** *** ***

പിന്നെ രസകരമായ ഒരു സമരം നടക്കുന്നതു എന്ജിനിയറിങ് പഠനകാലത്താണ്. വിപ്ലവനായകനും ധീരദേശാഭിമാനിയുമായിരുന്ന സദ്ദാം ഹുസൈനെ തൂക്കിലേറ്റാന്‍ അമേരിക്കന്‍ പോലിസ് തീരുമാനിച്ച് നടപ്പില് വരുത്തിയതു അന്തകാലത്താണ്… സഖാവിനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സാമ്രാജ്യത്ത്വശക്തികള്‍ക്കെതിരേ പ്രകടനം നടത്താന് രാഷ്ട്രീയ നേതൃത്വം തീരുമാനമെടുത്താല്‍ നാളെയുടെ വിപ്ലവനായകര്‍ക്കു അടങ്ങിയിരിക്കനാവില്ലല്ലോ.. അങ്ങനെ എന്റെ കോളജിലും നടന്നു, ഗംഭീരമായ പ്രതിഷേധപ്രകടനവും കോലംകത്തിക്കലും.. ദുഖാര്‍ത്തരായ വിദ്യാര്‍ത്ഥികളൊക്കെ പങ്കുചേര്‍ന്ന സമരത്തില്‍, എന്റെ പ്രിയസുഹൃത്തുക്കള്‍ മുന്നില്നിന്നു നയിക്കുമ്പോള്‍, ഞാനും ഒപ്പം കൂടി..

മുളങ്കാലില്‍ ഉയര്‍ത്തിയ കോലത്തിനു പിന്നലെ നടന്നു നീങ്ങിയ അണികളെ ആവേശംകൊള്ളിക്കാന്‍പാകത്തിനു മുദ്രാവാക്യങ്ങള്‍, മണ്ണെണ്ണപ്പാത്രവുമായി നടന്ന സഖാവ് വിളിച്ചുപറഞ്ഞു…

“ ബൂര്‍ഷ്വാസികളുടെ മണിമേടകളില്‍...
വേട്ടപ്പട്ടി കുരയ്ക്കുന്നേ... ”

നാക്കുവടി ശീലമാക്കിയവര്‍ക്കല്ലാതെ പലര്‍ക്കും അതേറ്റുപറയാന്‍ സാധിച്ചില്ല.. തൊട്ടുപിറകേ, മുദ്രാവാക്യത്തിന്റെ കാഠിന്യം നിമിത്തമാണോ, അതോ സമരത്തിന്റെ ആവേശം ആളിക്കത്തിക്കുന്നതിനുവേണ്ടിയാണോ എന്നറിയില്ല, സുരേന്ദ്രന്‍ മകന്‍ സുജിത്തന്‍ വക നീട്ടി ഒരു കുര… ചാവാലിപ്പട്ടിയുടേതുമാതിരി ദയനീയമായൊരു കുര..

ചിറ്റും നിന്നവര് തലതല്ലിച്ചിരിച്ചുകൊണ്ട് നാലുപാടും ഓടി… ബാക്കിവന്ന മുന്‍നിര നേതാക്കന്മാര് ചിരിക്കണോ അതോ വായുവിലുയര്‍ത്തിയ മുഷ്ടി സമരംകൊല്ലിയുടെ മുതുകില്‍ പതിപ്പിക്കണമോ എന്നു ശങ്കിച്ചു നിന്നു.. ദൂരെ നിന്നവര്‍ കാര്യമറിയാതെ കണ്ണുമിഴിച്ചു.. സമരം പൊളിക്കാനായി സി. ഐ. എ. നിയോഗിച്ച ചാരനാണവന്‍ എന്നുവരെ പ്രചരിച്ചു… ആ പ്രദേശത്തുള്ള പട്ടികളൊന്നും പിന്നെ ഒരാഴ്ചത്തേക്കു കുരച്ചില്ലെന്നും ചില വിഘടനവാദികള്‍ പറഞ്ഞുപരത്തി…

