Saturday, October 9, 2010

കഫേ കോഫീ ഡേ


.
എന്‍ജിനിയറിംഗ് പഠനം പൂര്‍ത്തിയാക്കി ജോലിയും കൂലിയുമില്ലാതെ വീട്ടില്‍ പുരനിറഞ്ഞുനില്‍ക്കുന്ന കാലം..  പൊതുമേഖലാസ്ഥാപനങ്ങളില്‍ കേറിപ്പറ്റാന്‍ പിടിപാട് മാത്രം പോരാ നല്ലമാര്‍ക്കും വേണം,  പണമിടപാട് സ്ഥാപനങ്ങളില്‍ കേറിക്കൂടാന്‍ കൈയ്യില്‍ പണം മാത്രം പോരാ പ്രായോഗികപരിജ്ഞാനവും വേണം,   ബഹുരാഷ്ട്രകമ്പനികളില്‍ കേറിവിലസാന്‍ വിവരം മാത്രം പോരാ കമ്മ്യൂണിക്കേഷന്‍ സ്കില്ലും വേണം  എന്നിങ്ങനെയുള്ള അടിസ്ഥാന തത്വങ്ങള്‍ സ്വാനുഭവത്തിലൂടെ മനസ്സിലാക്കിയെടുത്ത കാലം...    ഒടുവിലാണ്  ഏതെങ്കിലും കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ്  ലാംഗ്വേജ് സ്വായത്തമാക്കിയാല്‍  ചുളുവില്‍ കാര്യം നേടാം എന്ന ബോധമുദിച്ചത്.. 


അങ്ങനെ ജാവ പഠിക്കണമെന്ന മോഹവുമായി  ചെന്നുകയറിയത്  തലസ്ഥാനത്തെ പേരുകേട്ട  ഒരു ഇന്‍സ്റ്റിറ്റ്യുട്ടില്‍..  അവശ്യം അറിയിച്ചപ്പോള്‍ ഫീസ് വെക്കാന്‍ പറഞ്ഞു.   ലോണ്‍ അനുവദിച്ചുതന്ന സ്റ്റേറ്റ് ബാങ്ക് മാനേജരെ മനസ്സില്‍ ധ്യാനിച്ചു  ചെക്ക് എടുത്തുവീശിയതും  അഡ്മിഷന്‍ റെഡി...   പിന്നീടങ്ങോട്ട് കംപ്യൂട്ടര്‍ ലാബില്‍ ചീട്ടുകളിയും  തിയറിക്ളാസ്സില്‍ ഉറക്കംതൂങ്ങലുമായി  രണ്ടുമാസം..   ഒടുവില്‍ കോഴ്സ് തീരാന്‍   ഒരു മാസം ബാക്കിയുള്ളപ്പോഴ്   ദക്ഷിണയായി പ്രോജക്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു.   അഞ്ച്പേര്‍ വീതമുള്ള പല ഗ്രൂപ്പായി തിരിച്ച്,   പ്രോജക്റ്റിനുവേണ്ട നിര്‍ദ്ദേശങ്ങളും നല്‍കി  ഗുരുനാഥന്‍ മുങ്ങി.

എന്റെ ഭാഗ്യമെന്നെ പറയേണ്ടു,   ക്ലാസ്സിലെ രോമാഞ്ചകഞ്ചുകം എന്റെ ഗ്രൂപ്പില്‍ തന്നെ. രോമാഞ്ചത്തെ സ്വന്തം ഗ്രൂപ്പിലാക്കാന്‍ പല ചരടുവലികളും നടന്നെങ്കിലും   മുങ്ങിയ ഗുരുനാഥന്‍ പിന്നെ പൊങ്ങാതിരുന്നതുകൊണ്ട്   അതൊന്നും ഫലവത്തായില്ല.   എന്തു പ്രോജക്റ്റ് ചെയ്യും   എങ്ങനെ ചെയ്യും എന്നൊക്കെ ഞങ്ങളഞ്ചുപേര്‍  വട്ടംകൂടിയിരുന്നാലോചിച്ചു.  രോമാഞ്ചത്തെ  ഇമ്പ്രസ്സ് ചെയ്യുന്നതിനുവേണ്ടി ഞാന്‍ തലപുകഞ്ഞും  തലകുത്തിനിന്നും  തലപുണ്ണാക്കിയും ആലോചിച്ചു.   കുറേ പൊട്ടിച്ചിരികളുയര്‍ന്നതല്ലാതെ വൈകുന്നേരമായിട്ടും ഒരു തീരുമാനമായില്ല.
ഒടുവില്‍ ഞങ്ങളൊരു സത്യം മനസ്സിലാക്കി.   ക്ലാസ്സ്മുറിയുടെ നാലുചുവരുകള്‍ക്കുള്ളിലിരുന്നാലോചിച്ചാല്‍  ഐഡിയ വരത്തില്ല..

