Monday, May 18, 2009

വേണാട്‌ എക്സ്പ്രെസ്സ്

.

രു
തീര്‍ത്ഥാടനം കഴിഞ്ഞു തിരികെ തിരുവന്തപുരത്തേക്ക് പോകാന്‍ ഞാന്‍ തീവണ്ടി അപ്പീസിലെത്തി. ടിക്കറ്റ്‌ എടുത്തു ഞാന്‍ കാത്തിരിന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. നഗരത്തിന്‍റെ തിക്കും തിരക്കുമില്ല. കമ്പ്യൂട്ടര്‍ ടിക്കറ്റിംഗ് ഇതു വരെ അവിടെ നിലവില്‍ വന്നിട്ടില്ല. ഇപ്പോഴും ചെറിയ കട്ടിയുള്ള കാര്‍ഡ് ആണ് തരുന്നത്. സ്റ്റേഷന്‍-ടെ മുന്‍വശത്ത് കുറച്ചു ദൂരെ ആയി ഒരു ആല്‍മരം പന്തലിച്ചു നീല്ക്കുന്നു. മിക്കപ്പോഴും ഞാന്‍ അതിന്റെ ചുവട്ടില്‍ നിന്നു ആത്മസുഖം അനുഭവിക്കാറുണ്ട്. ഇന്നു നല്ല മഴകൊളുണ്ട്. ആല്‍മരച്ചുവട്ടിലെ ശീതളിമയില്‍നിന്നും പിന്‍വാങ്ങി പ്ലാത്ഫോര്‍മിന്റെ ഒടുവിലത്തെ കസേരയില്‍ ചെന്നിരുന്നു. മഴ ചെറുതായി ചാറിത്തുടങ്ങി. പാളത്തില്‍ നിന്നും നീരാവി ഉയരുന്നു. നിലത്തുനിന്നു ഉയരുന്ന പുതുമണം എന്നെ ബാല്യകാല സ്മരണയിലേക്ക് ക്ഷണിച്ചു. തണുത്ത മഴത്തുള്ളികള്‍ എന്റെ മുഖത്തും മോട്ടത്തലയിലും കുളിര് പകര്‍ന്നു. ആകെക്കൂടി അവാച്യമായ ഒരു അനുഭൂതി. ഒരു ചൂളം വിളിയാണ് എന്നെ മഴയുടെ ലോകത്ത് നിന്നും തിരിച്ചു കൊണ്ടുവന്നത്.

ട്രെയിന്‍ നിന്നു. മുന്നില്‍ കണ്ട കംപാര്‍ത്മെന്റ്റില്‍ ചാടിക്കയറി. വാതില്‍ക്കല്‍ നിന്ന ഒരാള്‍ എന്നോട് കയര്‍ത്തു. എന്റെ തോളില്‍ കിടക്കുന്ന ബാഗ്‌ എടുത്തു കയ്യില്‍ പിടിക്കാന്‍ പറഞ്ഞു. അത് എനിക്കിഷ്ടപ്പെട്ടില്ല. ഞാന്‍ അയാളോട് മാറിനില്‍ക്കാന്‍ പറഞ്ഞു. പ്രശ്നം രൂക്ഷമായി. രണ്ടുപേരുടെയും സ്വരത്തിന് ഗാംഭീര്യം കൂടി. പിന്നെയും അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ പറഞ്ഞു. ഇതിനിടയില്‍ ഞാന്‍ അയാളെ ശരിക്ക് ഒന്നു നോക്കി. നല്ല ആരോഗ്യം. എന്നേക്കാള്‍ ഉയരവും തടിയും. പിന്നെ ഒട്ടും അമാന്തിച്ചില്ല. ഞാന്‍ അയഞ്ഞു. ഒരു ചെറു ചിരി തൂകി ചേട്ടാ എന്ന് വിളിച്ചു പ്രശ്നം അവസാനിപ്പിച്ചു. കണ്ടു നിന്നവര്‍ ഞാന്‍ ഒരു മാന്യന്‍ ആണെന്ന് വിചാരിച്ചു.