*** *** ***

എല്ലാ സമരങ്ങളും പൊളിയാറില്ല.. സമരം വിജയിച്ചില്ലെങ്കിലും ധനനഷ്ടവും മാനഹാനിയും ഉണ്ടാകാതിരുന്നാല്‍ മതി.. കുട്ടനാടന് അരിക്കു സ്വാദുണ്ടെങ്കിലും അന്നാട്ടിലെ ഹോട്ടലികളിലെ ഊണിന്റെ നിലവാരമില്ലായ്മ ഞങ്ങളുടെ ശരീരസൌന്ദര്യത്തിനു മങ്ങലേല്പിച്ചുകൊണ്ടിരുന്നു.. കോള്ജില് പ്രത്യേകിച്ചു വിശേഷങ്ങളൊന്നുമില്ലാതിരുന്ന അവസരത്തിലല്‍, കാന്റീന്‍ വേണമെന്ന ആവശ്യം സമരരൂപേണ അവതരിപ്പിക്കുവാന്‍ തീരുമാനമായി. സമരത്തിനു മോടി കുറയാന്‍ പാടില്ലെന്ന വാശിമൂലവും, ആവശ്യം ഭക്ഷണമാണെന്ന കാരണത്താലും, കഞ്ഞിവെയ്പു സമരം തന്നെ ആയിക്കളയാം എന്നും തീരുമാനമായി.. സമരത്തിനു മുന് കൈയ്യെടുത്താല്‍ ആസന്നമായ തിരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കു മുന്‍തൂക്കം ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ സഖാക്കള്‍ തന്നെയാണ് മുന്‍നിരയില്‍.. പലവഴി തെണ്ടിനടന്ന് കിട്ടിയ കഞ്ഞിക്കലവും, മൂന്നു അടുപ്പുകല്ലും, കുറച്ചു വിറകുമായി കോളജിന്റെ തിരുമുറ്റത്തെത്തി. ഒരു പഴസഞ്ചിയില്‍ അരിയുമായി മുന്നില് നടന്ന അശുവിന്റെ മുഖത്ത്, ജീവിതത്തിലാദ്യമായി കുക്ക് ചെയ്യുന്നതിന്റെ അഭിമാനം തിളങ്ങിനിന്നതുകണ്ട് കൂടെനിന്ന ഞാന്‍ അസൂയപ്പെട്ടു. അടുപ്പുകത്തിച്ചതുമുതല് ലോനപ്പേട്ടനും കാദറുകുട്ടിയും നായരുമെല്ലാം, വിവാഹത്തലേന്നു കല്യാണവീട്ടിലെ പാചകക്കാരെപ്പോലെ ടെന്‍ഷനടിച്ചുനിന്നു. കഞ്ഞി തിളയ്ക്കുന്നത് ആകാക്ഷയോടെ നോക്കിനിന്ന ഞങ്ങളാരും പ്രിന്‍സിപ്പല്‍ തന്റെ ഔദ്യോഗിക വാഹനത്തില്‍ പാഞ്ഞടുക്കുന്നതു കണ്ടില്ല.

നിഷ്ഠൂരനായ പ്രിന്‍സിപ്പലിന്റെ ആവശപ്രകാരം ഡ്രൈവര്‍ വണ്ടി നിര്‍ത്താതെ ഓടിച്ചുപോയി കഞ്ഞിക്കലം ഇടിച്ചുതെറിപ്പിച്ചു… അപ്രതീക്ഷിതമായ ഈ നടപടിയില് എന്തുചെയ്യണമെന്നറിയാതെ നിന്നവരെല്ലാം സമരക്കാരെ ഓടിക്കാനെത്തിയ അദ്ധ്യാപകനോട് കയര്‍ത്തു. പക്ഷെ നടുങ്ങിപ്പോയതു കാദറുകുട്ടിയായിരുന്നു.. കടം മേടിച്ച കഞ്ഞിക്കലം വല്ലാതെ ചളുങ്ങിപ്പോയതുകണ്ട് സങ്കടവും ദേഷ്യവുമടക്കാനാവാതെ കാദറുകുട്ടി അദ്ധ്യാപകനോട് ആക്രോശിച്ചു..

