Wednesday, June 24, 2009

ശബരി എക്സ്പ്രെസ്സ്

.

നാല് ദിവസം വീട്ടിലിരുന്നു ഉണ്ടും ഉറങ്ങിയും കഴിഞ്ഞതിനുശേഷം തിരികെ പോകാനായി കോട്ടയത്തെത്തി. അന്നൊരു ഞായറാഴ്ച ആയിരുന്നു. ഉച്ചക്ക് പോത്തിറച്ചിയും പുളിശ്ശേരിയും കൂട്ടി സമൃദ്ധമായി ഉണ്ടതിന്റെ ക്ഷീണമുണ്ട്. ബസ്സ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയതും തീവണ്ടി പതുക്കെ വരുന്നതു കണ്ടു. തീവണ്ടി എന്ന പ്രയോഗം യഥാര്‍ത്ഥത്തില്‍ തെറ്റാണു. കാലഘട്ടത്തിനു അനുയോജ്യമല്ല. സാങ്കേതികവിദ്യയുടെ പ്രയാണം തീവണ്ടിയെ വൈദ്യുതിവണ്ടിയാക്കി മാറ്റിയെങ്കിലും പ്രയോഗത്തില്‍ മാറ്റം വരുത്താന്‍ തല്പര്യമില്ലതതുകൊണ്ട് മാപ്പുചോദിക്കുന്നു. കോട്ടയം പ്രൈവറ്റ് ബസ്സ് സ്റ്റാന്റും റെയില്‍വേ സ്റ്റേഷനും അടുത്തടുത്താണ്. സമയം കൃത്യം 3.15. പതിവിനു വിപരീതമായി ശബരി എക്സ്പ്രസ്സ്‌ കൃത്യ സമയത്തിന് എത്തിയിരിക്കുന്നു. കാക്ക മലര്‍ന്നു പറക്കുന്നുണ്ടോ എന്ന് നോക്കി. അതോ എന്റെ വാച്ച് തെറ്റാണോ? എന്തായാലും മമത മന്ത്രിയായി ചുമതല ഏറ്റതിനുശേഷമുള്ള മാറ്റം കൊള്ളാം. ആലോചിച്ചു നില്ക്കാന്‍ സമയമില്ല. അല്പം വേഗത്തില്‍ നടന്നു. പിന്നെ കുറച്ചു നേരം ഓടി. പതുക്കെ എന്ന് തോന്നിച്ചെങ്കിലും ട്രെയിന്‍ വളരെ വേഗത്തിലാണെന്ന് മനസ്സിലായി. എന്തായാലും ട്രെയിന്‍ എന്നേക്കാള്‍ മുന്‍പേ സ്റ്റേഷനില്‍ എത്തി. ഞാന്‍ വേഗത്തില്‍ ടിക്കറ്റ്‌ കൌണ്ടര്‍ ലക്ഷ്യമാക്കി പ്ലാട്ഫോമിലൂടെ ഓടി. അങ്ങനെ കഷ്ടപ്പെട്ട് ചെന്നപ്പോള്‍ മുന്‍പില്‍ അതാ ഗേറ്റ് അടഞ്ഞു കിടക്കുന്നു. ടിക്കറ്റ്‌ കൌണ്ടറിലേക്ക് പോകാന്‍ എനിക്കറിയാവുന്ന ഏക വഴി അതിലെയാണ്. പക്ഷെ ആ വഴിയാണ് തടിപ്പലകകള്‍കൊണ്ടു അടച്ചു വച്ചിരിക്കുന്നത്. നീചന്മാര്‍. സമീപത്തായി ഒരു ബോര്‍ഡ്‌ കണ്ടു.

"അറ്റകുറ്റ പണികള്‍ക്കായി ഈ പ്രവേശനകവാടം താല്‍ക്കാലികമായി അടയ്ക്കുന്നു. അസൗകര്യം നേരിട്ടതില്‍ ഖേദിക്കുന്നു. "

എങ്ങോട്ട് പോകണമെന്നു ഒരു പിടിയും കിട്ടിയില്ല. എങ്ങനെ ടിക്കറ്റ്‌ എടുക്കും? ട്രെയിന്‍ കിട്ടാതെ വരുമോ? അടുത്തുകണ്ട ഒരു പോലീസുകാരന്റെ അടുത്തേക്ക് ചെന്നു.
"സര്‍, ടിക്കറ്റ്‌ കൌണ്ടറിലേക്ക് എങ്ങനെ പോകും?"