“ലെറ്റ്സ് ഗോ റ്റു കഫേ കോഫി ഡെ. അവിടെ നല്ല ambience കിട്ടും.  കാര്യങ്ങള്‍ ഡിസ്കസ്സ് ചെയ്യാന്‍ പറ്റിയ സ്ഥലം..”    രോമാഞ്ചം മൊഴിഞ്ഞു.

മൊഴിഞ്ഞതു  രോമാഞ്ചമായതുകൊണ്ടും  കാപ്പികുടിക്കാന്‍ മുട്ടിയതുകൊണ്ടും  ആരും എതിരഭിപ്രായമൊന്നും പറഞ്ഞില്ല.   തൊട്ടടുത്ത കഫേ കോഫീ ഡേയിലേക്ക്   വട്ടമേശസമ്മേളനം പറിച്ചുനട്ടു.   കുറേ നേരം അവിടെയുമിരുന്നു.  ജ്യോതീം വന്നില്ല മണ്ണാങ്കട്ടേം വന്നില്ല  എന്നു പറയുന്ന കിലുക്കത്തിലെ രേവതീടേതു പോലെയായി  പലരുടെയും മുഖഭാവങ്ങള്‍...  കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വന്നു,  വെയിറ്റര്‍.. ഓര്‍ഡറെടുക്കാന്‍..

“എനിക്കൊരു കപ്പുച്ചീനോ..”

“വണ്‍ ഐസ്ഡ് റ്റീ ആന്‍ഡ് എ ചിക്കന്‍ സാന്‍ഡ്വിച്ച്..”

“ഇവിടൊരു കഫേ മോക്ക... ആ പിന്നെ ഒരു ബ്രൌണി.. ”

“ഒരു കപ്പുച്ചീനോ കൂടി...”

നാലുപേരും ഓര്‍ഡര്‍ ചെയ്തു. ഞാനും ഒട്ടും അമാന്തിച്ചില്ല..

“എനിക്ക്  ambience  മതി..”

വെയിറ്ററുടേതുള്‍പ്പെടെ പത്ത് കണ്ണുകള്‍ പുറത്തേക്കു തെറിച്ചുവന്നുനിന്നു,  ചോദ്യചിഹ്നം കണക്കെ.  ഞാന്‍ ഒന്നുകൂടെ വ്യക്തമാക്കി പറഞ്ഞു.

“ഇവിടെ നല്ല  ambience  കിട്ടുമെന്നു പറഞ്ഞല്ലെ ഇവിടെ കൊണ്ടുവന്നത്..  അതു തന്നെ പോരട്ടെ... ”

ആകെ നിശ്ശബ്ദത...  പിന്നെ കുറേ പൊട്ടിച്ചിരികളും നിലവിളികളും അട്ടഹാസങ്ങളും എന്റെ ചെവിയില്‍ തല്ലിയലച്ചു...  ലജ്ജ..  പരിപൂര്‍ണ്ണ ലജ്ജ...    ഒരു നാട്ടിന്‍പുറത്തുകാരന്‍  സിറ്റിയില്‍ വന്നാല്‍ അറിഞ്ഞും കണ്ടും നിക്കണമെന്ന  പ്രായോഗികതത്വം  അന്നു ഞാന്‍ മനസ്സിലാക്കിയതുകാരണം  പിന്നീടങ്ങോട്ട് പുതിയൊരു ജീവിതമായിരുന്നു..   ഇന്നിതോര്‍ക്കുമ്പോള്‍ ഭാരതത്തിന്റെ മഹാനായ തത്വചിന്തകന്‍ അഭിഷേക് ബച്ചന്‍ പറഞ്ഞതെത്ര ശരിയാണെന്നു തോന്നുന്നു...

"An idea can change your life.."

.