“ സാര്‍ ഒരു കാര്യം മനസ്സിലാക്കണം… എന്റെ വാപ്പ സാറാ സാറേ…”

കേട്ടുനിന്നവരില്‍ പകുതിപ്പേര്‍ മൂക്കത്തുവിരല്‍വച്ചു. ബാക്കിപേര്‍ ചിരിച്ചുമറിഞ്ഞ് നിലത്തുവീണുകിടന്നുരുണ്ടു.. സാറകട്ടെ, ഭയവും അമ്പരപ്പും മുഖത്തുകാണിക്കാതിരിക്കാന്‍ പ്രയാസപ്പെട്ടുകൊണ്ട് ഓര്‍മ്മയിലെവിടെയോ ചികഞ്ഞുനിന്നു… അടുത്തുനിന്ന പ്രിന്‍സിപ്പല്‍ അമ്പരന്നു നിന്നു.. ഒരു സമരം പൊളിയാന്‍ മറ്റെന്തെങ്കിലും വേണോ??

തന്റെ വാപ്പ ഒരു അദ്ധ്യാപകനാണെന്നും, അദ്ധ്യാപകര് ഇങ്ങനെ പെരുമാറാന് പാടില്ലെന്ന് പറയാനുമൊക്കെയാണ് താനുദ്ദേശിച്ചതെന്നും, പറഞ്ഞുമനസ്സിലാക്കാനും വിശ്വസിപ്പിച്ചെടുക്കാനും ഒരു സെമസ്റ്റര്‍ മുഴുവന് വേണ്ടിവന്നു കാദറുകുട്ടിക്കു..

*** *** ***

Saturday, September 18, 2010

ഐലന്റ് എക്സ്പ്രസ്



കൊച്ചിയില്‍നിന്ന്  ബംഗലുരുവിലെക്കുള്ള യാത്രയിലായിരുന്നു ഞാന്‍. ശാപ്പാട് കഴിച്ചു ഉറങ്ങാന്‍നേരമാണ് അവിടെ വച്ചിരുന്ന ബ്ലാങ്കറ്റ് എന്റെ  ശ്രദ്ദയില്പ്പെട്ടത്‌.  നിറം മങ്ങിയ ആ ബ്ലാങ്കറ്റ് എന്നെ പഴയ ഓര്‍മ്മകളിലേക്ക് നയിച്ചു.  ഐലന്റ് എക്സ്പ്രസ്സിലെ എ സി കൊച്ചിലിരുന്നു ഞാന്‍ എന്ജിനിയറിംഗ് ജീവിതമാസ്വദിച്ച ഐലന്റിനെക്കുറിചോര്‍ത്തു. ഒരു കൊച്ചു തുരുത്തിലെ ഒരു കൊച്ചു വീട്ടില്‍ തണുപ്പത്ത് പുതച്ചുമൂടിക്കിടന്നുറങ്ങിയ ഒരു സുപ്രഭാതം...