അയാള്‍ വഴി പറഞ്ഞു തന്നു.
"കുറച്ചു ചുറ്റിക്കറങ്ങി വേണം പോകാന്‍. ഈ ട്രെയിനിനു പോകാനാണോ? " അയാള്‍ ചോദിച്ചു.

"അതെ"

അയാളുടെ മുഖത്ത് ഒരു പുച്ഛം വിരിയുന്നത് കണ്ടു. ഞാന്‍ മെല്ലെ അയാള്‍ പറഞ്ഞ ദിശയിലേക്ക് നീങ്ങി. ട്രെയിന്‍ അതിന്റെ ദിശയിലേക്കും നീങ്ങിത്തുടങ്ങി. പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. ട്രെയിനില്‍ കയറാമെന്ന് വിചാരിച്ചു. അപ്പോള്‍ അതാ ആ പോലീസുകാരന്‍ വീണ്ടു മുന്‍പില്‍ നില്ക്കുന്നു. അയാള്‍ എന്താ എന്നെ പിടിച്ചു തിന്നുമോ? ഞാന്‍ ട്രെയിനില്‍ ചാടിക്കേറി. പോലീസു പണ്ടേ പുല്ലാണ്. പഠിക്കുന്ന കാലത്തു കുറെ മുദ്രാവാക്യം വിളിച്ചതിന്റെ ഗുണം.

ചുമലിലെ സഞ്ചിക്ക് നല്ല ഭാരം. എവിടെയെങ്കിലും ഒന്നു ഇറക്കി വയ്കാന്‍ പറ്റുമോ എന്ന് നോക്കി. നല്ല തിരക്കാണ്. ആകെ ഒരു ഇരുട്ടാണ്‌. പുറത്തു കാറും കോളും. അകത്തു തിക്കും തിരക്കും. കറുത്ത മുണ്ടും ഷര്‍ട്ടും ഇട്ടു ദീക്ഷ നീട്ടിവളര്‍ത്തിയ കുറെ ആളുകള്‍. പിന്നെ കുറെ കറുത്ത തുണിസഞ്ചിക്കെട്ടുകളും. ജനാലയില്‍ തൂക്കിയിട്ടിരിക്കുന്ന പൂമാലയുടെ ചീഞ്ഞ നാറ്റവും. അവിടവിടെ കുറെ ചിപ്സിന്റെ കൂടും പെപ്സിയുടെ കുപ്പികളും പഫ്ഫ്സിന്റെ പൊടിയും. ഏതോ ഭാഷ സംസാരിക്കുന്ന ആളുകള്‍. യാത്ര പുറപ്പെടുന്നതിനു ഒരാഴ്ചമുന്‍പേ കുളി നിര്‍ത്തിയെന്ന് തോന്നും കണ്ടാല്‍. ഇടയ്ക്ക് "എമണ്ടി", "ചെപ്പണ്ടി" എന്നൊക്കെ പറയുന്നതു കേട്ടു. തെലുങ്ക് ആണ് ഭാഷ. ഒരു വിധേന അവിടുന്ന് രക്ഷപെട്ടു അടുത്ത കമ്പാര്‍ട്ട്മെന്റില്‍ എത്തി. അവിടെയും അത് തന്നെ കഥ. അവിടുന്നും നടന്നു. അങ്ങനെ നടന്നു നടന്നു ഒടുവില്‍ ശാന്തസുന്ദരമായ ഒരിടത്ത് എത്തി. മലയാളം പറയുന്ന തരുണീമണികളെ കണ്ടു. സന്തോഷമായി. പക്ഷെ ആ ആഹ്ലാദത്തിനു അധികനേരം ആയുസ്സുണ്ടായില്ല. കുറെ ദൂരെ കറുത്ത കോട്ടിട്ട ആള്‍ നില്ക്കുന്നു. സര്‍കാരുവണ്ടിയില്‍ സ്വൈര്യമായി സൗജന്യയാത്ര നടത്തുന്നവരുടെ തലവേദന. സിനിമ കാണാനും കറങ്ങി നടക്കാനും പണമുണ്ടാക്കാനായി ട്രെയിന്‍ ടിക്കറ്റ്‌ എടുക്കാതെ യാത്ര ചെയ്യുന്ന കോളേജ് പയ്യന്മാരുടെ പേടിസ്വപ്നമായ ടി ടി ആര്‍. ടെക്നോപാര്‍ക്കിലെ പെണ്‍കുട്ടികള്‍ എ സി കോച്ചില്‍ സീറ്റ് കിട്ടാന്‍ സ്നേഹപൂര്‍വ്വം സമീപിക്കുന്ന ടി ടി അങ്കിള്‍.

