Thursday, August 13, 2009

അക്ഷരനഗരി

.


കോട്ടയത്തുനിന്നും ട്രെയിന്‍ പുറപ്പെട്ടു. സൌകര്യപ്രദമായ ഒരു സൈഡ് സീറ്റ് കണ്ടെത്തി ഞാന്‍ അവിടെ ഇരുന്നു. പുറത്തെ കാഴ്ചയും കാണാം, കാറ്റും കൊള്ളാം. കുറെ നേരം പുറത്തേക്ക് നോക്കി ഇരുന്നു. പിന്നെ പതുക്കെ വിരസമായ യാത്രയില്‍ വായിക്കുവാന്‍ കരുതിയിരുന്ന ബുക്ക്‌ കൈയ്യിലെടുത്തു. വായിക്കാന്‍ ഒരു മൂഡ്‌ തോന്നുന്നില്ല. വെറുതെ ഒന്നു രണ്ടു പേജ് മറിച്ചുനോക്കി. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ 'പാത്തുമ്മയുടെ ആട്'... വീണ്ടും കുറച്ചു നേരം അതും കൈയ്യില്‍പിടിച്ചുകൊണ്ടു പുറത്തേക്ക് നോക്കിയിരുന്നു. മനസ്സു എവിടെയൊക്കെയോ ചുറ്റിത്തിരിയുകയാണ്. ഒരറ്റം ഒരു തെങ്ങിലും മറ്റേ അറ്റം ഒരു പ്ലാവിന്റെ ശിഖരത്തിലുമായി വലിച്ചു കെട്ടിയിരിക്കുന്ന ഒരു ബാനര്‍ ദൃഷ്ടിയില്‍ പതിഞ്ഞു. കാറ്റത്ത്‌ തുണികീറിപ്പോകാതിരിക്കുവാന്‍ നടുക്ക് ഒരു തുളയിട്ടിട്ടുണ്ടു.

"കോട്ടയം ജില്ലയുടെ അറുപതാം വാര്‍ഷികം." ട്രെയിനിനു വേഗത കൂടിയിരുന്നു. മറ്റൊന്നും വായിക്കാനൊത്തില്ല.


“ഹൊ അറുപതു കൊല്ലമായൊ? ഇത്രയും നാളുകൊണ്ടു ഇവിടെ എന്തെല്ലാം സംഭവിച്ചു.. എനിക്കെങ്ങനെ അറിയാം അതിന്റെ പകുതി പ്രായം പോലുമില്ലല്ലോ എനിക്ക്. “


വീണ്ടും പാത്തുമ്മയുടെ ആടിനെ കയ്യിലെടുത്തു. ആദ്യത്തെ പേജ് തുറന്നു


“വൈക്കം മുഹമ്മദ് ബഷീര്‍.. 1908 ജനുവരി 19-നു വൈക്കം താലൂക്കില്‍ തലയോലപ്പറമ്പില്‍ ജനിച്ചു.”

“പ്രസാധകര്‍.. ഡി സി ബുക്സ്..”


പിന്നെയും മനസ്സിലേക്കു ചിന്തകള്‍ ഓടിയെത്തി. ബഷീര്‍ കോട്ടയം ജില്ലക്കാരനാണെന്നു ചിന്തിച്ചപ്പോഴാണു ഡി സി ബുക്സിന്റെ ആസ്ഥാനവും കോട്ടയമാണെന്നു ഓര്‍ത്തത്. (ബഷീറിന്റെ ജന്മസ്തലത്തേക്കു എന്റെ വീട്ടില്‍നിന്നും 15 മിനുട്ടു ദൂരം മാത്രം.) ബഷീറിനെക്കൂടാതെ പൊന്‍കുന്നം വര്‍ക്കി, കാരൂര്‍, ലളിതാമ്പിക അന്തര്‍ജ്ജനം തുടങ്ങിയ സാഹിത്യപ്രതിഭകളും എല്ലാ പ്രതിഭകളുടെയും കൃതികള്‍ വായനക്കാരില്‍ എത്തിക്കുന്ന ഡി സി ബുക്സും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘവും. നൂറു ശതമാനം സാക്ഷരത നേടിയ രാജ്യത്തെ ആദ്യത്തെ ജില്ലായെന്ന ഖ്യാതിയും.. നൂറു വര്‍ഷം പിന്നിട്ട രണ്ടു പത്രങ്ങളുടെ പെരുമയും. ഇതില്‍പ്പരം എന്തുവേണം അക്ഷരനഗരിക്കു അഭിമാനിക്കാന്‍. ഇപ്പോള്‍ മലയാളത്തില്‍ പ്രസിധീകരിക്കപ്പെടുന്ന പുസ്തകങ്ങളില്‍ 80 ശതമാനത്തിലധികവും കോട്ടയത്തുനിന്നാണു. 1887 ല്‍ ആരംഭിച്ച ദീപികയും 1890 ല്‍ ആരംഭിച്ച മനോരമയും ഉള്‍പ്പെടെ ഒരു ഡസനോളം പത്രങ്ങള്‍ ഇവിടെനിന്നും പുറത്തിറങ്ങുന്നു.