തട്ടുമ്പുറത്ത് എലി ഓടുന്ന ശബ്ദം കേട്ടാണുറക്കമുണര്‍ന്നത്. കണ്ണുതുറക്കാതെതന്നെ കൈകൊണ്ടു പരതിനോക്കി..  ഹരി അടുത്ത് തന്നെ കിടപ്പുണ്ട്. വെള്ള വിരിപ്പിട്ട ഹിമാലയന്‍ പര്‍വ്വതനിരകളില്‍ നുഴഞ്ഞുകയറുന്ന ഭീകരനെപോലെ ഞാന്‍  വെള്ള ബ്ലാങ്കറ്റിനുള്ളിലേക്ക് നുഴഞ്ഞ് കേറി.. മഞ്ഞപ്പട്ടുകൊണ്ട് അരികടിച്ച ബ്ലാങ്കറ്റില്‍ തുന്നിപ്പിടിപ്പിച്ച പൂക്കളും അതിന്റെ വെള്ളനിറത്തോടൊപ്പം മങ്ങിപ്പോയിരുന്നു...
അവന്‍ എണീറ്റുപോയി ഒരു ചായയെടുത്തു. മേശപ്പുറത്ത് ഒരു വലിയ സ്റ്റീല്‍ ഫ്ലാസ്ക് നിറയെ തോമാപ്പിയങ്കിള്‍ കൊണ്ടുവച്ചിട്ടുപോയ നല്ല ഉശിരന്‍ ചായ..  ചായ കുടിക്കണമെന്നുമുണ്ട് ഉറക്കം തീര്‍ന്നിട്ടുമില്ല..   തൊട്ടപ്പുറത്തെ മുറിയില്‍ ചക്കരയും ഈച്ചയും പോലെ,  അടയും പഞ്ചാരയും പോലെ,  അരുണും അഭിരാമും പറ്റിച്ചേര്‍ന്നു കിടക്കുന്നു.. തടിയന്‍ തോമ രാവിലെ തന്നെ എത്തി വാതില്‍പ്പടിയിലിരുന്നു കെമിസ്ട്രി പഠിക്കുന്നു.   പണ്ടേതോ യുഗത്തില്‍ ആ വാതില്‍പ്പടിക്കു ശാപം കിട്ടിയിട്ടുണ്ടെന്നു തോന്നിപ്പോയി..  നായര്‍ എണിറ്റുവന്നു ദേഹമാ‍സകലം ചൊറിഞ്ഞുകൊണ്ട് നിന്നു...  അഭി പിന്നെയും കുറച്ചുനേരം ചുരുണ്ടുവളഞ്ഞ് കിടന്നിട്ട് എണീറ്റ് ചായ കുടിച്ചു,  പിന്നെ കുളിച്ചു,  പിന്നെ ഷേവ് ചെയ്തു,  പിന്നെ പല്ല് തേച്ചു ആദ്യമേ കുടിച്ചില്ലെങ്കില്‍ ചായ തീറ്ന്ന് കബളിപ്പിക്കപ്പെടാനും, നേരത്തെ കുളിച്ചില്ലെങ്കില്‍ വെള്ളം തീറ്ന്നുപോകാനുമുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഓരോന്നിനും അതിന്റേതായ സമയമുണ്ടെന്ന പക്ഷക്കാരനായ അഭിയുടെ നീക്കങ്ങള്‍.. നായരും ഹരിയും ചേറ്ന്നു ഹിന്ദു പത്രത്തിന്റെ സ്പോറ്ട്സ് പേജ് വായിച്ചു വലിച്ചു കീറുന്നതിനിടയ്ക്കു ഞാനും എണീറ്റ് അഴിഞ്ഞ മുണ്ടു നേരെയുടുത്തു സദസ്സില്‍ ഉപവിഷ്ടനായി പത്രത്തില്‍ കളറുപടം വല്ലതുമുണ്ടോന്നു നോക്കിയിരുന്നു..

പുറത്ത് ദിവസത്തിന്റെ തിരക്കിലേക്കു നാടുണര്‍ന്നപ്പോഴും അകത്ത് ഉറക്കച്ചടവുമാറാത്ത നാലുമുഖങ്ങള്‍ വെടിപറഞ്ഞും കോട്ടുവായിട്ടും ഇരുന്നു..   ജനലിനപ്പുറത്ത് മുറ്റവും മതിലിനപ്പുറത്ത് തോടും തോട്ടുവരമ്പും തോട്ടിലേക്കിറങ്ങുന്ന നടക്കല്ലും..  രാത്രിമുഴുവനും പമ്പയാറ്റില്‍മുങ്ങിവാരിയ ചേറ്റുമണലുമായി തോണിക്കാര്‍ പടിഞ്ഞാറോട്ടും,  വീശുവലക്കാര്‍ കിഴക്കോട്ടും തുഴഞ്ഞുനീങ്ങി.. തോടിനപ്പുറത്ത് ടാറിങ്ങ് പൂര്‍ത്തിയാകത്ത റോഡിലൂടെ ആളുകള്‍ വേഗത്തില്‍ നടന്നു നീങ്ങി.. പച്ചപ്പാവാടയും വെള്ളഷര്‍ട്ടുമിട്ട് പിന്നിയിട്ട മുടിയില്‍ റോസ് റിബ്ബണും ചുറ്റി പെണ്‍കുട്ടികളും, അവരില്‍ ചിലരുടെ കയ്യില്‍ത്തൂങ്ങി മൂക്കൊലിപ്പിച്ച് നിക്കറിട്ട ചെക്കന്മാരും,  സെന്റ് മേരിസ് പള്ളിയില്‍ കുറ്ബ്ബാന കണ്ടുമടങ്ങുന്ന കൂട്ടുകാരും ഇങ്ങോട്ടുനോക്കാതെ നടന്നുപോയി..