എന്റെ ഉള്ളൊന്നു കിടുങ്ങി. കയ്യില്‍ ടിക്കറ്റ്‌ ഇല്ല. അട്രെനലിന്‍ ഉത്പാദനം കൂടി. തിരിഞ്ഞു ഓടാന്‍ തോന്നി. പക്ഷെ ധൈര്യം കൈവിടാതെ ഞാന്‍ നടന്നു. പുറകോട്ടേക്ക്. വക്കീലന്മാര്‍ക്കും ട്രെയിന്‍ ടിക്കറ്റ്‌ എക്സാമിനര്‍മാര്‍ക്കും മാത്രമെ മഴയത്തും വെയിലത്തും ചൂടത്തും കറുത്ത കോട്ടിട്ടു പണിയെടുക്കേണ്ട ആവശ്യമുള്ളു. ബ്രിട്ടീഷ്‌ ആധിപത്യത്തിന്റെ ബാക്കിപത്രം. ഒന്നാലോചിച്ചപ്പോള്‍ സഹതാപം തോന്നി. കറുത്ത കൊട്ടും ധരിച്ചു എന്നെപ്പോലുള്ളവരുടെ പുറകെ നടക്കേണ്ടിവരുന്ന ദുരവസ്ഥയെക്കുറിച്ച് ആലോചിച്ചു ഉള്ളിലുള്ള ഭയം തണുപ്പിക്കുവാനുള്ള എന്റെ ശ്രമം വിജയിച്ചില്ല. കുറച്ചു സമയം ടോയിലറ്റില്‍ കയറി നിന്നാലോ? എന്തായാലും ടോയിലെട്ടിലെ ദുര്‍ഗന്ധവും ശോച്യാവസ്ഥയും കണക്കിലെടുത്ത് അതിനു മുതിര്‍ന്നില്ല. അവിടെനിന്നും നടന്നു വീണ്ടും പഴയ കമ്പാര്‍ട്ട്മെന്റില്‍ എത്തി. സ്ഥിതി പഴയതില്‍നിന്നും ഒട്ടും മെച്ചമായിരുന്നില്ല. ഒച്ചപ്പാടും ബഹളവും തെലുങ്ക് ഭാഷയും ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഒന്നും ശ്രദ്ധിച്ചില്ല. ടി ടി ഇ വരുന്നുണ്ടോ എന്നത് മാത്രമായിരുന്നു എന്റെ ചിന്ത. ടിക്കറ്റ്‌ എടുക്കാത്തതിന് ഇത്രയധികം പേടിക്കേണ്ട കാര്യമുണ്ടോ? എന്റെ തെറ്റൊന്നുമല്ലല്ലോ. ട്രെയിന്‍ കൃത്യസമയത്തു എത്തിയതുകൊണ്ടല്ലേ!! വരുന്നിടത്തുവച്ച് കാണാം എന്ന് വിചാരിച്ചു ഞാന്‍ അവിടെ കണ്ട ഒരു സീറ്റില്‍ ഇരിപ്പുറപ്പിച്ചു.

നാല് മണിയായി. ചായ വേണോ എന്ന് ചോദിച്ചു ചായക്കാരന്‍ എത്തി. എന്തൊരു കൃത്യനിഷ്ഠ. ഒരു ചായ വാങ്ങിക്കുടിച്ചു അധികം താമസിയാതെ ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ എത്തി. കൂടെ ഉണ്ടായിരുന്ന ശബരിമല തീര്‍ഥാടകര്‍ ഇറങ്ങി. വേറെ കുറെ ആളുകള്‍ കയറി. എന്നിട്ടും ട്രെയിന്‍ മുന്നോട്ടു നീങ്ങുന്നില്ല. ക്രോസ്സിംഗ് ആണ്. മറ്റേതോ ട്രെയിന്‍ വരാനുണ്ട്. ഒട്ടും അമാന്തിച്ചില്ല. ഇറങ്ങി ഓടി. ടിക്കറ്റ്‌ കൌണ്ടറിലേക്ക്. ഒരു സ്ത്രീ ഇരിപ്പുണ്ട്. വല്യ തിരക്കില്ല.