ബാഗ്‌ തോളില്‍ നിന്നു താഴെ ഇറക്കി മുകളില്‍ വച്ചു. ഇരിക്കാന്‍ സീറ്റ് കിട്ടാതെ നിന്നു. വീണ്ടും ഒരു ട്രെയിന്‍ യാത്ര കൂടി. നേര്‍ത്ത മഴയും തണുപ്പും ജനല്‍ കമ്പിക്കിടയിലൂടെ കാണുന്ന പച്ചപ്പും ആസ്വദിച്ച് നിന്നു. "കാപ്പി കാപ്പി" വിളികളും കൊച്ചു കുട്ടികളുടെ കരച്ചിലും എല്ലാം ഒരു ചൂളം വിളിയുടെ ധ്വനി. ഇരുളടഞ്ഞ തുരങ്കത്തിലും ട്രാക്ക് തെറ്റാതെ ഓടുന്ന വേണാട്‌ എക്സ്പ്രസ്സ് ഒരു തപസ്യ പോലെ. കോട്ടയം എത്താറായി. സീറ്റ് കിട്ടി. നേരെ മുന്‍പിലുള്ള സീറ്റില്‍ മൂന്നു പെണ്‍കുട്ടികള്‍ ഇരിക്കുന്നു. പുറത്തു മഴ ചന്നം പിന്നം പെയ്യുന്നു. അകത്തു നല്ല ഉഷ്ണം. സൈഡ് സീറ്റില്‍ ഇരുന്നു മഴയുടെ ആലിംഗനം ഏറ്റുവാങ്ങാന്‍ ഞാന്‍ കൊതിച്ചു. മുന്‍പിലത്തെ സീറ്റില്‍ തമാശകളും പൊട്ടിച്ചിരികളും. മൊബൈല്‍ ഫോണില്‍ എസ് എം‌ എസ് വായിച്ചു ചിരിക്കുകയാണ്. ഒരു പെണ്‍കുട്ടി ഇടക്കിടക്ക് ചുമയ്ക്കുന്നു. ഞാന്‍ അവരെ ശ്രദ്ധിച്ചു തുടങ്ങി. മഴ നിന്നു. ചുമ നിന്നില്ല. കാറ്റു വീശുന്നുണ്ട്. ഒരു ചെറിയ കാറ്റു അവളുടെ വസ്ത്രധാരണ രീതിയില്‍ ചില പരിണാമങ്ങള്‍ ഉണ്ടാക്കിയപ്പോഴാണ് ഞാന്‍ സത്യത്തില്‍ ശ്രദ്ധിച്ചു തുടങ്ങിയത്. അഴകാര്‍ന്ന മുടി പാറിപറക്കുന്നു. കണ്ണുകള്‍ ചിമ്മിയടയുന്നു. എന്റെ നോട്ടം പിന്‍വലിക്കാന്‍ തോന്നിയില്ല. അവളുടെ മൊബൈല്‍ ശബ്ദിച്ചു. അവളുടെ ശബ്ദത്തിനായി അറിയാതെ കാതോര്‍ത്തു. വിളിച്ചത് ആരാണെന്നു മനസ്സിലായില്ല. ആരോ അവളെ കാണാന്‍ അടുത്ത സ്റ്റേഷനില്‍ കാത്തുനില്‍പ്പുണ്ടെന്നു മനസ്സിലായി.

മഴ വീണ്ടും തുടങ്ങി. അവള്‍ മടങ്ങി വരുന്നതിനുമുന്‍പേ തീര്‍ന്നു. ആരെക്കാണാന്‍ പോയതാണെന്ന് അടുത്തിരിക്കുന്ന കൂട്ടുകാരി ചോദിക്കുന്നത് കേട്ടു. ചെങ്ങന്നൂര്‍ പഠിക്കുന്ന അനിയനെയാണെന്ന് മറുപടി പറയുന്നതു കേട്ടപ്പോള്‍ എന്തോ ഒരു ആശ്വാസം പോലെ. എന്താണങ്ങനെ തോന്നിയത് എന്ന് പലവട്ടം ആലോചിച്ചു. വെറുതെ. പിന്നെയും ഒരു ചുമ എന്നെ ആലോചനയില്‍ നിന്നു ഉണര്‍ത്തി. ഒന്നു സംസാരിച്ചാലോ? എന്താ പറയുക? ആളുകള്‍ കാണില്ലേ? ഇന്നേവരെ ഇങ്ങനെ ഒരു പെണ്ണിനോടും ഇടിച്ചുകേറി മിണ്ടിയിട്ടില്ല. എനിക്കതിന്റെ ആവശ്യം ഇല്ല. തോന്നിയിട്ടുമില്ല. മോശമല്ലേ? നാണക്കേടല്ലേ? എന്‍റെ ആത്മാഭിമാനത്തിന് മുന്‍പില്‍ കീഴടങ്ങാതെ ഞാന്‍ ചോദിച്ചു.