വിദ്യാഭ്യാസരംഗത്ത് ഏറെ പുരോഗതി കൈവരിച്ച നാടാണു കോട്ടയം. മികച്ച ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുന്ന മെടിക്കല്‍ കൊളേജും നമ്മുടെ രാഷ്ട്രപിതാവിന്റെ നാമത്തിലുള്ള രാജ്യത്തെ ഏക യൂണിവേഴ്സിറ്റിയും കോട്ടയത്തിനു അഭിമാനാണ്. കേരളത്തില്‍ ഏറ്റവുമധികം കോളേജുകളുള്ളതും ഈ ജില്ലയിലാണെന്നു തോന്നുന്നു. അതിലൊന്നില്‍ പഠിക്കാന്‍ സാധിച്ചതു എന്റെ വലിയ ഭാഗ്യമായി ഞാന്‍ കാണുന്നു. കലാലയജീവിതത്തിന്റെ ഓര്‍മ്മകളിലേക്ക് ഊളിയിട്ടിറങ്ങിയപ്പോള്‍ ചായയുമായി ഒരു ചായക്കാരന്‍ വന്നു. ചായ കുടിക്കുന്നതിനിടെ കോളേജ് കാന്റീനിലെ ചായകുടിസമ്മേളനത്തെക്കുറിച്ചു ഓര്‍ത്തുപോയി വിരസമായ ക്ലാസ്സുകള്‍ കട്ട് ചെയ്ത് ഞങ്ങള്‍ ഒത്തുകൂടിയിരുന്ന സ്ഥലം അഞ്ചു രൂപ കൊടുത്താല്‍ നല്ല ചൂടു കപ്പബിരിയാണി കിട്ടും.. അതില്‍ കൈയ്യിടുന്നതോ അഞ്ചിലേറെപ്പേരും പാത്രം കാലിയകുമ്പോഴേക്ക് ആരെങ്കിലും തിരികെപ്പോകാനുള്ള വണ്ടിക്കൂലി നഷ്ട്പ്പെടുത്തിയിട്ടണെങ്കിലും അടുത്ത പ്ലേറ്റ് ഓര്‍ഡര്‍ ചെയ്തിട്ടുണ്ടാകും.. അന്നു കൈയ്യിട്ടുവാരിക്കഴിച്ചതിന്റെ സ്വാദ് ഇന്നു മറ്റൊരിടത്തും കിട്ടുന്നില്ല. ഇന്നത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപക്ഷെ ഡൊമിനോസ് പിസ്സയും ചിക്കിങ്ങിലെ ബര്‍ഗറും ഒക്കെയവും ഇഷ്ടം.



ചിന്തകള്‍ വീണ്ടും കറങ്ങിത്തിരിഞ്ഞു കോട്ടയത്തിന്റെ പ്രകൃതിഭംഗിയില്‍ എത്തി. മലകളും കുന്നുകളും ആറും തോടും കായലും നെല്‍വയലുകളും തെങ്ങിന്തോപ്പുകളുമെല്ലാം ചേര്‍ന്ന ജില്ല വേറെയുണ്ടോ എന്നു സംശയം കുരുമുളകും ഏലവും കാപ്പിയും മഞ്ഞളും ചുക്കുമെല്ലാം കൃഷി ചെയ്യുന്ന കിഴക്കന്‍ മലമ്പ്രദേശം പാടശേഖരങ്ങളും തെങ്ങിന്തോപ്പുകളുമെല്ലാം ചേര്‍ന്ന അപ്പര്‍ കുട്ടനാട്.. റബ്ബറ് കൃഷിയുടെ കാര്യം പറയെണ്ടതില്ല... ഏറ്റവുമധികം കള്ളുഷാപ്പുകളുള്ളതും ഇവിടെയാണെന്ന് തോന്നുന്നു വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന കുമരകവും അവിടുത്തെ പക്ഷിസങ്കേതവും എത്രസുന്ദരമാണു പണ്ടു നാലാം ക്ലാസ്സില്‍ പടിക്കുമ്പോ കുമരകം കാണാന്‍ പോയപ്പോള്‍ കയ്യിലുണ്ടായിരുന്ന ഭക്ഷണപ്പൊതി ഒരുകൂട്ടം കാക്കകള്‍ വന്നു കൊത്തിപ്പറിച്ചുകൊണ്ടുപോയ സംഭവം ഓര്‍ത്തു ഞാന്‍ ചിരിച്ചുപോയി.. വഴികാണിച്ചുകൊണ്ട് ക്ലാസ്സ്ടീച്ചറ് മുന്‍പെ നടന്നു കുട്ടികള്‍ പുറകെയും എന്റെയുള്ളിലെ പക്ഷിനിരീക്ഷകന്‍ ഉണര്‍ന്നു വിവിധയിനം പക്ഷികളെക്കുറിച്ചു പറിക്കുന്നതിനായി ആകാശത്തോട്ടു വായുംപൊളിച്ചുനോക്കിനിന്ന എന്റെ കയ്യില്‍ തൂക്കിയിട്ടിരുന്ന കവറ് കുറെ കാക്കകള്‍ വന്നു കൊത്തിപ്പറിച്ചുകൊണ്ടു പോയി ആരും അറിഞ്ഞില്ല.. അഭിമാനത്തിനു ക്ഷതമേല്‍ക്കുമെന്നതിനാല്‍ ആരൊടുംപറയാതെ അന്നുച്ചക്ക് ഞാന്‍ പട്ടിണി കിടന്നു...