"ഒരു തിരുവനന്തപുരം. പെട്ടന്ന് വേണം. ഈ ട്രെയിനിനു പോകാനുള്ളതാ." ഞാന്‍ പറഞ്ഞു.

"ഇപ്പോഴാണോ വരുന്നേ? കുറച്ചു നേരത്തെ വന്നു ടിക്കറ്റ്‌ എടുത്താലെന്താ? " അവരുടെ ചോദ്യം കേട്ടു എനിക്ക് ചിരി വന്നു. ടിക്കറ്റ്‌ വാങ്ങിച്ചു ഞാന്‍ നേരെ ട്രെയിനില്‍ കയറിയതും പച്ചക്കൊടി വീശി.

ഹാവൂ സമാധാനമായി. മുന്‍പും സമാധാനത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. എന്നാലും.. ഇനി അഭിമാനത്തോടെ ഇരിക്കാമല്ലോ എന്ന ചിന്തയില്‍നിന്നു ഉളവായ ഒരു ആശ്വാസം.
ജനാലയിലൂടെ പുറത്തേക്ക് നോക്കി. മനോഹരം. തലേദിവസം തിമിര്‍ത്തു പെയ്ത മഴയുടെ തണുപ്പ് മണ്ണിന്റെ നിറത്തിന് ഒരു പ്രത്യേക പരിവേഷം നല്കി. ഇളവെയിലില്‍ തിളങ്ങിനില്‍ക്കുന്ന നെല്‍പ്പാടങ്ങളും വാഴത്തോപ്പുകളും. സായന്തനത്തിന്റെ ശീതളിമയില്‍ ചേക്കേറാന്‍ വെമ്പുന്ന പക്ഷിക്കൂട്ടങ്ങളും. മനോഹരമായ കാഴ്ചകള്‍ എന്റെ കണ്ണിമകളെ ഉണര്‍ത്തിക്കൊണ്ടിരുന്നെങ്കിലും ഉറക്കത്തിന്റെ ആലസ്യത്തിലേക്ക്‌ വഴുതിവീണു. പ്രക്ഷുബ്ദമായ മനസ്സിനെ ശാന്തമാക്കുന്ന നിദ്രയെ പുല്‍കാന്‍ എളുപ്പത്തില്‍ സാധിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അങ്ങനെ നോക്കുമ്പോള്‍ ഞാനും ഭാഗ്യവാനാണ്.

എത്രനേരം ഉറങ്ങിയെന്നറിയില്ല. ശക്തമായ ഉറക്കമായിരുന്നു. ആരോ എന്നെ തട്ടിവിളിച്ചപോലെ തോന്നി. കണ്ണ് തുറന്നു നോക്കിയപ്പോള്‍ കറുത്ത വസ്ത്രം ധരിച്ച ആ ആള്‍ മുന്നില്‍ നില്ക്കുന്നു.
"ടി ടി ഇ ആണ്." എന്റെ മനസ്സു പറഞ്ഞു. എന്റെ കയ്യില്‍ ടിക്കറ്റ്‌ ഉണ്ട്. ഞാന്‍ അന്തസ്സായി കാശ് മുടക്കിതന്നെയാണ് യാത്ര ചെയ്യുന്നത് എന്ന അഹംഭാവത്തോടെ ചാടിയെണിറ്റു പോക്കറ്റില്‍നിന്നും ടിക്കറ്റ്‌ എടുത്തു അയാളുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.

"എന്റെ കയ്യില്‍ ടിക്കറ്റ്‌ ഉണ്ട് സര്‍."

അയാള്‍ ഒന്നും മിണ്ടിയില്ല. മുഖത്ത് ഒരുതരം നിസ്സംഗഭാവം നിഴലിച്ചു നില്ക്കുന്നു. അല്പനേരത്തെ ആശ്ചര്യപൂര്‍ണമായ നോട്ടത്തിനുശേഷം അയാള്‍ മൌനം ഭഞ്ജിച്ചു.
"ടിക്കറ്റ്‌ വേണ്ട. കാശ് തന്നാമതി."