"എവിടാ ഇറങ്ങുന്നെ?".
"കായംകുളം".
പിന്നെ കുറെ നേരം നിശ്ശബ്ദത. ഇപ്പോ കുറച്ചു കോണ്ഫിടെന്‍സ് ആയി. അവള്‍ ചുമച്ചു.

ഞാന്‍ ചോദിച്ചു. "എന്ത് ചെയ്യുന്നു?"
അവള്‍ കേട്ടില്ല. അല്ലെങ്കില്‍ കേട്ട ഭാവം നടിച്ചില്ല. എന്റെ കോണ്ഫിടെന്‍സ് പോയി.

പിന്നിടുള്ള അവളുടെ ഇരിപ്പ് വളരെ ശ്രദ്ധിച്ചയിരുന്നു. അടക്കവും ഒതുക്കവും ഉള്ള കുട്ടിയായി. അതിനുമുന്നില്‍ ട്രെയിനിന്റെ സ്പീഡും കാറ്റും തോറ്റുപോയി. മുടി പിന്നെ പാറിയില്ല. മിഴിചിമ്മിയില്ല. എനിക്ക് നിരാശ തോന്നിയില്ല. ചുമ നിന്നില്ല. വീട്ടില്‍ ചെന്നാല്‍ ഉടനെ കുറച്ചു കല്‍ക്കണ്ടവും നാരങ്ങ നീരും സമം ചേര്‍ത്തു കഴിച്ചാല്‍ നല്ലതാണെന്ന് പറഞ്ഞാലോ? കായംകുളം സ്റ്റേഷന്‍ എത്താറായി. അവള്‍ എണീറ്റ്‌ പോയി വാതില്‍ക്കല്‍ നിന്നു. നിര്‍ത്തിയപ്പോള്‍ തിരിഞ്ഞു എന്നെ നോക്കി. കിട്ടിയ തക്കത്തിന് ഞാന്‍ "ബൈ" എന്ന് ചുണ്ടനക്കി. കണ്ടുകാണുമോ? എനിക്ക് ചിരി വന്നു. ട്രെയിനില്‍ നിന്നു ഇറങ്ങി അവള്‍ ജനലിന്റെ അരികില്‍ വന്നു. സൈഡ് സീറ്റില്‍ ഇരിക്കുന്ന കൂടുകാരിയോടു ബൈ പറഞ്ഞു തിരിഞ്ഞു നടന്നു. പിന്നെ വീണ്ടും തിരിഞ്ഞുനിന്നു ആരോടുമായല്ലാതെ "ബൈ" എന്ന് ചുണ്ടനക്കി. മഴ പെയ്യുന്നുണ്ടോ എന്ന് ഞാന്‍ നോക്കി.

അവളുടെ പേരെന്താണെന്ന് കൂട്ടുകാരിയോട് ചോദിച്ചു. അന്ന. ഒരു സങ്കീര്‍ത്തനം പോലെ തോന്നി. ടെസ്തെയ്വ്സ്കിയുടെ പ്രണയിനിയെപ്പോലെ അവള്‍ അതിമനോഹരി ആയിരുന്നില്ല. കേട്ടു മറന്ന ഏതോ കഥയിലെ നാടന്‍ പെണ്ണും ആയിരുന്നില്ല. കുടമുല്ല പൂ ചൂടിയിരുന്നില്ല. പട്ടു പാവാടയും ബ്ലൌസും ആയിരുന്നില്ല വേഷം. പിന്നെ എന്തെ എനിക്ക് ഇതെല്ലം ഇങ്ങനെ എഴുതാന്‍ തോന്നിയത്? മഴയുടെ ഏകാന്ത സംഗീതം പോലെയായിരുന്നു അവള്‍ അലിഞ്ഞു പോയത്... അതായിരിക്കും കാരണം..


.