ഒരു ഞായറാഴ്ച വൈകുന്നേരം വെറുതെയിരുന്നു മുഷിഞ്ഞപ്പോഴാണ് അരുവിക്കര പോകാമെന്നു തീരുമാനിച്ചത്. തിരുവനന്തപുരം നഗരത്തിലേക്ക് വെള്ളമെത്തിക്കുന്നതിനുവേണ്ടി കരമനയാറിനുകുറുകെ 1934-ല്‍ പണിത ഒരു മിനി ഡാമും, തൊട്ടടുത്തുള്ള ഭഗവതിക്ഷേത്രവുമാണ് അരുവിക്കരയെ പ്രശസ്തമാക്കുന്നത്.. നെടുമങ്ങാട് താലുക്കില്‍പ്പെട്ട അരുവിക്കരയിലേക്ക് നഗരത്തില്‍നിന്നും ഏകദേശം 16 കിലോമീറ്റര്‍ ദൂരമുണ്ട്.
ബൈക്കിലായിരുന്നു യാത്ര. ശ്രീകാര്യത്തുനിന്നുതുടങ്ങി പേരൂര്‍ക്കട വഴി കരകുളത്തെത്തിയിട്ട് അവിടുന്ന് വലത്തോട്ട് തിരിഞ്ഞ് അരുവിക്കരയിലെത്താനായിരുന്നു ഞങ്ങളുടെ പ്ലാന്‍. എന്നാല്‍ കരകുളം എത്താറായപ്പോള്‍ വഴിയരുകില്‍ കണ്ട ബോര്‍ഡില്‍ “കോയിക്കല്‍ പാലസ് – 6 km" എന്നു കണ്ടു. ഉടനെ പ്ലാന്‍ മാറ്റി, നേരെ കോയിക്കല്‍ കൊട്ടാരത്തിലേക്ക്..
പതിനഞ്ചാം നൂറ്റണ്ടിലെ കേരളീയ വാസ്തുശില്പവിദ്യയുടെ മകുടോദാഹരണമായ ഈ കൊട്ടാരം നാലുകെട്ടിന്റെ ആകൃതിയിലാണ് പണിതിട്ടുള്ളത്. ഒറ്റ തൂണും ചരിഞ്ഞ മേല്‍ക്കൂരയും മറ്റും ചേര്‍ന്ന് കേരളീയ പാരമ്പര്യശൈലിയെ പരിപോഷിപ്പിക്കുന്ന ഈ രാജമന്ദിരം വേണാട് രാജവംശത്തിന്റെ ഏറ്റവും പഴക്കമുള്ള കൊട്ടാരങ്ങളിലൊന്നാണ്.
അകത്തുകടന്ന് ആദ്യമേതന്നെ നാണയദൃശ്യമന്ദിരമാണ്.. നാണയങ്ങളെക്കുറിച്ചും മറ്റും വിശദീകരിച്ചുതരാന്‍ ഒരു പുരാവകുപ്പ് ഉദ്യോഗസ്ഥയും ഉണ്ടായിരുന്നു. കാര്‍ഷപണങ്ങള്‍, റോമന്‍ സ്വറ്ണ്ണനാണയങ്ങള്‍, റോമന്‍ വെള്ളിനാണയങ്ങള്‍ (അതന്നെ, ക്രിസ്തുവിനെ ഒറ്റിക്കൊടുത്തത്തിനു യൂദാസിനു കിട്ടിയ വെള്ളിക്കാശ് തന്നെ), തിരുവിതാംകൂര്‍ നാണയങ്ങള്‍, നാണയനിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന സാധനസാമഗ്രികള്‍ (അതന്നെ, കമ്മട്ടം തന്നെ), പഴയകാലത്തെ അളവുതൂക്കങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ കാണാന്‍ കഴിയും.
നടുമുറ്റം കടന്ന് അടുത്തമുറിയിലെത്തിയപ്പൊ അവിടെ കേരളചരിത്രം വിളിച്ചോതുന്ന ചിത്രങ്ങളും നടരാജവിഗ്രഹവും, സമീപത്തെ കുളത്തില്‍ നിന്നു കണ്ടെടുത്ത പുരാതന വിഗ്രഹങ്ങളും, കലമാന്റെ തലയും, ആനയുടെ താടിയെല്ലുമൊക്കെ വച്ചിരിക്കുന്നു. തറയില്‍ ഭൂമിക്കടിയിലൂടെയുള്ള തുരങ്കത്തിലേക്കുള്ള പ്രവേശനവാതില്‍.