ഇതും പറഞ്ഞു എന്റെ കയ്യിലേക്ക് ഒരു മഞ്ഞ നിറത്തിലുള്ള രസീത് നീട്ടി. എന്ത് ചെയ്യണമെന്നു അറിയില്ല. ഞാന്‍ അത് വാങ്ങിച്ചു നോക്കി. ഒന്നും വ്യക്തമല്ല. കണ്ണ് ശെരിക്കു തിരുമ്മി തലയൊന്നു കുടഞ്ഞിട്ടു വീണ്ടും നോക്കി. ഇപ്പൊ എല്ലാം വ്യക്തമായി കാണാം. ഞാന്‍ അതിലെഴുതിയിരിക്കുന്നത് വായിച്ചു.

" എനിക്ക് പത്തു വയസ്സുള്ളപ്പോള്‍ അച്ഛന്‍ തെങ്ങില്‍നിന്ന് വീണു മരിച്ചു. അമ്മ തളര്‍വാതം പിടിപെട്ടു കിടപ്പിലാണ്. എനിക്ക് താഴെ രണ്ടു പേരുണ്ട്. സാമ്പത്തികബുദ്ധിമുട്ട് കാരണം പഠനം നിര്‍ത്തി. മറ്റു തൊഴിലൊന്നും ചെയ്തു ജീവിക്കാന്‍ അറിയില്ല. സന്മനസ്സുള്ളവരുടെ സഹായം കാരണമാണ് ഞാനും എന്റെ കുടുംബവും ജീവിച്ചു പോരുന്നത്. എന്തെങ്കിലും തന്നു ജീവിതക്ലേശത്താല്‍ വലയുന്ന ഈ പാവത്തിനെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. "

ഞാന്‍ മുഖം ഉയര്‍ത്താന്‍ കഴിയാതെ നിന്നു. ചുറ്റും ഇരിക്കുന്നവര്‍ എന്നെ നോക്കുന്നുണ്ട്. ചമ്മല്‍ അതിന്റെ പാരമ്യത്തില്‍ എന്നെ ചൂഴ്ന്നുനില്ക്കുന്നു. ചിരിയടക്കാനാവാതെ കുറെ അപരിചിതര്‍. അവര്‍ക്ക് നടുവില്‍ ഞാനും മുന്നില്‍ നിസ്സഹായനായ ഒരു കൊച്ചു പയ്യനും. അവന്റെ കയ്യില്‍ ഇനിയും കുറെ മഞ്ഞകാര്‍ഡ്‌ ഉണ്ട്. ഇതുപോലെ യാചിച്ചു വരുന്നവര്‍ക്ക് ഇന്നേവരെ ഒരു രൂപ പോലും കൊടുക്കാത്ത ഞാന്‍ അന്നാദ്യമായി അഞ്ചു രൂപ കൊടുത്തു. ആരെയും നോക്കാതെ ഞാന്‍ പിന്നെയും കണ്ണടച്ച് ഉറങ്ങാന്‍ നോക്കി. ഉറക്കം വന്നില്ല. എങ്കിലും കണ്ണ് തുറന്നില്ല. ഉറക്കം നടിച്ചു. പ്രക്ഷുബ്ദമായ മനസ്സിനെ ശാന്തമാക്കുന്ന നിദ്രയെ പുല്‍കാന്‍ എളുപ്പത്തില്‍ സാധിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. പക്ഷെ ആ ഭാഗ്യം ഇത്തവണ എന്നെ തുണച്ചില്ല.



.

11 comments:

  1. Oru kathakarane venda nalla nireekshanam ezhuthil kananunde. Thudarnum ezhuthuka..

    ReplyDelete
  2. ടിക്കറ്റില്‍ കുറച്ചു ലാഭം കിട്ടിയിട്ടുണ്ടല്ലോ, അതങ്ങനെ പോയീന്നു കരു‍തിയാ മതി.

    ReplyDelete
  3. hehe.... ee katha nee paranjilalo...

    ReplyDelete
  4. Good one man. Keep writing like this. Then try for a novel. You can do that.

    ReplyDelete
  5. Second one is also nice..
    Look forward to more incidents from Venad express..

    ReplyDelete
  6. very very good. keep writing. waiting for more expresses !!

    ReplyDelete
  7. “ശീതളിമ” ഒരു വീക്ക്നെസാണല്ലേ?
    കൊള്ളാം. പക്ഷെ, ഇനിയെങ്കിലും ട്രെയിനില്‍ നിന്നിറങ്ങിക്കൂടെ?

    ReplyDelete
  8. :) കൂടുതല്‍ യാത്രാനുഭവങ്ങള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  9. യാത്രാനുഭവം രസിച്ചു..:)

    ReplyDelete