ആലസ്യം വെടിഞ്ഞു ഹരി കര്‍മ്മനിരതനായി ഒരു ജീന്‍സെടുത്ത് മുട്ടിന്റെ ഭാഗത്ത് ബ്ലേഡുകൊണ്ട് അഞ്ചാറ് വരഞ്ഞിട്ട് അതെടുത്തുനോക്കി സര്‍ഗ്ഗസൃഷ്ടി  പൂര്‍ത്തിയാക്കിയ കലാകാരനെപ്പോലെ പ്രൌഡഗംഭീരമായി ചിരിച്ചു..  നായരാകട്ടെ  വായുവില്‍ വളയങ്ങളുണ്ടാക്കി അതിനിടയിലൂടെ ഒളികണ്ണിട്ടുനോക്കി സ്വയം സംതൃപ്തിയടഞ്ഞു..  ഞാന്‍ ഒരു കസേരയില്‍ ചടഞ്ഞുകൂടിയിരുന്നു.   മുറിയുടെ മറ്റൊരു മൂലയില്‍ ചടഞ്ഞുകൂടിയിരുന്നിരുന്ന തവളയെ എന്റെ പേരിട്ട് വിളിക്കുന്നതിനു ആര്‍ക്കും ഒരു വിഷമവുമുണ്ടായില്ല,  എനിക്കൊഴികെ.. ഇതൊന്നും കാണാന്‍ കരുത്തില്ലാഞ്ഞിട്ടും ഓസിനു ഫുഡ് അടിക്കാന് വേണ്ടീട്ടുമായി തോമസ് അടുത്ത ഹോസ്റ്റല്‍ ലക്ഷ്യമാക്കി നടന്നു

ഒടുവില്‍ എല്ലാവരും കുളിച്ചുറെഡിയായി.. ഹരിയും അഭിയും മുന്‍പേ ഇറങ്ങി. വൈഷ്ണോദേവി ക്ഷേത്രത്തിലെ പ്രസാദം പൂജിച്ച് നായരും, ഇന്നു പൊല്ലാപ്പൊന്നുമുണ്ടാക്കരുതേ എന്നു കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ച് ഞാനും പുറകേയിറങ്ങിയതും മുന്‍പേ പോയവര്‍ ഓടിപ്പാഞ്ഞ് തിരികെവന്നു.. പത്രക്കാരന്‍ കൊച്ചേട്ടന്‍ കാശുപിരിക്കാനിറങ്ങിയത് കണ്ട് വന്നതാണ്..  മൂന്നു മാസത്തെ കാശ് കൊടുക്കാനുള്ളതുകൊണ്ട് നാലുപേരും ഒരു മുറിയില്‍ കയറി കതകടച്ചിരുന്നു.. ഒടിവില്‍ അയാള്‍ പോയെന്നുറപ്പായപ്പോള്‍ വീണ്ടും ഇറങ്ങിനടന്നു, ഉച്ചയൂണിനു മുന്‍പെങ്കിലും കോളജിലെത്തണം എന്ന ലക്ഷ്യ്ത്തോടെ പോകുന്ന വഴിയില്‍ ഒരാള്‍ മാത്രം ഞങ്ങളെ വീക്ഷിക്കുന്നുണ്ടായിരുന്നു അഭിരാമിന്റെ സ്വന്തം തട്ടങ്കിള്‍

അഭിരാമും തട്ടങ്കിളുമായുള്ള ആത്മബന്ധത്തിന്റെ കരളലിയിപ്പിക്കുന്ന് കഥ അടുത്ത യാത്രയില്‍.. 

.