പടികയറി മുകളിലത്തെ നിലയില്‍ എത്തി. കേരളത്തിലെ നാടന്‍ കലകളെക്കുറിച്ച് വ്യക്തമായ അറിവുനേടിത്തരുന്ന ദൃശ്യവിരുന്നൊരുക്കിയിട്ടുണ്ടവിടെ. ആനച്ചമയവും തുള്ളല്‍ കഥകളി വേഷങ്ങളുമൊക്കെ കൂട്ടത്തില്‍പ്പെടുന്നു.
ആദിമമനുഷ്യന്റെ വസ്ത്രമായ മരവുരിയും, ആദ്യ തൊഴിലായ നായാട്ടിനു ഉപയോഗിച്ചിരുന്ന കല്‍മഴുവും അമ്പും വില്ലും കുന്തവുമൊക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വാളും പരിചയും ചാട്ടവാറും ഇരുതലവാളുമൊക്കെ ഏതൊരു കൊട്ടാരത്തിലുമെന്നതുപോലെ ഇവിടെയുമുണ്ട്. കേട്ടുപരിചയം മാത്രമുണ്ടായിരുന്ന ഊരാക്കുടുക്ക് ഇവിടെ കാണുവാനായി.
കൊട്ടാരത്തിന് വെളിയില്‍ ചെറിയൊരു പൂന്തോപ്പും കുറച്ചകലെയായി ഒരു കുളവും, കുളത്തില്‍ താമരയും, സമീപത്തു പേരയും നെല്ലിമരവും മാവും, മാവില്‍ അണ്ണാറക്കണ്ണനും കുയിലുകളും, ആകെക്കൂടെ മനസ്സിനു കുളിര്‍മ്മ നല്കുന്ന അന്തരീക്ഷം.
തികഞ്ഞ സംതൃപ്തിയോടെ അവിടെനിന്നിറങ്ങി നേരേ അരുവിക്കരയിലേക്ക്. അരുവിക്കരയിലെത്തിയപ്പൊഴേക്കും സന്ധ്യമയങ്ങാറയിരുന്നു. ശാന്തമായി ഒഴുകുന്ന കരമനയാര്‍, അതിനുകുറുകെ ചെറിയൊരു ഡാം, കുറെ മുന്നിലായി ഒരു വശത്ത് ഭഗവതിക്ഷേത്രം, മറുവശത്ത് പാറക്കെട്ടുകള്‍ ഇതൊക്കെയായിരുന്നു അവിടുത്തെ ആകര്‍ഷണീയത.
ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തരെ (ഒരു ബസ്സ് നിറയെ) മാറ്റിനിര്‍ത്തിയാല്‍ വലിയ ആള്‍ത്തിരക്കില്ലെന്നുതന്നെ പറയാം. നഗരത്തിന്റെ തിരക്കില്‍നിന്ന് അല്പനേരം മോചനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതു ഉചിതസ്ഥലം. കുറച്ചാളുകള്‍ പണിതീരാത്ത പാര്‍ക്കിലിരുന്ന് നേരൊപോക്ക് പറയുന്നു. ചിലര്‍ ആറിലെ മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നു. മീനിനു തീറ്റ കൊടുക്കുന്നത് ക്ഷേത്രത്തിലെ ഒരു വഴിപാടാണെന്നു തോന്നുന്നു.
അടുത്തിടെ ലഭിച്ച മഴയുടെ തോത് വച്ച് കണക്കാക്കുമ്പോള്‍ കരമനയാറിന്റെ അവസ്ഥ ദയനീയമാണെന്നു തോന്നി. കുറച്ചുനേരം ആറിന്റെ നടുവില്‍ ഒരു പാറപ്പുറത്തിരുന്നു പരിതപിച്ചതിനിശേഷം ഞങ്ങള്‍ മടങ്ങി. അപ്പോഴേക്കും ചന്ദ്രനുദിച്ചുകഴിഞ്ഞിരുന്നു.