ട്രെയിന്‍ എവിടെ എത്തിയെന്നു മനസ്സിലായില്ല. ആളുകളെ കയറ്റിയും ഇറക്കിയും അതോടിക്കൊണ്ടിരുന്നു.. തിരുനക്കര ആറാട്ടും ഏറ്റുമാനൂര് ഏഴരപ്പൊന്നാനയും വൈക്കത്തഷ്ടമിയും എല്ലാം മനസ്സില്‍ മിന്നിമറഞ്ഞു താഴത്തങ്ങാടി മുസ്ലീം പള്ളി ഇന്ത്യയിലെ പൌരാണിക മുസ്ലീം പള്ളികളില്‍ ഒന്നാണ് ‍.. തെക്കെ ഇന്ത്യയിലെ ഏക സൂര്യദേവക്ഷേത്രം എന്ന് ഒരു കൂട്ടര് അവകാശപ്പെടുന്ന ആദിത്യപുരം സൂര്യദേവക്ഷേത്രം എന്റെ വീടിന്റെ അടുത്താണു. ഇന്ത്യയുടെ ആദ്യത്തെ വിശുദ്ധ അല്ഫോന്‍സാമ്മ വളര്‍ന്ന ഭവനവും എന്റെ വീട്ടില്‍ നിന്നും നടന്നു ചെല്ലാവുന്ന ദൂരത്താണു.. വിശുദ്ധയുടെ ജന്മംകൊണ്ടു അനുഗ്രഹീതമാണു കോട്ടയം. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന കേരളകോണ്‍ഗ്രസ്സിന്റെ ഈറ്റില്ലം. രാഷ്ട്രപിതാവിന്റെ പാദസ്പര്‍ശം ഏറ്റ നാട് സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഭാഗമായ വൈക്കം സത്യഗ്രഹം.. വേമ്പനാട് കായലിന്റെ തീരത്ത്കിടക്കുന്ന വൈക്കം പ്രകൃതിരമണീയമാണു.


ഒരിക്കല്‍ വൈക്കത്തിന്റെ പ്രകൃതിരമണീയത ആസ്വദിക്കുവാന്‍ പുറപ്പെട്ടതിന്റെ ദുരനുഭവം ഇനിയും മറന്നിട്ടില്ല പ്രായപൂര്‍ത്തിയാകാന്‍ കാത്തിരിക്കുന്ന കാലം പതിനെട്ട് വയസ്സായാലുടനെ ട്രൈവിംഗ് ലൈസെന്‍സ്സ് എടുക്കണം, വോട്ടേഴ്സ് ലിസ്റ്റില്‍ പേരു ചേര്‍ക്കണം, എന്നിങ്ങനെ ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ വെമ്പി നില്‍ക്കുന്ന ഞാനും എന്റെ കൂട്ടുകാരും ഞങ്ങള്‍ ലേണേഴ്സ് എടുക്കാന്‍പോയതു വൈക്കത്താണ്‌. ഒരു സര്‍ക്കാര്‍ സ്കൂളിലാണു ടെസ്റ്റ് നടക്കുന്നതു. ടെസ്റ്റ് തോറ്റാല്‍ സപ്പ്ലി എഴുതേണ്ടിവരുമോ, കോപ്പിയടിച്ചാല്‍ ഡീബാര്‍ ചെയ്യുമോ എന്നൊക്കെ ആലോചിച്ചുനില്‍ക്കുന്ന യുവാക്കള്‍ക്കിടയില്‍ കൂസലില്ലാതെ ഞങ്ങള്‍ നിന്നു.. രണ്ട് തടിമാടന്മാരായ പോലീസുകാരാണു ടെസ്റ്റ് നടത്തിയത് ടെസ്റ്റു കഴിഞ്ഞ് റിസള്‍ട്ട് അറിയാന്‍ കുറച്ചു വൈകും എന്നു അറിയിപ്പുണ്ടായി. ഞാ‍നും എന്റെ മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് കണക്കുകൂട്ടിനോക്കി.


“ഇത്രയധികം ആളുകളുണ്ട്. എല്ലാരുടെയും ആന്‍സര്‍ പേപ്പര്‍ നോക്കി റിസല്‍ട്ട് പറയാന്‍ ഒന്ന് ഒന്നര മണിക്കൂറ് വേണ്ടിവരും.” കണക്കില്‍ മിടുക്കനായ ഒന്നാമന്‍ പറഞ്ഞു.


സാഹസികപ്രിയനായ രണ്ടാമന്റെ മറുപടിക്കു താമസമുണ്ടായില്ല. “എന്നാപ്പിന്നെ നമുക്കു ഇവിടെയൊക്കെ ഒന്നു കറങ്ങിനടന്നു കണ്ടുകളയാം..“


“പക്ഷേ എവിടെപ്പോകും?” ചോദ്യം എന്റേതായിരുന്നു.


നേരത്തെ മനസ്സില്‍ കരുതിവച്ചത്പോലെ മൂന്നാമന്‍ പറഞ്ഞു.. “ബോട്ട് ജെട്ടി പോകാം..”


എല്ലാവര്‍ക്കും സമ്മതം പോയവഴിക്കു കോഫീ ഹൌസില്‍ കയറി കാപ്പിയും കുടിച്ചു, ബോട്ട് ജെട്ടിയില്‍ പോയി, കാറ്റും കൊണ്ട്, കാലും കഴുകി, വര്‍ത്തമാനം പറഞ്ഞ് തിരിച്ചു വന്നപ്പോഴുണ്ട് ടെസ്റ്റ് നടന്ന സ്കൂളില്‍ ആരുമില്ലാഞങ്ങള്‍ അവിടെയെല്ലാം നോക്കി. ഇല്ല ആരുമില്ല. ചെറിയ ഭയം തോന്നിയെങ്കിലും ആരും പുറത്തുകാണിച്ചില്ല. നേരെ ആര്‍. ടി. ഓഫീസിലേക്ക് വിട്ടു. അവ്ടെ ചെന്നു കാര്യം പറഞ്ഞു. പ്യൂണ്‍ ആണെന്നു തൊന്നി.. ഞങ്ങളെ ഒന്നു ഇരുത്തിനോക്കിയിട്ട് പറഞ്ഞു.

“സാറ് വരുന്നതുവരെ പുറത്ത് വെയിറ്റ് ചെയ്യ്..”

കുറേ നേരം വെയിലത്തു നിന്നു.. ഒരു പോലീസ് ജീപ്പ് മുന്നില്‍ നിര്ത്തി.. അതില്‍ നിന്നും നേരത്തെ കണ്ട പോലീസുകാരന്‍ ഇറങ്ങി അകത്ത്ക്കു കയറിപ്പോയി. ഞങ്ങള്‍ പുറകെ ചെന്ന് രാജാവിന്റെ മുന്‍പില്‍ പ്രജകളെപ്പോലെ കാര്യം ഉണര്‍ത്തിച്ചു.


“ഭാ‍.. നിനക്കൊക്കെവേണ്ടി എത്രനേരം കാത്തുനിക്കണമെടാ നിനക്കൊന്നും ലൈസെന്‍സു കിട്ടാന്‍ യൂഗ്യതയില്ല നേരം കളയാതെ വീട്ടില്‍ പൊയ്ക്കൊ.."


ആജ്ഞയും അധിക്ഷേപവും കലര്‍ന്ന സ്വരം കേട്ട് ഞങ്ങള്‍ പതറിയില്ല. അവിടെത്തന്നെ നിന്നു ഓഫീസിനു പുറത്തു കാരണം ഈ വിവരം വീട്ടില്‍ പറഞ്ഞാല്‍ ഇതിലും ഭയങ്കരമായിരിക്കുംഒടുവില്‍ ഞങ്ങളുടെ സത്യഗ്രഹത്തില്‍ മനസ്സുമാറി ഇന്‍സ്പെക്ക്ടര്‍ ഞങ്ങള്‍ക്കു ലേണേഴ്സ് തന്നു വിജയശ്രീലാളിതരായി ഞങ്ങള്‍ വീട്ടിലേക്കു മടങ്ങി..


ട്രയിന്‍ നിന്നു.. എല്ലാവരും ഇറങ്ങുന്നു.. അനന്തപുരി എത്തി.. “ഈശ്വരാ അക്ഷരനഗരിക്കു ഒരാപത്തും വരുത്തരുതെ എന്നു പ്രാര്‍ത്തിച്ചുകൊണ്ട്‌ ഞാനും ഇറങ്ങി.


.